| Monday, 16th October 2023, 11:07 am

എമ്പുരാന്റെ കപ്പിത്താന് പിറന്നാൾ ആശംസയുമായി മോഹൻലാൽ; ആശംസാ വീഡിയോയുമായി ടീം എമ്പുരാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ അറിയിച്ച് എമ്പുരാനിന്റെ അണിയറപ്രവർത്തകർ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാലാണ്. മോഹൻലാൽ ,ആന്റണി പെരുമ്പാവൂർ, ദീപക് ദേവ് തുടങ്ങി ചിത്രത്തിലെ അണിയറപ്രവത്തകർ എല്ലാവരും പൃഥ്വിരാജിന് ആശംസകൾ അറിയിക്കുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ദീപക് ദേവിന്റെ ആശംസയറിയിക്കുന്ന പാട്ടോടുകൂടിയാണ് വിഡിയോ തുടങ്ങുന്നത്. ചിത്രത്തിലെ മറ്റു അണിയപ്രവർത്തകരെല്ലാവരുടെയും ആശംസകളും വിഡിയോയിൽ ഉൾപെട്ടിട്ടുണ്ട്. ‘എമ്പുരാന് പിറന്നാൾ ആശംസകൾ’ എന്നാണ് മോഹൻലാൽ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. ‘എമ്പുരാന്റെ സംവിധായകൻ, ഞങ്ങളുടെ ക്യാപ്റ്റന് പിറന്നാൾ ആശംസകൾ’ എന്നാണ് ഡയറക്‌ഷൻ ടീം വിഡിയിലൂടെ പറഞ്ഞിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങിലാണ് പൃഥ്വിരാജ് ഇപ്പോഴുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ് ദൽഹിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

                                                 
മലയാള ചിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് എമ്പുരാൻ എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്. കഴിഞ്ഞ ദിവസം എമ്പുരാന്റെ ഡയറക്‌ഷൻ ടീമിന്റെ ഫോട്ടോ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരുന്നു.

വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണത്തില്‍ തെന്നിന്ത്യന്‍ പ്രൊഡക്ഷന്‍ കമ്പനി ലൈക്കയും പങ്കാളികളാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേനുകളില്‍ സിനിമക്ക് ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. മലയാള സിനിമയില്‍ പുതിയ തരംഗം തീര്‍ത്ത ചിത്രമായിരുന്നു ലൂസിഫര്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എമ്പുരാന്‍.

മുമ്പ് ഷൂട്ടിങ്ങിനിടെ ഉണ്ടായ പരിക്ക് മൂലം മൂന്ന് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞാണ് സംവിധായകന്‍ പൃഥ്വിരാജ് എമ്പുരാന്റെ ഷൂട്ടിങ്ങിനായി എത്തിയത്. ജോലിക്ക് പോകുന്നതിന് മുന്‍പുള്ള താരത്തിന്റെ ഒരു ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു.

മുരളി ഗോപിയുടേതാണ് എമ്പുരാന്റെ തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രം 2024 അവസാനത്തോടെയോ 2025 ആദ്യത്തോടെയോ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

Content Highlight: Team empuran birthday wish video out

We use cookies to give you the best possible experience. Learn more