|

തല്ല് കൊള്ളുന്ന മാഷുമ്മാർ

ജയറാം ജനാര്‍ദ്ദനന്‍

വിദ്യാലയത്തിനകത്തെ സംഘർഷങ്ങൾ സെറ്റിൽഡ് ആയൊരു സംഗതിയായാണ് നാം പലപ്പോഴും ട്രീറ്റ് ചെയ്യുന്നത്. സോ കോൾഡ് പാരമ്പര്യവാദികൾക്ക് ഇത് അച്ചടക്ക രാഹിത്യതിന്റെയും ഗുരുത്വ ദോഷത്തിന്റെയും പ്രശ്‌നമാണ്. ക്ലാസ് മുറിയിലേക്ക് വടി തിരിച്ചു വന്നാൽ തീരാവുന്ന പ്രശ്നമാണ് അവർക്കിത്. മറുവശത്ത് വോക്കിസത്തിന്റെ കാറ്റ് വീഴ്ച്ച ഉള്ളവർക്ക് വളരെ ദൃഢമായി ‘വിളച്ചിൽ’ പക്ഷത്ത് നിൽക്കാൻ പറ്റും. തെറി പറയുന്ന മലയാളി സ്ത്രീ ഒക്കെയാണല്ലോ അവയുടെ ഒരു ഫെറ്റീഷ് .

ഫേസ്‌ബുക്കിൽ എഴുതുന്ന ചില മനുഷ്യർ, അവർ വിദ്യാർഥികൾ/നികൾ ആയിരുന്ന കാലത്ത് അധ്യാപകരിൽ നിന്ന് അനുഭവിച്ച യഥാർത്ഥവും ഭാവനാത്മകവുമായ പീഡനങ്ങൾ ഓർമ്മിച്ചു കൊണ്ട് പലതും എഴുതുന്നത് കാണുന്നുണ്ട്. അതിൽ നിന്ന് മനസ്സിലാവുന്ന കാര്യം അവരുടെ മനസിലുള്ള അധ്യാപക രൂപം സ്ഫടികം സിനിമയിലെ കടുവ ചാക്കോ മാഷാണെന്നു തോന്നുന്നു.

പിള്ളേരെ ചവിട്ടി കൂട്ടി മർദ്ദിച്ച് പഠിപ്പിക്കുന്ന, സർവ്വാധികാരിയായ, എല്ലാമറിയുന്ന, അറിവിന്റെ നിറകുടമായ ആ മാഷ് സ്‌കൂളിന്റെ പടിയിറങ്ങി തുടങ്ങിയിട്ട് ഇപ്പോൾ ഒരു 25 വർഷമെങ്കിലും ആയിട്ടുണ്ട്. കടുവാ ചാക്കോമാരുടെ കുലം ഏതാണ്ട് മുടിഞ്ഞു പോയിരിക്കുന്നു.

അതിന്റെ പിന്നിൽ പുതിയ പാഠ്യപദ്ധതി കൊണ്ടുവന്ന ഉൾക്കാഴ്ചകൾ, സമൂഹത്തിൽ മൊത്തത്തിൽ സംഭവിച്ച ജനാധിപത്യവത്കരണം, സാർവത്രിക വിദ്യാഭ്യാസ ലഭ്യത, കേരള സമൂഹത്തിൽ നടന്നിട്ടുള്ള രാഷ്ട്രീയവത്കരണം, പൊതുവിൽ സമൂഹത്തിൽ സംഭവിച്ച സാമൂഹിക സാമ്പത്തിക പുരോഗതി എന്നിങ്ങനെ പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ പറ്റും.

എല്ലാവർക്കും വിദ്യാഭ്യാസം എന്നത് തീർച്ചയായും അവകാശമാണ്. എന്നാൽ ആ അവകാശം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കേണ്ടതുണ്ട്

ഇതിൽ ചില ഘടകങ്ങൾ നമ്മുടെ സമൂഹത്തിൽ അവതരിപ്പിക്കപ്പെട്ട രീതിയും അതിനോടുള്ള സാമൂഹിക പ്രതികരണവും നാമൊന്ന് പരിഗണിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. അതോടൊപ്പം നിലവിലുള്ള കാണാപ്പാഠം പടിക്കൽ രീതിക്ക് ബദലായി ആശയ അവതരണ രീതിയും ജ്ഞാന നിർമാണവും ക്രിട്ടിക്കൽ പെഡഗോജിയും ഒക്കെ ഏത് തരം സമൂഹത്തിലേക്കാണ് അവതരിപ്പിക്കപ്പെട്ടത് എന്നത് നാം ആലോചിക്കേണ്ടതുണ്ട്.

