| Thursday, 9th August 2012, 12:00 am

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനം: കെജ്‌രിവാളിനെതിരെ വഞ്ചനാകേസുമായി ഹസാരെ അനുകൂലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീററ്റ്: രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള ഹസാരെ സംഘത്തിന്റെ തീരുമാനത്തിനെതിരെ അണ്ണ ഹസാരെയുടെ ആരാധകന്‍ കോടതിയില്‍. സംഘത്തിന്റെ തെറ്റായ തീരുമാനത്തിന് പിന്നില്‍ അരവിന്ദ് കെജ്‌രിവാളാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ വഞ്ചനക്കേസ് നല്‍കിയിരിക്കുകയാണ് ഹസാരെ അനുകൂലി.[]

മീററ്റ് കോളേജിലെ അധ്യാപകനായ ഹരീശ്വറാണ് പരാതി നല്‍കിയത്. മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് ഹസാരെ ടീം മാറി നില്‍ക്കുമെന്ന് ഹസാരെ അനുകൂലികളെ കെജ്‌രിവാള്‍ തെറ്റിദ്ധരിപ്പിച്ചെന്നാണ് ഹരിശ്വറിന്റെ ആരോപണം.

ഹസാരെയുടെ പ്രസ്ഥാനം രാഷ്ട്രീയവിമുക്തമായിരിക്കും എന്ന് വിശ്വസിച്ചാണ് താന്‍ അതില്‍ പങ്കാളിയായത്. എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള ഹസാരെ സംഘത്തിന്റെ തീരുമാനം തന്നെ ഏറെ വേദനിപ്പിച്ചു. ഇത് വഞ്ചനയാണെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസ് ആഗസ്റ്റ് 14ന് കോടതി പരിഗണിക്കും. അതിനിടെ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ എണ്ണത്തില്‍ കുറവാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ ദല്‍ഹിയില്‍ പറഞ്ഞു.

ജന്തര്‍മന്തിറില്‍ നടത്തിയ അനിശ്ചിതകാല നിരഹാര സമരം അവസാനിപ്പിച്ച് ആഗസ്റ്റ് 3 ന് നടത്തിയ പ്രഖ്യാപനത്തിലാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനം ഹസാരെ സംഘം വ്യക്തമാക്കിയത്.

We use cookies to give you the best possible experience. Learn more