| Monday, 16th March 2015, 9:52 am

ഭഗവത് ഗീത സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛണ്ഡീഗഢ്: വരുന്ന അക്കാദമിക് സെഷന്‍ മുതല്‍ ഭഗവത് ഗീത പഠനം സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.

“അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഗീതയിലെ ശ്ലോകങ്ങളും പഠിപ്പിക്കും.” അദ്ദേഹം പറഞ്ഞു.

ഗോവധത്തിനു കടുത്ത ശിക്ഷ നല്‍കുന്ന ബില്‍ സഭയുടെ ബജറ്റ് സെഷനില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗോവധത്തിനെതിരെ ഹരിയാനയില്‍ പുതിയ നിയമം കൊണ്ടുവരികയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ബീഫ് വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഹരിയാന സര്‍ക്കാര്‍ ബീഫ് വില്‍ക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയത്. ബീഫോ ബീഫ് ഉല്‍പ്പന്നങ്ങളോ വില്‍ക്കരുതെന്നാണ് നിര്‍ദേശം.

ഗോവധ നിരോധനം ലംഘിക്കുന്നവര്‍ക്ക് പത്തുവര്‍ഷത്തെ തടവുശിക്ഷ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തു നിന്നും അഴിമതി തുടച്ചുനീക്കുകയെന്നതിനാണു സര്‍ക്കാര്‍ പ്രഥമ പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയാണ് സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഴിമതി നടത്തുന്ന നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടികൂടാന്‍ വിജിലന്‍സിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more