| Wednesday, 8th November 2023, 4:46 pm

രാജാക്കന്‍മാരാണെടാ, ഏകദിനത്തിലെ രാജാക്കന്‍മാര്‍... ഇതിലും കൂടുതല്‍ തെളിവ് വേണോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീമിന്റെ സര്‍വാധിപത്യമാണ് കാണാന്‍ സാധിക്കുന്നത്. ഏകദിന റാങ്കിങ് ചാര്‍ട്ടുകള്‍ ഇന്ത്യ അടക്കി ഭരിക്കുന്ന കാഴ്ചയാണ് ആരാധകര്‍ കാണുന്നത്. നമ്പര്‍ വണ്‍ ഏകദിന ടീം, നമ്പര്‍ വണ്‍ ഏകദിന ബാറ്റര്‍, നമ്പര്‍ വണ്‍ ഏകദിന ബൗളര്‍ എന്നീ സ്ഥാനങ്ങളിലെല്ലാം മെന്‍ ഇന്‍ ബ്ലൂവാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

യുവതാരം ശുഭ്മന്‍ ഗില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയതാണ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്നത്. പാക് നായകന്‍ ബാബര്‍ അസമിനെ പിന്തള്ളിയാണ് ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഐ.സി.സി റാങ്കിങ്ങില്‍ ഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

830 എന്ന റേറ്റിങ്ങോടെയാണ് ഗില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള പാക് നായകന്‍ ബാബര്‍ അസമിനേക്കാള്‍ ആറ് റേറ്റിങ് പോയിന്റാണ് ഗില്ലിന് അധികമായുള്ളത്.

ഗില്ലിന് പുറമെ ആദ്യ പത്ത് റാങ്കില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ നായകന്‍ വിരാട് കോഹ്‌ലി 770 റേറ്റിങ്ങോടെ നാലാം സ്ഥാനത്തും 739 പോയിന്റോടെ നായകന്‍ രോഹിത് ശര്‍മ ആറാം സ്ഥാനത്തുമാണ്.

ശ്രേയസ് അയ്യര്‍ (18), കെ.എല്‍. രാഹുല്‍ (24), ഇഷാന്‍ കിഷന്‍ (45) എന്നിവരാണ് ആദ്യ 50ലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

(ഐ.സി.സി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ്ങിലും ഇന്ത്യന്‍ താരങ്ങളുടെ ഡോമിനേഷനാണ് കാണാന്‍ സാധിക്കുന്നത്.

709 റേറ്റിങ് പോയിന്റുമായി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്താണ്. 661 റേറ്റിങ്ങുമായി കുല്‍ദീപ് യാദവ് നാലാം സ്ഥാനത്തും, 654 റേറ്റിങ്ങുമായി ജസ്പ്രീത് ബുംറ എട്ടാമതും 635 റേറ്റിങ്ങുമായി മുഹമ്മദ് ഷമി പട്ടികയില്‍ പത്താം സ്ഥാനത്തുമാണ്.

(ഐ.സി.സി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ഏകദിനത്തിലെ ടീം റാങ്കിങ്ങിലും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. 61 മത്സരത്തില്‍ നിന്നും 6,290 എന്ന തകര്‍പ്പന്‍ റേറ്റിങ്ങും 121 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

(ഐ.സി.സി ഏകദിന ടീം റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ഇതിന് പുറമെ മികച്ച ടി-20 ടീം, മികച്ച ടി-20 ബാറ്റര്‍ (സൂര്യകുമാര്‍ യാദവ്), മികച്ച ടെസ്റ്റ് ടീം, മികച്ച ടെസ്റ്റ് ബൗളര്‍ (ആര്‍. അശ്വിന്‍), മികച്ച ടെസ്റ്റ് ഓള്‍ റൗണ്ടര്‍ (രവീന്ദ്ര ജഡേജ) എന്നീ സ്ഥാനങ്ങളിലും ഇന്ത്യ തന്നെയാണ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

ഐ.സി.സി ലോകകപ്പിന്റെ സെമി ഫൈനലിന് തൊട്ടുമുമ്പ് ഐ.സി.സി റാങ്കിങ്ങിലെ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പ് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കിരീടമില്ലാതെ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ടീമിന് 2023 ലോകകപ്പ് കിരീടത്തിലേക്കുള്ള കുതിപ്പിനും ഈ റാങ്കിങ് ആത്മവിശ്വാസമേറ്റുന്നുണ്ട്.

Content Highlight: Team India dominates in ICC ODI rankings

We use cookies to give you the best possible experience. Learn more