കട്ടക്ക്: വിജയകരമായ ടെസ്റ്റ്-ഏകദിന പരമ്പരകള്‍ക്ക് ശേഷം ഇന്ത്യയിന്ന് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കിറങ്ങുകയാണ്. പരമ്പര വിജയത്തോടൊപ്പം നിരവധി റെക്കോര്‍ഡുകളും ഇന്ത്യയിന്ന് സ്വപ്‌നം കാണുന്നുണ്ട്.
നായകന്‍ വിരാട് കോഹ് ലി വിവാഹത്തിന്റെ അവധിയിലായതിനാല്‍ ഏകദിന മത്സരങ്ങള്‍ നയിച്ച രോഹിത് ശര്‍മ്മ തന്നെയായിരിക്കും കുട്ടി കിക്ക്രറ്റിലും ഇന്ത്യയെ നയിക്കുക. രോഹിതിന്റെ കീഴില്‍ ഏകദിന പരമ്പര 2-1ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി ലങ്കയെ വൈറ്റ് വാഷ് ചെയ്ത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
അതേസമയം, വ്യക്തിപരമായ നേട്ടങ്ങളും ട്വന്റി-20 പരമ്പരയ്ക്കിറങ്ങുന്ന താരങ്ങള്‍ക്കുണ്ട്.
ജസ്പ്രീത് ബുംറ
ഇന്ത്യയുടെ സമീപ കാല പേസ് ബൗളിംഗ് മുഖമായ ബുംറയ്ക്ക് 96 അന്താരാഷ്ട്ര വിക്കറ്റുകളാണ് ഇതുവരെ അക്കൗണ്ടില്‍ ചേര്‍ക്കാന്‍ സാധിച്ചിട്ടുള്ളത്. പരമ്പരയില്‍ നാല് വിക്കറ്റ് കൂടി നേടാന്‍ സാധിച്ചാല്‍ അത് നൂറാകും. ഏകദിനത്തില്‍ 56 ഉം ട്വന്റി-20യില്‍ 40 വിക്കറ്റുമാണ് ബുംറയുടെ സമ്പാദ്യം.
രോഹിത് ശര്‍മ്മ
ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ 250 സിക്‌സുകള്‍ തികയ്ക്കാന്‍ ഇനി വേണ്ടത് വെറും മൂന്ന് സിക്‌സുകള്‍ മാത്രമാണ്. രോഹിത് ഈ നേട്ടം കൈവരിച്ചാല്‍ 250 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകും രോഹിത്. സാക്ഷാല്‍ സച്ചിനും മുന്‍ നായകന്‍ എം.എസ് ധോണിയുമാണ് രോഹിതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.
എം.എസ് ധോണി
ട്വന്റി-20 യില്‍ 194 പുറത്താക്കലുകളാണ് ധോണിയുടെ പേരിലുള്ളത്. ആറെണ്ണം കൂടി നേടാന്‍ സാധിച്ചാല്‍ അത് 200 ആകും. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറായിരിക്കും ധോണി. മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയ താരം പാകിസ്ഥാന്റെ കമ്രാന്‍ അക്മല്‍ ആണ്.
ഒരു ബാറ്റിംഗ് റെക്കോര്‍ഡും ധോണിയെ കാത്തിരിക്കുന്നുണ്ട്. 15881 റണ്‍സുകളാണ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ കൈമുതല്‍. വെറും 119 റണ്‍സകലെ ധോണിയെ കാത്തിരിക്കുന്നത് 16000 എന്ന മാന്ത്രിക സംഖ്യയാണ്.
കെ.എല്‍ രാഹുല്‍
അന്താരാഷ്ട്ര മത്സരങ്ങളില്‍ 1980 റണ്‍സുകള്‍ നേടിയിട്ടുള്ള രാഹുലിന് 20 റണ്‍സ് കൂടെ ചേര്‍ത്താല്‍ ഇത് 2000 ആകും. ധവാന്റെ അഭാവത്തില്‍ രോഹിതിനൊപ്പം ഇന്നിംഗ്‌സ് ആരംഭിക്കുക രാഹുലായിരിക്കുമെന്നുറപ്പാണ്.