| Tuesday, 18th October 2022, 4:44 pm

ഏഷ്യാ കപ്പ് കിട്ടിയില്ലേൽ സഹിച്ചോളാം, പാകിസ്ഥാനിലേക്ക് ഇന്ത്യയെ വിടില്ല: ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

2023ൽ പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാൻ ബി.സി.സി.ഐ ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കില്ല എന്നാണ് ഇപ്പോൾ ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.

വാർത്താ ഏജൻസിയായ ക്രിക്ക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇന്ന് ചേർന്ന ബി.സി.സി.ഐ വാർഷിക ജനറൽ മീറ്റിങ്ങിലാണ് പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കേണ്ട എന്ന് തീരുമാനിച്ചതെന്നും പാകിസ്ഥാന് പകരം മറ്റൊരു വേദിയിലേക്ക് ഏഷ്യാ കപ്പ് മാറ്റണമെന്ന് ആവശ്യപ്പടുമെന്നും ജയ് ഷാ അറിയിച്ചതായി ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.

ഇരു രാജ്യങ്ങൾ തമ്മിലുളള രാഷ്ട്രീയ സംഘർഷങ്ങളാൽ ദീർഘ കാലമായി ഇന്ത്യ, പാകിസ്ഥാനിൽ മത്സരങ്ങൾ കളിച്ചിരുന്നില്ല.

സർക്കാരിൽ നിന്ന് അനുമതി ലഭിച്ച ശേഷം മാത്രമായിരിക്കും ബി.സി.സി.ഐ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊളളുക.

2008ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാൻ സന്ദർശിച്ചത്. ഏഷ്യാ കപ്പ് ടൂർണമെന്റിലായിരുന്നു ഇന്ത്യ പങ്കെടുത്തത്.

അതേസമയം 2012-13 സീസണിലാണ് പാകിസ്ഥാൻ അവസാനമായി ഇന്ത്യയിലെത്തിയത്. ഇന്ത്യക്കെതിരെ മൂന്ന് ഏകദിനവും രണ്ട് ടി-20 മത്സരങ്ങളും പാകിസ്ഥാൻ കളിച്ചിരുന്നു.

2023 ഏഷ്യാ കപ്പ് 50 ഓവർ ഫോർമാറ്റിലാണ് സംഘടിപ്പിക്കുക. നിലവിൽ ഐ.സി.സിയുടെ ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കളിക്കുന്നത്.

2022 ഏഷ്യാ കപ്പിൽ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഓരോ മത്സരം വീതം ഇരുവരും വിജയിച്ചു.

ഒക്ടോബർ 23ന് നടക്കുന്ന ടി-20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.

Content Highlights: Team India not to travel to Pakistan for Asia Cup 2023 says BCCI

We use cookies to give you the best possible experience. Learn more