'പാണ്ഡ്യയെ ടീമിലെടുക്കാന്‍ നിര്‍ബന്ധം പിടിച്ചത് ധോണി'; ടീമിന് ഉപയോഗമില്ലാത്ത ഒരാള്‍ക്കായി ഫിറ്റായ പലരേയും മാറ്റിയെന്ന് റിപ്പോര്‍ട്ട്
ICC T-20 WORLD CUP
'പാണ്ഡ്യയെ ടീമിലെടുക്കാന്‍ നിര്‍ബന്ധം പിടിച്ചത് ധോണി'; ടീമിന് ഉപയോഗമില്ലാത്ത ഒരാള്‍ക്കായി ഫിറ്റായ പലരേയും മാറ്റിയെന്ന് റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th October 2021, 6:22 pm

ന്യൂദല്‍ഹി: ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയത് മെന്ററായി ചുമതലയേറ്റ ധോണിയുടെ നിര്‍ബന്ധപ്രകാരമാണെന്ന് റിപ്പോര്‍ട്ടുകള്‍.

ഹര്‍ദിക്കിന്റെ ഫിനിഷിംഗ് സ്‌കില്ലുകള്‍ ടീമിന് ഗുണം ചെയ്യുമെന്ന് കാണിച്ചാണ് ധോണി ഹര്‍ദിക്കിനെ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഐ.പി.എല്ലില്‍ ബൗള്‍ ചെയ്യാത്തതിനാല്‍ ഹര്‍ദിക്കിനെ ടീമിലെടുക്കണ്ട എന്നായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ ഹര്‍ദിക്കിന്റെ ഫിനിഷിംഗ് സ്‌കില്ലുകള്‍ ടീമിന് ആവശ്യമുണ്ടെന്ന് വാദിച്ചാണ് ധോണി ഹര്‍ദക്കിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചത്,’ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ആറ് മാസക്കാലമായി ഹര്‍ദിക്കിന്റെ ആരോഗ്യത്തില്‍ സംശയമുണ്ടെന്നും, ശാരീരികക്ഷമതയില്ലാത്ത, നിലവില്‍ ടീമിന് ഒരു ഉപകാരവുമില്ലാത്ത ഒരാള്‍ക്കായി ഫിറ്റായ, മികച്ച പ്രകടനം കാഴ്ചവെച്ച പലരേയും മാറ്റി നിര്‍ത്തിയെന്നും അദ്ദേഹം പറയുന്നു.

അക്‌സര്‍ പട്ടേലിനെയടക്കമുള്ള താരങ്ങളെ ഒഴിവാക്കിയാണ് ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. മികച്ച ഫോമില്‍ തുടരുന്ന ശാര്‍ദൂല്‍ താക്കൂറിനും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനായില്ല.

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹര്‍ദിക്കിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ തോളെല്ലിന് പരിക്കുണ്ടായിരുന്ന താരത്തിന് മത്സരത്തിനിടെ തോളില്‍ പന്തേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ താരം ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല.

എന്നാല്‍, താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നും, ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ ഹര്‍ദിക് ടീമില്‍ തുടര്‍ന്നേക്കും എന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Team India mentor MS Dhoni insisted selectors to include Hardik Pandya in T20 WC squad