ന്യൂദല്‍ഹി: ട്രെയിന്‍ ടിക്കറ്റ് വീണ്ടും ഉയര്‍ത്തുന്നു. രാജധാനി, ശതാബ്ദി, തുരന്തോ എക്‌സ്പ്രസ്സുകളിലെ ഭക്ഷണനിരക്ക് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വര്‍ധന വരിക.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തീവണ്ടി യാത്രാ നിരക്ക് ജനവരി 22ന് വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രീമിയം തീവണ്ടി നിരക്ക് വീണ്ടും ഉയര്‍ത്തുന്നത്.[]
15 മുതല്‍ 20 രൂപ വരെയാണ് വര്‍ധനയുണ്ടാവുകയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇത് ഉടനെ പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് സോഫ്റ്റ്‌വേര്‍ പരിഷ്‌കരിക്കുന്നതോടെ വര്‍ധന പ്രാബല്യത്തിലാകുമെന്നും അധികൃതര്‍ അറിയിച്ചു.
മെയില്‍, എക്‌സ്പ്രസ് വണ്ടികളിലെ ഭക്ഷണത്തിന് ഈടാക്കുന്ന തുക പത്ത് വര്‍ഷത്തിനുശേഷം കഴിഞ്ഞ മാസം കൂട്ടിയിരുന്നു. എന്നാല്‍, രാജധാനി, ശതാബ്ദി, തുരന്തോ വണ്ടികളില്‍ ഇത് നിലവില്‍ വന്നില്ല. ഈ വണ്ടികളില്‍ ഭക്ഷണത്തിന്റെ ചെലവ് മുന്‍കൂറായി ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കുകയാണ് പതിവ്.
പ്രീമിയം വണ്ടികളിലെ ഭക്ഷണപട്ടികയില്‍ നിന്ന് ശീതളപാനീയങ്ങളും ചോക്ലേറ്റുകളും ഒഴിവാക്കാനാണ് സമിതിയുടെ ശുപാര്‍ശ. ഐസ്‌ക്രീമും തൈരും നല്ല ബ്രാന്‍ഡുകളുടേത് മാത്രമേ വിതരണം ചെയ്യാവൂ.
തീവണ്ടികളിലെ ഭക്ഷണ നിരക്കും വിഭവങ്ങളുടെ പട്ടികയും പരിഷ്‌കരിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം ഈയിടെ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതിയുടെയും റെയില്‍വേ ബോര്‍ഡിന്റെയും ശുപാര്‍ശ പരിഗണിച്ചാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.