തുടര്‍ച്ചയായ രണ്ടാം തവണയും എ.എഫ്.സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യ. യോഗ്യതാ റൗണ്ടില്‍, ഗ്രൂപ്പ് ബിയില്‍ ഫലസ്തീന്‍ ഫിലിപ്പീന്‍സിനെ 4-0ന് പരാജയപ്പെടുത്തിയതോടെയാണ് ഒരു മത്സരം ശേഷിക്കെ തന്നെ ഇന്ത്യ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
ഹോങ്കോങിനെതിരെയാണ് ഇന്ത്യയുടെ യോഗ്യതാ റൗണ്ടിലെ അവസാന മത്സരം. ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ ഹോങ്കോങും രണ്ടാം സ്ഥാനക്കാരായ ഇന്ത്യയുമാണ് ചൊവ്വാഴ്ച രാത്രി 7.30ന് ഏറ്റുമുട്ടുന്നത്.
ഗ്രൂപ്പ് ഡിയില്‍ ഇരു ടീമുകളും രണ്ട് മത്സരം വീതം ജയിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആറ് പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ ഹോങ്കോങാണ് മുന്നില്‍.
13 ടീമുകളാണ് ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയത്. ആകെ 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുക. ആറ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാര്‍ക്കൊപ്പം ഏറ്റവും മികച്ച പോയിന്റുള്ള അഞ്ച് രണ്ടാം സ്ഥാനക്കാര്‍ക്കും ടൂര്‍ണമെന്റിനു യോഗ്യത നേടാം.
ഇതോടെയാണ് ഗ്രൂപ്പ് ഡിയില്‍ രണ്ട് മത്സരങ്ങളും ജയിച്ച് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്.
അഞ്ചാം തവണയാണ് ഇന്ത്യ എഎഫ്.സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്.
ചൊവ്വാഴ്ച യോഗ്യതാ ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹോങ്കോങിനെ നേരിടാനിറങ്ങും മുമ്പ് തന്നെ ഫൈനല്‍ റൗണ്ടിന് യോഗ്യത ഉറപ്പാക്കാന്‍ ഇന്ത്യയ്ക്കായി.
ആദ്യ മത്സരത്തില്‍ കംബോഡിയയെ തോല്‍പ്പിച്ചാണ് സുനില്‍ ഛേത്രിയും സംഘവും തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ മലയാളി താരം സഹല്‍ അബ്ദുസമദിന്റെ ഇഞ്ചുറി ടൈം ഗോളില്‍ രണ്ടിനെതിരെ ഒരു ഗോളിന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു.
Content Highlight: Team India Qualifies for AFC Asia Cup