| Tuesday, 21st June 2022, 6:00 pm

സഞ്ജു ഇന്ത്യന്‍ ജേഴ്‌സിയില്‍ കൂടുതല്‍ മത്സരം കളിച്ചേക്കും; ഇതാകുമോ താരത്തിന്റെ കരിയര്‍ ഡിഫൈനിങ് മൊമെന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

അയര്‍ലാന്‍ഡിനെതിരായ ടി-20 പരമ്പരയ്ക്കിറങ്ങുന്ന അതേ ടീം തന്നെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി-20 പരമ്പരയിലും കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് സീരീസ് കഴിഞ്ഞ് കേവലം രണ്ട് ദിവസം മാത്രമേ ഇടവേള ലഭിക്കൂ എന്നതിനാലാണ് ഇത്തരമൊരു നിലപാടിലേക്കെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം താരങ്ങള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കില്ലെന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം നടത്തുന്നത്.

ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ഏക ടെസ്റ്റ്. ഇതുകഴിഞ്ഞ് കൃത്യം രണ്ട് ദിവസത്തിന് ശേഷം, അതായത് ജൂണ്‍ 7ന് തന്നെ ടി-20 പരമ്പരയും ആരംഭിക്കും.

‘ടെസ്റ്റ് കളിക്കുന്ന താരങ്ങള്‍ക്ക് ഇത്രയും ചെറിയ കാലയളവില്‍ ടി-20യിലേക്ക് മാറുകയെന്ന കാര്യം സാധ്യമല്ല. ഇത്തരമൊരു സാഹചര്യത്തില്‍ അയര്‍ലാന്‍ഡില്‍ പര്യടനം നടത്തുന്ന ടി-20 ടീമിനോട് ഇംഗ്ലണ്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്,’ ബി.സി.സി.ഐയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഇങ്ങനെയെങ്കില്‍ ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യന്‍ ടീമിന് കൂടുതല്‍ മത്സരം കളിക്കാന്‍ സാധിക്കും.

മലയാളി താരം സഞ്ജു സാംസണാവും ഈ തീരുമാനം ഏറ്റവുമധികം ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നത്. വരാനിരിക്കുന്ന ടി-20 ലോകകപ്പിിന് മുമ്പേ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനും തന്റെ മികച്ച പ്രകടനം പുറത്തെടുത്ത് ലോകകപ്പ് സക്വാഡില്‍ ഇടം നേടാനും താരത്തിന് സാധിച്ചേക്കും.

അയര്‍ലാന്‍ഡ് സീരീസില്‍ രണ്ട് മത്സരം മാത്രമാണുള്ളത്. ഇതില്‍ ഇഷാന്‍ കിഷനും ദിനേഷ് കാര്‍ത്തിക്കുമടങ്ങുന്ന താരങ്ങള്‍ ഉള്‍പ്പെട്ട സ്‌ക്വാഡില്‍ എത്രത്തോളം താരത്തിന് കളിക്കാന്‍ സാധിക്കും എന്നതില്‍ ഒരു ഉറപ്പും ഉണ്ടായിരുന്നില്ല.

എന്നാല്‍, ഇംഗ്ലണ്ട് പര്യടനം കൂടിയാകുമ്പോള്‍ മത്സരവും അവസരവും വര്‍ധിച്ചേക്കും. വിക്കറ്റ് കീപ്പര്‍ എന്നതിലുപരി ഫീല്‍ഡര്‍ എന്ന നിലയിലാവും സഞ്ജുവിന്റെ പ്രകടനം വിലയിരുത്തപ്പെടുക.

ജൂണ്‍ 26, 28 തീയതികളില്‍ ഡബ്ലിനിലാണ് ഇന്ത്യ – അയര്‍ലാന്‍ഡ് ടി-20 പരമ്പരയിലെ മത്സരങ്ങള്‍ നടക്കുന്നത്. ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പലതാരങ്ങളും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക്, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.

Content Highlight: Team India squad for Ireland likely to play T20Is against England – Reports

Latest Stories

We use cookies to give you the best possible experience. Learn more