കേരളത്തില്‍ മത്സരത്തിനെത്താന്‍ താത്പര്യമുണ്ടെന്ന് അര്‍ജന്റൈന്‍ മാനേജ്‌മെന്റ് കായിക മന്ത്രി വി. അബ്ദുറഹിമാനെ അറിയിച്ചതായി റിപ്പോര്‍ട്ട്. അര്‍ജന്റീനയുടെ കത്ത് ഒരാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നും തുടര്‍ന്ന് മറ്റ് നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നും വി. അബ്ദുറഹിമാന്‍ പറഞ്ഞു. മനോരമ ന്യൂസിനോടാണ് മന്ത്രി വിഷയത്തില്‍ പ്രതികരണം അറിയിച്ചത്.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി കൂടിയാലോചിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അര്‍ജന്റീനയുടെ മത്സരം സംഘടിപ്പിക്കുന്നതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് പ്രയാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. കേരളത്തില്‍ അര്‍ജന്റീനയുടെ ഒരു കളിയെന്നത് നമ്മുടെ സ്വപ്‌നമാണ്. മുഖ്യമന്ത്രി അര്‍ജന്റീനയില്‍ നേരിട്ടുപോയി. കേരളത്തിലെ ആരാധകര്‍ നല്‍കിയ പിന്തുണക്ക് അര്‍ജന്റീന നന്ദി അറിയിച്ചതിനാലാണ് മുഖ്യമന്ത്രി അവിടെയെത്തി ആശംസകള്‍ അറിയിച്ചത്. അര്‍ജന്റീന കേരളത്തിലേക്ക് വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
കേരളത്തില്‍ ഫുട്‌ബോള്‍ നടത്തുകയാണെങ്കില്‍ സഹായിക്കാമെന്നൊക്കെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പറയുന്നുണ്ട്. അതില്‍ കേരളത്തിന് ഒരു മടിയുമില്ല. അര്‍ജന്റീന ടീമിന്റെ മാനേജര്‍മാര്‍ കേരളത്തിലേക്ക് വരാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും അതിനോട് അനുകൂല നിലപാടാണ്. അര്‍ജന്റീന താത്പര്യ പത്രം തന്നാല്‍ ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. മത്സരം നടത്താവുന്ന സ്റ്റേഡിയങ്ങള്‍ കേരളത്തിലുണ്ട്,’ മന്ത്രി അബ്ദുറഹിമാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, അര്‍ജന്റീന സൗഹൃദ മത്സരത്തിന് ഇന്ത്യയെ ക്ഷണിച്ചിരുന്നെന്നും എന്നാല്‍ എ.ഐ.എഫ്.എഫ് പിന്മാറുകയായിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉയര്‍ന്ന ചെലവ് കാരണമാണ് ലോക ചാമ്പ്യന്മാരെ ആതിഥേയത്വം വഹിക്കാനുള്ള ക്ഷണം ഇന്ത്യ നിരസിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 12നും 20നും ഇടയില്‍ അര്‍ജന്റീനക്ക് രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുള്ള സ്ലോട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പില്‍ ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേന്ത്യന്‍ ടീമുകളുമായി സൗഹൃദ മത്സരം കളിക്കാനായിരുന്നു അര്‍ജന്റീനക്ക് താത്പര്യം.
ഇതിനായി ഇന്ത്യയെയും ബംഗ്ലാദേശിനെയുമാണ് അര്‍ജന്റീന തെരഞ്ഞെടുത്തത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഷാജ് പ്രഭാകരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയും ബംഗ്ലാദേശും പിന്മാറിയതോടെയാണ് അര്‍ജന്റീന ബെയ്ജിങ്ങില്‍ ഓസ്ട്രേലിയക്കെതിരെയും ജൂണ്‍ 19ന് ജക്കാര്‍ത്തയില്‍ ഇന്തോനോഷ്യക്കെതിരെയും സൗഹൃദ മത്സരം കളിച്ചത്.