| Wednesday, 26th August 2020, 9:06 pm

'കൊക്കൈന്‍ ആണ് കൂടുതലും, നാര്‍ക്കോട്ടിക്‌സ് ബോളിവുഡില്‍ അന്വേഷണം ആരംഭിച്ചാല്‍ നിരവധിപേര്‍ കുടുങ്ങുന്നത് കാണാം'; ആരോപണവുമായി കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ നാര്‍കോട്ടിക്‌സ് ബ്യൂറോ ഇടപെട്ടതിന് പിന്നാലെ പുതിയ ആരോപണവുമായി ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ പി.ആര്‍ ടീം. എന്‍.സി.ബി ബോളിവുഡില്‍ അന്വേഷണം ആരംഭിച്ചാല്‍ എ-ലിസ്റ്റില്‍പ്പെട്ട നിരവധി പേര്‍ ജയിലിലാവുന്നത് കാണാം എന്നാണ് ടീം കങ്കണ ട്വിറ്ററിലില്‍ കുറിച്ചിരിക്കുന്നത്.

‘നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ബോളിവുഡില്‍ വന്ന് അന്വേഷണമാരംഭിച്ചാല്‍ എ-ലിസ്റ്റില്‍പ്പെട്ട നിരവധി താരങ്ങള്‍ കുടുങ്ങും. ഇവരുടെയൊക്കെ രക്തം പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് വരും. പ്രധാനമന്ത്രി ബോളിവുഡിലെ ഗര്‍ത്തങ്ങള്‍ സ്വച്ഛ് ഭാരത് മിഷനിലൂടെ ശുദ്ധീകരിക്കുമെന്നാണ് കരുതുന്നത്,’ ടീം കങ്കണ ട്വീറ്റ് ചെയ്തു.

താനും മയക്കുമരുന്നിന് വിധേയയായിട്ടുണ്ടെന്നും പ്രശസ്ത സിനിമകളില്‍ വേഷം ലഭിച്ചപ്പോഴാണ് ഇവിടങ്ങളിലെ വലിയ രീതിയില്‍ നടക്കുന്ന ദുഷിച്ച മാഫിയകളെക്കുറിച്ച് അറിയുന്നതെന്നും ട്വീറ്റില്‍ പറയുന്നു.

സിനിമാ മേഖലയിലെ കൂടുതലായും ഉപയോഗിച്ച് വരുന്നത് കൊക്കൈന്‍ ആണെന്നും ടീ്ം കങ്കണ മറ്റൊരു ട്വീറ്റില്‍ പറയുന്നു.

‘സിനിമാ മേഖലയില്‍ കൂടുതലായും കണ്ട് വരുന്നത് കൊക്കൈന്‍ ആണ്. എല്ലാ ഹൗസ് പാര്‍ട്ടികളിലും ഇത് യഥേഷ്ടം ഉപയോഗിച്ച് വരുന്നു. നല്ല വില വരുന്ന മയക്ക് മരുന്നുകളാണ് ഇവയെങ്കിലും നിങ്ങള്‍ ഈ പാര്‍ട്ടിയില്‍ ആദ്യമായി വരികയാണെങ്കില്‍ നിങ്ങള്‍ക്കിത് സൗജന്യമായി തരും. എം.ഡി.എം.എ ക്രിസ്റ്റലുകള്‍ വെള്ളത്തില്‍ കലക്കി നിങ്ങള്‍ക്ക് തരും. നിങ്ങളെ അറിയിക്കുക കൂടിചെയ്യാതെ,’ ടീം കങ്കണ പറഞ്ഞു.

നാര്‍ക്കോട്ടിക്‌സ് ബ്യൂറോയെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും കങ്കണ ഇതിന്റെ തുടര്‍ച്ചയായി വന്ന ട്വീറ്റില്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംരക്ഷണം ലഭിക്കുമെങ്കില്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോയെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്റെ കരിയര്‍ മാത്രമല്ല, ജീവന്‍ കൂടിയാണ് ഇവിടെ അപകടത്തിലാക്കുന്നത്. സുശാന്തിന് ചില വൃത്തികെട്ട രഹസ്യങ്ങള്‍ അറിയാമായിരുന്നു. അത് കൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്,’ടീം കങ്കണ ട്വീറ്റ് ചെയ്തു.

സുശാന്ത് സിംഗ് രജ്പുത്തിന് മരിക്കുന്നതിന് തൊട്ടുമുമ്പ് ലഹരി ചേര്‍ത്ത സിഗരറ്റുകള്‍ റോള്‍ ചെയ്ത് കൊടുത്തിരുന്നുവെന്ന് വീട്ടുജോലിക്കാരന്‍ നീരജ് സിംഗിന്റെ വെളിപ്പെടുത്തിയിരുന്നു. മുംബൈ പൊലീസില്‍ നല്‍കിയ നീരജിന്റെ മൊഴിയിലാണ് ഈ പരാമര്‍ശമുള്ളത്. വല്ലപ്പോഴുമൊക്കെ സുശാന്ത് ഈ സിഗരറ്റുകള്‍ ഉപയോഗിക്കുമായിരുന്നു. അദ്ദേഹത്തിന് അത് താന്‍ റോള്‍ ചെയ്ത് കൊടുക്കുമായിരുന്നുവെന്നും നീരജിന്റെ മൊഴിയില്‍ പറയുന്നു.

അതേസമയം സുശാന്തും റിയ ചക്രബര്‍ത്തിയും ആഴ്ചയില്‍ രണ്ട് ദിവസം സുഹൃത്തുകള്‍ക്കായി പാര്‍ട്ടി നടത്താറുണ്ടായിരുന്നു. ആ സമയത്ത് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഇത്തരം സിഗരറ്റുകള്‍ നല്‍കുന്നത് കണ്ടിട്ടുണ്ടെന്നും നീരജ് വെളിപ്പെടുത്തി.

ഇതേതുടര്‍ന്നാണ് സുശാന്തിന്റെ കേസില്‍ ലഹരി മാഫിയയുടെ പങ്ക് കൂടി അന്വേഷിക്കാന്‍ നാര്‍ക്കോട്ടിക്‌സ് ഇടപെടുന്നത്.

നേരത്തെ മറ്റു താരങ്ങള്‍ക്ക് നേരെ ആരോപണവുമായി കങ്കണ രംഗത്തെത്തിയിരുന്നു. നേരത്തെ ആമിര്‍ ഖാനെതിരെയും ആരോപണവുമായി പി.ആര്‍ ടീം രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Team Kankana says many A-listers will be jailed if NCB probes in Bollywood

We use cookies to give you the best possible experience. Learn more