കൊവിഡ് 19: ആടു ജീവിതം ചിത്രീകരണത്തിനിടെ ജോര്‍ദാനില്‍ കുടുങ്ങി പൃഥ്വിയും ബ്ലെസ്സിയുമടക്കം 58 അംഗ സംഘം; ഫിലിം ചേംബറിന് കത്തയച്ചു
Malayalam Cinema
കൊവിഡ് 19: ആടു ജീവിതം ചിത്രീകരണത്തിനിടെ ജോര്‍ദാനില്‍ കുടുങ്ങി പൃഥ്വിയും ബ്ലെസ്സിയുമടക്കം 58 അംഗ സംഘം; ഫിലിം ചേംബറിന് കത്തയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st April 2020, 9:43 am

ജോര്‍ദാന്‍: പുതിയ ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ ജോര്‍ദാനില്‍ കുടുങ്ങി ഷൂട്ടിംഗ് സംഘം. നടന്‍ പൃഥ്വിരാജും ചിത്രത്തിന്റ സംവിധായകന്‍ ബ്ലെസ്സിയുമടക്കം 58 പേരടങ്ങുന്ന സംഘമാണ് ജോര്‍ദാനില്‍ കുടുങ്ങിയത്.

അനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്. സഹായം ലഭിക്കുന്നതിനായി ഫിലിം ചേംബറിന് ബ്ലെസ്സി ഇ-മെയില്‍ അയച്ചു.

ചിത്രീകരണത്തിന് ആദ്യ ഘട്ടം മുതലേ പ്രായോഗികമായ തടസ്സങ്ങളുണ്ടായിരുന്നു. സര്‍ക്കാര്‍ അനുമതിയോടെയാണ് ചിത്രീകരണം ആരംഭിച്ചത്.


ഏപ്രില്‍ 10 വരെ നീണ്ടു നില്‍ക്കുന്ന ഷൂട്ടിംഗിനായുള്ള നടപടിക്രമങ്ങളായിരുന്നു ഇതുവരെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നാല്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ ഭരണകേന്ദ്രം റദ്ദ് ചെയ്തത്.

അനുമതി റദ്ദ് ചെയ്തതോടെയാണ് ജോര്‍ദാനില്‍ കുടുങ്ങിയ സംഘത്തിന് തിരിച്ചു വരാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഫിലിം ചേംബറിന് കത്തയച്ചത്.

ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഫിലിം ചേംബറും അറിയിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് ലോക് ഡൗണ്‍ അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരിച്ചു വരുന്നതു സംബന്ധിച്ച് തീരുമാനം അറിയിച്ചിട്ടില്ല.

അതേസമയം ജോര്‍ദാന്‍ സര്‍ക്കാരിന്റെ പിന്തുണയില്ലാതെ അവിടെ നില്‍ക്കുക എന്നതും സംഘത്തിന് ബുദ്ധിമുട്ട് നേരിടും എന്നതിനാലാണ് സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് കത്തയച്ചത്.

ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ആദ്യം ഷൂട്ടിംഗ് റദ്ദു ചെയ്തത്. എന്നാല്‍ ഇതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു.

ഇതോടെ ആന്റോ ആന്റണി എം.പിയെ സംവിധായകന്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെടുകയുമായിരുന്നു. തുടര്‍ന്നാണ് ഏപ്രില്‍ 10 വരെ ഷൂട്ടിംഗിനുള്ള അനുമതി ലഭിച്ചത്.