എന്നാൽ സ്ഥലപരിമിതി മൂലവും വേറൊരു ചർച്ച ആയതിനാലും അതിന്റെ ഭാഗമായി ഈയൊരു നവ വിദ്യാഭ്യാസ സമീപനത്തിന്റെ ഗുണദോഷങ്ങൾ ഇവിടെ പരിഗണിക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. എന്നാൽ ഒരു പുതിയ ജ്ഞാന നിർമാണ സമീപനം അവതരിപ്പിക്കപ്പെട്ട സമൂഹത്തിന്റെ സ്വഭാവം തീർച്ചയായും പരിഗണിക്കപ്പെടണം എന്നു തന്നെയാണ് കരുതുന്നത്.

വളരെ പരമ്പരാഗതവും സാമ്പ്രദായികവുമായ പാഠ്യപദ്ധതിയോടുള്ള തീവ്രമായ ആഭിമുഖ്യം നിലനിന്നിരുന്ന, ഒരു പക്ഷെ ചെറിയ ഏറ്റക്കുറച്ചിലോടെ ഇപ്പോഴും നിലനില്ക്കുന്ന സമൂഹമാണ് നമ്മുടേത്. ആ സങ്കൽപ്പങ്ങളെ വലിയ അളവിൽ കീഴ്മേൽ മറിച്ചുകൊണ്ടാണ് പുതിയ പാഠ്യപദ്ധതി കടന്നു വന്നത്. ഇതിന്റെ ഫലമായി വിദ്യാർത്ഥികളുടെ സർവ്വതലത്തിലുമുള്ള സവിശേഷതകൾ പരിഗണിക്കപ്പെടുകയും കുട്ടി വിദ്യാഭ്യാസ പ്രക്രീയയുടെ കേന്ദ്രസ്ഥാനത്തു വരികയും ചെയ്തു. അതായത് വലിയ അളവിൽ അവകാശങ്ങൾ, പരിഗണനകൾ , സവിശേഷത സമീപനങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് ലഭ്യമായി എന്നർത്ഥം.

പക്ഷെ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു പ്രശ്നം അവകാശങ്ങളെ പറ്റിയുള്ള തികഞ്ഞ ബോധ്യവും ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള തികഞ്ഞ അവഗണനയും വിദ്യാഭ്യാസ മേഖലയിലും പ്രകടമാകാൻ തുടങ്ങി. ഇത് ഈ രീതിയിൽ ഫ്രെയിം ചെയ്യുന്നതിൽ എനിക്ക് മടിയുണ്ട്.

അതുകൊണ്ട് ഒരു ഉദാഹരണം നൽകാം. ഉദാഹരണത്തിന് എല്ലാവർക്കും വിദ്യാഭ്യാസം എന്നത് തീർച്ചയായും അവകാശമാണ്. എന്നാൽ ആ അവകാശം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കേണ്ടതുണ്ട് എന്നത് വ്യക്തമാണല്ലോ. പക്ഷേ സ്‌കൂളിൽ വരാതെ ആവശ്യത്തിന് ഹാജർ ഇല്ലാതാവുകയും അതുവഴി പരീക്ഷയ്ക്ക് ഇരിക്കാനുള്ള സാഹചര്യം ഇല്ലാതാവുകയും ചെയ്തു കഴിഞ്ഞാൽ എന്താണ് പല വിദ്യാർഥികളും ചെയ്യുന്നത്? വാർഡ് മെമ്പർ മുതൽ എം.എൽ.എ വരെയുള്ള ആളുകളെ കൊണ്ട് പ്രിൻസിപ്പാളിനെ വിളിപ്പിക്കുക എന്നതാണ് അവർ കണ്ടിരിക്കുന്ന എളുപ്പ വഴി. ജനപ്രതിനിധിയുടെ സ്വഭാവം അനുസരിച്ച് ഇത് അഭ്യർത്ഥന മുതൽ ഭീഷണി വരെ ആയി മാറും.

