അവഗണിച്ച ഇന്ത്യന്‍ ടീമിന് മുമ്പില്‍ തലയുയര്‍ത്തി സഞ്ജു; വൈറലായി ചിത്രം
icc world cup
അവഗണിച്ച ഇന്ത്യന്‍ ടീമിന് മുമ്പില്‍ തലയുയര്‍ത്തി സഞ്ജു; വൈറലായി ചിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd October 2023, 7:48 am

ലോകകപ്പിന് മുമ്പിലുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. നെതര്‍ലന്‍ഡ്‌സിനെതിരായ സന്നാഹ മത്സരമാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കുന്ന മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദിയാകുന്നത്.

മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ പരിശീലനത്തിലാണ്. പരിശീലനത്തിനിടെയുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കോളേജ് ഗ്രൗണ്ടിലെ ചുമരില്‍ വരച്ച സഞ്ജു സാംസണിന്റെ ചിത്രത്തിന് മുമ്പില്‍ ഇന്ത്യന്‍ ടീം പ്രാക്ടീസ് ചെയ്യുന്ന ചിത്രമാണിത്.

കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും അടക്കമുള്ള താരങ്ങളുടെ പ്രാക്ടീസിന് സഞ്ജു സാംസണ്‍ സാക്ഷിയാകുന്ന തരത്തിലാണ് ചിത്രമുള്ളത്. വളരെ പെട്ടെന്നാണ് ആരാധകര്‍ ഈ ചിത്രമേറ്റെടുത്തത്.

 

സഞ്ജു സാംസണെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും സെലക്ടര്‍മാരും പൂര്‍ണമായും അവഗണിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ ചിത്രം വൈറലാകുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ‘തന്നെ അവഗണിച്ചവര്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി സഞ്ജു’, ‘ഇതുകണ്ട് ഒരേസമയം സങ്കടവും സന്തോഷവും വരുന്നു’ എന്നെല്ലാമാണ് ആരാധകരുടെ പ്രതികരണങ്ങള്‍.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണ് 15 പേരുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. മികച്ച സ്റ്റാറ്റ്‌സുകളെയും ആവറേജിനെയും മാച്ചില്‍ താരം നല്‍കുന്ന ഇംപാക്ടിനെയുമെല്ലാം നോക്കുകുത്തിയാക്കി മറ്റ് താരങ്ങള്‍ക്ക് അപെക്‌സ് ബോര്‍ഡ് സ്‌ക്വാഡില്‍ ഇടം നല്‍കുകയായിരുന്നു.

നേരത്തെ ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോഴും സഞ്ജുവിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. സഞ്ജുവിനെ മറികടന്ന് സ്റ്റാറ്റ്‌സിലും എക്‌സ്പീരിയന്‍സിലും ഏറെ പിന്നില്‍ നില്‍ക്കുന്ന പ്രഭ്‌സിമ്രാന്‍ സിങ്ങിനും ജിതേഷ് ശര്‍മക്കുമാണ് ഇന്ത്യ ടീമില്‍ ഇടം നല്‍കിയത്. ക്യാപ്റ്റനായി ഗെയ്ക്വാദ് എത്തിയപ്പോഴും സ്ഥിതി ഇതുതന്നെയായിരുന്നു.

എന്നാല്‍ ഏഷ്യന്‍ ഗെയിംസും ലോകകപ്പും ഏകദേശം ഒരുസമയത്ത് നടക്കുന്നതിനാല്‍ ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ സഞ്ജുവിന് ഇടം നേടാന്‍ സാധിക്കാതിരുന്നതിനെ പ്രതീക്ഷയോടെയും പ്രത്യാശയോടെയുമാണ് ആരാധകര്‍ നോക്കിക്കണ്ടത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്താവുകയായിരുന്നു.

ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ ട്രാവലിങ് സ്റ്റാന്‍ഡ് ബൈ ആയിട്ടാണ് ഉള്‍പ്പെടുത്തിയതെങ്കിലും കളത്തിലിറങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇതെല്ലാം സഞ്ജു ആരാധകരുടെ മനസില്‍ കിടന്ന് പുകയുമ്പോഴാണ് പ്രാക്ടീസ് സെഷനിലെ ചിത്രവുമെത്തുന്നത്.

 

അതേസമയം, ലോകകപ്പിന് മുമ്പുള്ള തങ്ങളുടെ അവസാന മത്സരത്തില്‍ ആധികാരിക ജയം സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. നേരത്തെ ബര്‍സാപര സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്ത ഇന്ത്യ – ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചിരുന്നു. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിനും മഴ ഭീഷണിയുണ്ട്.

ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഓസ്‌ട്രേലിയ ആണ് എതിരാളികള്‍.

 

Content highlight: Team India’s practice session in front of Sanju Samson’s portrait goes viral