| Sunday, 9th October 2022, 10:15 pm

പിള്ളേര് കൊള്ളാം, എന്നാ കളി; ക്ലാസായി ശ്രേയസും ഇഷാനും; ലഖ്‌നൗവിലെ തോല്‍വിക്ക് റാഞ്ചിയില്‍ ഇന്ത്യയുടെ മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ലഖ്‌നൗവിലേ തോല്‍വിക്ക് റാഞ്ചിയില്‍ മറുപടി നല്‍കി ടീം ഇന്ത്യ. രണ്ടാം മത്സരത്തില്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. 25 പന്ത് ശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. ആദ്യ മത്സരം ദക്ഷിണാഫ്രിക്ക ഒമ്പത് റണ്‍സിനായിരുന്നു വിജയിച്ചിരുന്നത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യക്കായി ശ്രേയസ് 111 പന്തില്‍ പുറത്താവാതെ 113 റണ്‍സെടുത്തപ്പോള്‍ 84 പന്തില്‍ 93 റണ്‍സെടുത്ത് ഇഷാന്‍ കിഷന്‍ മികച്ച പിന്തുണ നല്‍കി. ശ്രേയസിന്റെയും ഇഷാന്റെയും അതിമനോഹര ഇന്നിങ്‌സിനാണ് റാഞ്ചിയിലെ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായത്. ഇഷാന്‍ കിഷന്‍ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ശിഖര്‍ ധവാന്‍ 20 ബോളില്‍ 13 റണ്‍സെടുത്തും 26 പന്തില്‍ 28 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും ഓപ്പണിങ്ങില്‍ അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത്യക്ക് നല്‍കിയത്.

79 റണ്‍സെടുത്ത മര്‍ക്രാമും 74 റണ്‍സെടുത്ത റീസ ഹെന്റിക്‌സുമാണ് ദക്ഷിണാഫ്രിക്കക്കായി ബാറ്റിങില്‍ തിളങ്ങിയത്. ഡേവിഡ് മില്ലര്‍ 34 പന്തില്‍ 35 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ഹെന്റിച്ച് ക്ലാസന്‍ 30ഉം മലാന്‍ 25ഉം റണ്‍സെടുത്തു.

ഇന്ത്യയുടെ ബോളിങ് നിരയും ഭേദപ്പെട്ട പ്രകടമാണ് കാഴ്ചവെച്ചത്. വാഷിങ്ടണ്‍ സുന്ദര്‍, അരങ്ങേറ്റക്കാരന്‍ ഷഹബാസ് അഹ്മദ്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഇന്ത്യന്‍ ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അവേശ് ഖാന്‍.

സൗത്ത് ആഫ്രിക്ക ടീം

ജാന്നേമന്‍ മലന്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസ്സന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍ണെല്‍, കേശവ് മഹാരാജ് (ക്യാപ്റ്റന്‍), ജോര്‍ണ്‍ ഫോര്‍ടുയിന്‍, കഗീസോ റബാദ, ആന്റിച്ച് നോര്‍ട്‌ജെ.

CONTENT HIGHLIGHTS: Team India responded to the defeat in Lucknow in the ODI series against South Africa in Ranchi

We use cookies to give you the best possible experience. Learn more