പുതിയ കാല വിദ്യാഭ്യാസ രീതിയിൽ വിദ്യാർത്ഥി, അധ്യാപകൻ, പൊതു സമൂഹം, പി.ടി.എ എന്നിങ്ങനെയുള്ള വിവിധ സ്റ്റേക്ക് ഹോൾഡേഴ്സ് ഉണ്ട്. ഇതിൽ ബ്യുറോക്രാറ്റിക് ചട്ടവട്ടങ്ങൾക്കുള്ളിൽ കിടക്കുന്നത് അധ്യാപകർ മാത്രമാണ്. അതുകൊണ്ട് തന്നെ അവരാണ് ഇതിലെ ഏറ്റവും വൾനറബിൾ എന്ന് പറയേണ്ടി വരും.

സ്‌കൂളിലെ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച് സർക്കാർ ഉദ്യോഗസ്ഥർ ആയ അധ്യാപകർ പിന്തുടരേണ്ട നിയമം ഉണ്ടാവുമല്ലോ? എന്താണത് ? സർക്കാർ ഉത്തരവ്‌ പ്രകാരം മൊബൈൽ ഫോൺ കിട്ടിയാൽ പിടിച്ചെടുക്കണം. തിരിച്ചു കൊടുക്കാൻ പാടില്ല. വർഷ അവസാനം ലേലം ചെയ്യണം എന്നോ മറ്റോ കൂടി ഉണ്ട്.

ഇതേ കാര്യത്തിൽ സംസ്ഥാന ചൈൽഡ് റൈറ്റ്സ് കമ്മീഷന് വേറെ അഭിപ്രായമാണ്. ഇതിൽ ഏത് പിന്തുടരാനാണ് അധ്യാപകർക്ക് സാധിക്കുക? ഫോൺ പിടിച്ചാൽ ആദ്യം വിദ്യാർത്ഥിയുടെ പിതാവ് വന്ന് തെറി വിളിക്കും. അതിന് ശേഷം മേൽസൂചിപ്പിച്ച എല്ലാ അധികാര കേന്ദ്രങ്ങളും ഇടപെടും. അപ്പോൾ ഫോൺ പിടിച്ച മാഷ് പ്രതിയാവും.

ഇനി ഏതെങ്കിലും ചെറുക്കൻ വേണ്ടാത്ത ഫോട്ടോ എടുത്ത പരാതി ആണ് ഉണ്ടാവുന്നതെങ്കിൽ , എന്തുകൊണ്ട് ഫോൺ പിടിച്ചില്ല, ബാഗ് പരിശോധിക്കുന്നില്ല എന്നും പറഞ്ഞ് ബഹളം ഉണ്ടാകും.

ബാഗ് പരിശോധനയുടെ കാര്യം പറഞ്ഞപ്പോളാണ്, ഞാൻ പൊലീസിന്റെ നർക്കോടിക്സ് വിഭാഗം നടത്തിയ രണ്ട് ക്ലാസ്സുകൾ കേട്ടു. രക്ഷിതാക്കൾക്ക് വേണ്ടിയുള്ളതാണ്. ഇതിൽ സ്വന്തം കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ കണ്ടെത്താം എന്ന് വിവരിക്കുന്നുണ്ട്. അത് പ്രകാരം ബാഗിന്റെ ഉൾവശം, ഷർട്ട്/ പാന്റ്‌സ് പോക്കറ്റ് എന്നിവ പരിശോധിച്ചാൽ കണ്ടെത്താൻ പറ്റും.

