| Thursday, 3rd November 2022, 7:19 pm

ഇന്ത്യക്ക് നാലഞ്ച് മികച്ച ബാറ്റർമാരുണ്ട്, പക്ഷേ ബൗളിങ് എന്തിന് കൊള്ളാം: മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിൽ ബംഗ്ലാദേശുമായി നടന്ന മത്സരത്തിൽ ഇന്ത്യക്കായിരുന്നു ജയം. അഞ്ച് റൺസിനാണ് ഇന്ത്യ ബം​ഗ്ലാദേശിനെ കീഴ്പ്പെടുത്തിയത്. ലോകകപ്പിൽ വീണ്ടുമൊരു ലാസ്റ്റ് ഓവർ ക്ലൈമാക്സിനായിരുന്നു അഡ്ലെയ്ഡ് സാക്ഷ്യം വഹിച്ചത്.

മുൻ നായകൻ വിരാട് കോഹ്ലിയുടെ അപരാജിത ഇന്നിങ്സായിരുന്നു ഇന്ത്യക്ക് തുണയായത്. 44 പന്തിൽ നിന്നും 64 റൺസ് നേടിയ കോഹ്ലിയും അർധ സെഞ്ച്വറി നേടിയ കെ.എൽ. രാഹുലും കട്ടക്ക് കൂടെ നിന്ന സൂര്യകുമാർ യാദവും ചേർന്നപ്പോൾ ഇന്ത്യൻ സ്‌കോർ 184ലെത്തുകയായിരുന്നു.

ബംഗ്ലാദേശുമായി നടന്ന മത്സരത്തിൽ വിലയിരുത്തൽ നടത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. മത്സരത്തിൽ ഇന്ത്യയുടെ ബൗളിങ് നിരയിലുണ്ടായ പാളിച്ചകൾ ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം.

ബംഗ്ലാദേശിനെ പോലൊരു ടീമിനെതിരെ പോലും ഇന്ത്യൻ ബൗളർമാർ വെല്ലുവിളി നേരിടുന്ന സാഹചര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തിൽ ടീം ഇന്ത്യ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് റെയ്ന മുന്നറിയിപ്പ് നൽകുകയും ചെയ്തു.

‘കഴിഞ്ഞ മാച്ചിൽ ബംഗ്ലാദേശ് മികച്ച ഫോമിലായിരുന്നു. മഴ മൂലം കളി തടസപ്പെടുത്തുന്നത് വരെ മത്സരം അവർക്ക് അനുകൂലമാവുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ ടീമിന്റെ ബാറ്റിങ് കൂടുതൽ ശ്രദ്ധിക്കേണ്ടതായുണ്ട്.

ആദ്യ ഏഴ് ഓവറുകളിൽ ഇന്ത്യൻ ബൗളിങ് നിര നല്ല അടി വാങ്ങിക്കൂട്ടകയായിരുന്നല്ലോ. ഇതൊരു പാഠമായി കാണണം. ബൗളർമാർ ഈ കളിയിൽ നിന്ന് തെറ്റുകൾ മനസിലാക്കി പിഴവുകൾ തിരുത്തണം, റെയ്ന പറഞ്ഞു.

ഇന്ത്യ ജയിച്ചെങ്കിലും ബംഗ്ലാദേശ് തങ്ങളേക്കാൾ മികച്ചതാണെന്ന് രോഹിത്തിന് പോലും മത്സരശേഷം സമ്മതിക്കേണ്ടി വന്ന സാഹചര്യമാണുണ്ടായതെന്നും റെയ്ന ചൂണ്ടിക്കാട്ടി. സെമി-ഫൈനൽ, ഫൈനൽ സ്റ്റേജുകളിൽ ഇന്ത്യ പ്രകടനം ഏറെ മെച്ചപ്പെടുത്തേണ്ടി വരുമെന്നും റെയ്ന ഓർമപ്പെടുത്തി.

”ഇന്ത്യക്ക് മികച്ച ബാറ്റിങ് നിരയുണ്ട്. അഞ്ച് പേരുടെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. വിരാട് കോഹ് ലി ഗംഭീര ഫോമിലാണ്. സൂര്യകുമാർ യാദവും ഹർദിക് പാണ്ഡ്യയും കട്ടക്ക് നിൽക്കുന്നുണ്ട്.

രോഹിത് ശർമക്കും റൺസ് നേടാനാകുന്നുണ്ട്. കെ.എൽ രാഹുലിന്റെ കാര്യം അവഗണിക്കാനാവില്ല. കഴിഞ്ഞ മത്സരത്തിൽ രാഹുൽ ഫോമിലേക്ക് തിരിച്ചെത്തിയത് മികച്ച സൈൻ ആയിട്ടാണ് കാണുന്നത്.

അടുത്ത മത്സരത്തിൽ ഇന്ത്യൻ ടീമിൽ ചഹൽ വേണമെന്നാണ് തോന്നിയത്. പിന്നെ അശ്വിന്റെ ആ സിക്‌സ്, അത് ഇന്ത്യക്ക് ഒഴിച്ചു കൂടാനാവത്തതാണ്,’ റെയ്‌ന കൂട്ടിച്ചേർത്തു.

അടുത്ത മത്സരത്തിൽ സിംബാബ്‌വേയുമായി ഏറ്റുമുട്ടാൻ ഒരുങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. നവംബർ ആറിന് മെൽബണിൽ വെച്ചാണ് മത്സരം നടക്കുക.

Content Highlights: Team India has five best batters, but the bowling line is too poor, says former cricketer Suresh Raina

We use cookies to give you the best possible experience. Learn more