| Saturday, 18th July 2020, 2:55 pm

ഇവിടെ രാഷ്ട്രീയ നീക്കങ്ങള്‍, അവിടെ പാചക പരീക്ഷണം; കോണ്‍ഗ്രസ് ഹോട്ടല്‍ 'അകല'മില്ലാതെ സജീവം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഗെലോട്ട്-പൈലറ്റ് പോര് തുടരുന്നതിനിടെ, റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സമയം ചെലവഴിക്കുന്നതെങ്ങനെയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. യോഗയും സിനിമ പ്രദര്‍ശനങ്ങളുമൊക്കെയായി അവര്‍ തിരക്കിലാണെന്നാണ് എന്‍.ഡി ടി.വി രസകരമായ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജയ്പൂരിലെ ലക്ഷ്വറി ഹോട്ടലിലേക്കാണ് എം.എല്‍.എമാരെ മാറ്റിയിരിക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ചയാണ് ഇവരെ ഹോട്ടലിലാക്കിയത്.

ഹോട്ടലിന്റെ പുറത്ത് എം.എല്‍.എമാര്‍ യോഗ ചെയ്യുന്നതിന്റെയും മറ്റും വീഡിയോ ആണ് പുറത്തിറങ്ങിയത്. എന്നാല്‍, ഇവരിലാരും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നതും വീഡിയോയില്‍ വ്യക്തമാണ്. മാസ്‌കുകള്‍ ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് എം.എല്‍.എമാര്‍ ഹോട്ടലില്‍ കഴിയുന്നത്.

ഇവരില്‍ ചിലര്‍ പുതിയ പാചക പരീക്ഷണങ്ങളിലാണ്. പിസയും, പാസ്തയും ബട്ടര്‍ പനീറും ഉണ്ടാക്കുകയാണ് തങ്ങളെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നുമുണ്ട്.

1960-കളിലെ ഹിറ്റ് സിനിമയായിരുന്ന മുഗള്‍ ഇ അസാം എന്ന ചിത്രം വെള്ളിയാഴ്ച എം.എല്‍.എമാര്‍ക്കായി ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചു.

സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റാന്‍ നേതൃത്വം നല്‍കിയത്.

അതേസമയം, പൈലറ്റിനൊപ്പമുള്ള 18 എം.എല്‍.എമാരെ ദല്‍ഹിയിലെ ഹോട്ടലിലും പാര്‍പ്പിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more