ഐ.പി.എല്‍ 2023ലെ 20ാം മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഹോം സ്‌റ്റേഡിയമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ഹോം ടീമായ ആര്‍.സി.ബി ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്.
മത്സരത്തില്‍ ടോസ് നേടിയ ക്യാപ്പിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നു നായകനും മുന്‍ നായകനും ചേര്‍ന്ന് ടീമിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 42 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. അഞ്ചാം ഓവറിലെ നാലാം പന്തില്‍ ക്യാപ്റ്റന്‍ ഫാഫിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്.
ഫാഫ് പുറത്തായെങ്കിലും മികച്ച ഇന്നിങ്‌സുമായി വിരാട് സ്‌കോര്‍ പടുത്തുയര്‍ത്തി. എന്നാല്‍ വിരാടിന് വേണ്ടത്ര പിന്തുണ മറ്റ് താരങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കാതെ പോയതോടെ വമ്പന്‍ ടോട്ടലില്‍ നേടേണ്ടിടത്ത് നിന്നും മോശമല്ലാത്ത ഒരു ടോട്ടല്‍ എന്ന നിലയിലേക്ക് ആര്‍.സി.ബി ചുരുങ്ങുകയായിരുന്നു.
അര്‍ധ സെഞ്ച്വറി നേടിയ ശേഷം ടീം സ്‌കോര്‍ 89ല്‍ നില്‍ക്കവെയാണ് വിരാട് പുറത്താകുന്നത്. 89ന് രണ്ട് എന്ന നിലയില്‍ നിന്നും 132ന് ആറ് എന്ന നിലയിലേക്ക് ബെംഗളൂരു വീണിരുന്നു.
ഇതിനിടെ രസകരമായ ഒരു സംഭവവും നടന്നിരുന്നു. രണ്ട് ബൗളര്‍മാര്‍ ചേര്‍ന്ന് ടീമിന് ഹാട്രിക് സമ്മാനിച്ചതായിരുന്നു ചിന്നസ്വാമിയിലെ കാഴ്ച. തുടര്‍ച്ചയായ മൂന്ന് പന്തില്‍ മൂന്ന് റോയല്‍ ചലഞ്ചേഴ്‌സ് വിക്കറ്റുകളായിരുന്നു വീണത്.
14ാം ഓവറിലെ അവസാന പന്തിലായിരുന്നു ടീം ഹാട്രിക്കിലെ ആദ്യ വിക്കറ്റ് വീണത്. അഞ്ചാമനായി കളത്തിലിറങ്ങിയ ഹര്‍ഷല്‍ പട്ടേലാണ് ആദ്യം പുറത്തായത്. നാല് പന്തില്‍ നിന്നും ആറ് റണ്‍സ് നേടി നില്‍ക്കവെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അഭിഷേക് പോറലിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
മാക്‌സിക്കായിരുന്നു പവലിയനിലേക്ക് തിരിച്ചുനടക്കാനുള്ള അടുത്ത നറുക്ക് വീണത്. ഹര്‍ഷല്‍ പുറത്തായി കണ്ണടച്ചും തുറക്കും മുമ്പേ മാക്‌സ്‌വെല്ലിനെ കുല്‍ദീപ് യാദവ് മടക്കി. ചൈനാമാന്റെ ‘കുത്തി തിരിപ്പില്‍’ ക്യാപ്റ്റന്‍ വാര്‍ണറിന്റെ കയ്യില്‍ ഒടുങ്ങാനായിരുന്നു മാക്‌സിയുടെ വിധി.
തൊട്ടുപിന്നാലെ ഗോള്‍ഡന്‍ ഡക്കായി ദിനേഷ് കാര്‍ത്തിക്കും പുറത്തായി. കുല്‍ദീപിന്റെ പന്തില്‍ ലളിത് യാദവിന് ക്യാച്ച് നല്‍കിയായിരുന്നു ഡി.കെ മടങ്ങിയത്.
13.6, 14.1, 14.2 പന്തുകളിലായിരുന്നു വിക്കറ്റ് വീണത്.
അതേസമയം, ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ നിശ്ചിത ഓവറില്‍ 170 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ആര്‍.സി.ബി.
ക്യാപ്പിറ്റല്‍സിനായി കുല്‍ദീപ് യാദവും മിച്ചല്‍ മാര്‍ഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേലും ലളിത് യാദവും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: Team hat trick for Delhi Capitals against RCB