മൊബൈൽ കവർ, എ.ടി.എം കാർഡ് എന്നിവയും പരിശോധന നടത്തേണ്ട സ്ഥലങ്ങൾ ആണ്. തീർന്നില്ല. പോക്കറ്റിൽ ഫണൽ ആകൃതിയിൽ ചുരുട്ടിയ നോട്ട് കണ്ടാലും സംഗതി പ്രശ്നമാണ്. ഇതൊക്കെ കേട്ടിട്ട് നല്ല ആമോദത്തിൽ നിൽക്കുന്ന പയ്യന്റെ ബാഗിൽ കയ്യിട്ടാൽ പിന്നെ കഥ തീർന്നു. ഫേസ്‌ബുക്കിലെ വോക്ക് വൈബുമായി നടക്കുന്ന തൈക്കിളവന്മാർ പൂതിരുവാതിര നടത്തും ആളുകളുടെ നെഞ്ചിൽ.

ഞാൻ പറഞ്ഞു വരുന്നത് നമ്മുടെ കാലഘട്ടത്തിൽ ലഭ്യമായ സാങ്കേതിക വിദ്യകളുടെയും മാധ്യമ അതിസാന്ദ്രതയുടെയും സാഹചര്യത്തിൽ നമുക്ക് ഒരു പാട് അവകാശങ്ങൾ ലഭ്യമാവുകയും അവ പ്രയോഗിക്കാൻ കഴിയുന്ന വിശാലമായ ലോകം മുന്നിൽ തുറന്നു വരികയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവയുടെ ഉത്തരവാദിത്വപൂർണമായ വിനിയോഗം നാമിനിയും പരിശീലിച്ചിട്ടില്ല.

മെറ്റീരിയൽ കൾച്ചറിൽ സംഭവിക്കുന്ന കുതിച്ചു ചാട്ടങ്ങൾക്ക് ഒപ്പം ഓടിയെത്താൻ മനോഭാവങ്ങൾക്കോ വിശ്വാസങ്ങൾക്കോ കഴിയുകയില്ല. ഇതിന്റെ ഫലമായി ഉണ്ടാകുന്ന സംഘർഷങ്ങൾ നമ്മുടെ വിദ്യാലയങ്ങളിൽ ഇനിയും വർധിക്കുക തന്നെ ചെയ്യും.

കവി ബാലചന്ദ്രൻ ചുള്ളിക്കാട് സ്വീഡനിലോ നോർവെയിലോ മറ്റോ പോയപ്പോൾ അവിടുത്തെ സ്‌കൂൾ സന്ദർശിച്ചു. പിള്ളേര് കാമ്പസിൽ ഉമ്മ വെച്ചു കെട്ടി പിടിച്ചു നിൽക്കുന്നു. ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്ന് അവിടുത്തെ ഹെഡ് മാഷ്. ഞാൻ ഇവിടെ ജനിച്ചില്ലല്ലോ എന്ന് കവിക്ക് സങ്കടം.

സമാനമായ ഒരു സോഷ്യൽ context ഇവിടെ ലഭ്യമാകുന്ന കാലത്തെ ഓർത്തിട്ട് ചിരിച്ചു പള്ള കൂച്ചിപ്പോയി. Juvenile Justice Act പ്രകാരം കുട്ടികളെ പാർപ്പിക്കുന്ന സ്ഥാപനങ്ങൾ കാണാൻ അവസരം കിട്ടാറുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 18 വയസിൽ താഴെയുള്ള, കുട്ടികളെ താമസിപ്പിക്കുന്ന ഇടമാണ് അത്. മിക്കവാറും കൊലപാതക കുറ്റമാണ് ഇവരുടെ പേരിൽ ഉള്ളത്. ന്യൂ ഇയർ രാത്രിയിൽ 14 , 15 വയസുള്ള പിള്ളേര് ചേർന്ന് ഒരാളെ തൃശൂർ റൗണ്ടിൽ കുത്തി മലർത്തി. ഇങ്ങനെ ഒരുപാട് സംഭവങ്ങൾ ചൂണ്ടിക്കാണിക്കാൻ പറ്റും.

