| Thursday, 27th June 2019, 5:35 pm

ഇന്ത്യന്‍ ടീം ഓറഞ്ച് ജേഴ്‌സി ധരിക്കുന്നതിനെ രാഷ്ട്രീയവത്കരിക്കരുത് ; ശശി തരൂര്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്രിക്കറ്റ് ലോകകപ്പില്‍ ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓറഞ്ച് ജേഴ്സി ധരിച്ച് കളിക്കാനിറങ്ങുന്നതിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍. ഇംഗ്ലണ്ടിനെതിരെ നടക്കാനുള്ള മത്സരത്തില്‍ ഓറഞ്ച് ജഴ്‌സി അണിയുന്നതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

അതേസമയം ഓറഞ്ച് ജഴ്‌സിക്കെതിരെ കോണ്‍ഗ്രസ്. എസ്.പി എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര നിയമസഭയിലാണ് ഇന്ത്യന്‍ ടീമിന്റെ ഓറഞ്ച് ജേഴ്സിക്കെതിരെ കോണ്‍ഗ്രസ്, എസ്.പി എംഎല്‍.എമാര്‍ രംഗതെത്തിയത്.

രാജ്യത്തെ ആകെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ടീമിന്റെ ഓറഞ്ച് ജേഴ്സി എന്ന് എസ്.പി എം.എല്‍.എ അബു ആസിം ആസ്മി പറഞ്ഞു. മോദിക്ക് രാജ്യമൊട്ടാകെ കാവിവല്‍ക്കരിക്കണം. ത്രിവര്‍ണ്ണം രൂപകല്പന ചെയ്തത് ഒരു മുസ്ലിം വ്യക്തിയാണ്. ത്രിവര്‍ണ്ണത്തില്‍ വേറെയും നിറങ്ങള്‍ ഉണ്ടല്ലോ. എന്ത് കൊണ്ട് ഓറഞ്ച്?, ത്രിവര്‍ണ്ണത്തില്‍ ജേഴ്സി തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് എസ്.പി എം.എല്‍.എ പറഞ്ഞത്.

മോദി സര്‍ക്കാര്‍ കാവി രാഷ്ട്രീയം കളിക്കുകയാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ നസീം ഖാന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ കാവി രാഷ്ട്രീയമാണ് കളിക്കുന്നത്. ത്രിവര്‍ണ്ണത്തെ എല്ലാവരും ബഹുമാനിക്കുകയും ദേശീയ സൗഹാര്‍ദം കാത്ത് സൂക്ഷിക്കുന്നതുമാണ്. ഈ സര്‍ക്കാര്‍ എല്ലാം കാത്ത് സൂക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഓറഞ്ച് ജേഴ്‌സി ധരിക്കാനുളള തീരുമാനത്തെ മഹാരാഷ്ട്രയില്‍ നിന്ന് തന്നെയുള്ള കേന്ദ്രമന്ത്രി രാംദാസ് അതാവാലെ സ്വാഗതം ചെയ്തു.ഓറഞ്ച് വിജയത്തിന്റെയും ധൈര്യത്തിന്റെയും കളറാണ്. അത് ധരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

മത്സരിക്കുന്ന രണ്ടു ടീമുകളും ഒരേനിറമുള്ള ജേഴ്‌സി ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.ആതിഥേയരാജ്യമായ ഇംഗ്ലണ്ടിനു മാത്രം ബദല്‍ ജേഴ്‌സി വേണ്ട. ഇംഗ്ലണ്ടിന്റെ ജേഴ്‌സിയുടെ നിറവും ഇന്ത്യയുടെ ജേഴ്സിയുടെ നിറവും നീലയായതിനാല്‍ ഇന്ത്യയ്ക്ക് മറ്റൊരു നിറമുള്ള ജേഴ്‌സി കണ്ടെത്തണം. അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ ഓറഞ്ച് ജേഴ്‌സി അണിയുമെന്ന് കരുതുന്നത്.
DoolNews Video

 

We use cookies to give you the best possible experience. Learn more