|

അപ്പോ അതങ്ങ് തീരുമാനമായി, ഭ്രമയുഗത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്നു, ഒപ്പം മലയാളത്തിന്റെ താരപുത്രനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞവര്‍ഷം ഏറെ ചര്‍ച്ചചെയ്യപ്പെട്ട മലയാളചിത്രങ്ങളിലൊന്നായിരുന്നു ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലായിരുന്നു ഒരുങ്ങിയത്. വെറും അഞ്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രം ഇന്റര്‍നാഷണല്‍ ലെവലില്‍ ശ്രദ്ധേയമായി. ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനവും എല്ലാവരെയും അമ്പരപ്പിച്ചു.

ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ തന്റെ അടുത്ത പ്രൊജക്ട് അനൗണ്‍സ് ചെയ്തിരിക്കുകയാണ്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. ഭ്രമയുഗത്തിന്റെ അതേ ടീം തന്നെയാണ് ഈ ചിത്രത്തിലുമുള്ളത്. ഭ്രമയുഗത്തിന്റെ സംഗീതം ചെയ്ത ക്രിസ്‌റ്റോ സേവിയര്‍ ഒഴികെ ബാക്കി എല്ലാവരും പുതിയ ചിത്രത്തിലും അണിനിരക്കുന്നുണ്ട്.

ഹൊറര്‍ ഴോണറില്‍ തന്നെയാകും ഈ ചിത്രവും ഒരുങ്ങുകയെന്ന് രാഹുല്‍ സദാശിവന്‍ അടുത്തിടെ സൂചിപ്പിച്ചിരുന്നു. ഭൂതകാലം പോലെ ഇതുവരെ പരീക്ഷിക്കാത്ത തരത്തിലുള്ള ഹൊറര്‍ ത്രില്ലറാകും ഇതെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ ഓരോ പ്രൊജക്ടും ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുന്ന പ്രണവിന്റെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്ന് പലരും അഭിപ്രായപ്പെടുന്നത്. മലബാറിന്റെ പശ്ചാത്തലത്തിലാകും ചിത്രത്തിന്റെ കഥയെന്നാണ് റൂമറുകള്‍.

പ്രണവിന്റെ മുന്‍ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ വലിയ വിജയം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം വിദേശയാത്രയിലായിരുന്ന പ്രണവിനെപ്പറ്റി ഒരുപാട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാഹുല്‍- പ്രണവ് പ്രൊജക്ടിന്റെ ഷൂട്ട് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. മികച്ച കഥയാണ് ചിത്രത്തിന്റേതെന്ന് മോഹന്‍ലാല്‍ കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. ഭ്രമയുഗത്തിലെ മന സെറ്റിട്ട് വിസ്മയിപ്പിച്ച ജ്യോതിഷ് ശങ്കറാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ഷഫീക് മുഹമ്മദ് അലി എഡിറ്റിങ് നിര്‍വഹിക്കുമ്പോള്‍ ഭ്രമയുഗത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമുകള്‍ ഒരുക്കിയ ഷഹ്നാദ് ജലാല്‍ ഈ ചിത്രത്തിലും ക്യാമറ ചലിപ്പിക്കുന്നുണ്ട്.

ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. അധികം വൈകാതെ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഓണം റിലീസായാകും ചിത്രം തിയേറ്ററുകളിലെത്തുകയെന്നാണ് കരുതുന്നത്.

Content Highlight: Team Bramayugam joining hands with Pranav Mohanlal and the project starts today

Latest Stories