ജീവിതത്തിന്റെ നല്ലൊരു ശതമാനം സമയം കൗമാരപ്രായക്കാരുടെ ഇടയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ, ഈ ഗ്രൂപ്പിന്റെ ഇടയിൽ വർധിച്ചു വരുന്ന അക്രമവാസന ഒരു കൺസൺ തന്നെയായി എനിക്ക് തോന്നുന്നു. ഏറ്റവും ചെറിയ കാര്യങ്ങളോട് പോലും അനുപാത രഹിതമായ അളവിലുള്ള അക്രമോത്സുകത കാണിക്കുക എന്നത് വളരെ പ്രകടമായ അപായ സൂചന തന്നെയാണ്.

ഇതിന് കൗൺസിലിങ് കൊടുക്കണം എന്ന ഒറ്റമൂലി നിർദ്ദേശിക്കുന്നവരോട് , കൗൺസിലിങ് ഒക്കെ കോമഡിയല്ലേ ചേട്ടാ എന്നു മാത്രമേ ചോദിക്കാനുള്ളൂ. കണ്ടമാനം ഇംഗ്ലീഷ് സീരിയലുകൾ കാണുന്നതിന്റെ പ്രശ്നമാണ് നിങ്ങൾക്ക്. സാമൂഹികമായ പതോളോജികൾക്ക് വ്യക്തിപരമായ പരിഹാരങ്ങൾ ലഭ്യമല്ല എന്നതാണ് സത്യം.

അടിയും തൊഴിയും അച്ചടക്കവും ഒക്കെ മടക്കിക്കൊണ്ടു വന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന കാലം കടന്നു പോയി. പകരം വെക്കാനുള്ള സംഗതികൾ നമുക്ക് രൂപപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

കുട്ടികൾ നിഷ്കളങ്കർ ആണെന്നത് ഒരു മിഥ്യാബോധം മാത്രമാണ്. ഐഡിയൽ കണ്ടിഷൻസിന് കീഴിൽ അവർക്ക് ഏതു തരത്തിലുള്ള ക്രൂരതയും സാധ്യമാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ചെന്നൈയിൽ ആണെന്ന് തോന്നുന്നു ഒരു അധ്യാപിക ക്ലാസ് മുറിയിൽ കൊല്ലപ്പെട്ട വാർത്ത വായിച്ചത് ഓർമ്മയുണ്ട്. അന്ന് തോന്നിയ കാര്യമാണ് ഇത് നമ്മുടെ നാട്ടിലും സംഭവിക്കാൻ നല്ല സാധ്യതയുണ്ട് എന്നത്.

ഇക്കാലത്തിനിടയിൽ സ്റ്റാഫ് റൂമിലെ മൈക്ക് സ്റ്റാൻഡ് എടുത്ത് സ്വന്തം പിതാവിനെ അടിക്കാൻ ശ്രമിച്ച പയ്യനെ ഞാൻ കണ്ടിട്ടുണ്ട്. ഒരു ഗസ്റ്റ് അധ്യാപകനെ സ്റ്റാഫ് റൂമിൽ വെച്ച് അടിക്കാൻ ശ്രമിച്ച വിദ്യാർത്ഥിയേയും ഓർമ്മയുണ്ട്. അവൻ പിന്നീട് കോഴിക്കടയിൽ ജോലി ചെയ്യുന്നത് കണ്ടു. ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ ഓർത്തെടുക്കാൻ കഴിയും.

എല്ലാ ആന്റി സോഷ്യൽ ബിഹേവിയറിന്റെയും പിന്നിൽ എന്തെങ്കിലും ട്രോമ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. ബ്രോക്കൺ ഫാമിലി മുതൽ ചൈൽഡ് അബ്യുസ് വരെയുള്ള കാരണങ്ങൾ അതിന്റെ പിന്നിൽ ഉണ്ടാവാം. ചിലപ്പോൾ ബിയോളോജിക്കൽ ആയ കാരണങ്ങൾ (brain chemistry) ആവാം. ഇതിനോടുള്ള നമ്മുടെ റെസ്‌പോൺസ് എന്താവണം? പരസ്പരം കുറ്റപ്പെടുത്തലുകൾക്ക് അപ്പുറം നമുക്കൊരു സ്ട്രേറ്റജി ഇല്ല എന്നത് വ്യക്തമാണ്.

ഇപ്പോൾ മിക്ക ആളുകളും ചെയ്തു കൊണ്ടിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരായിയുള്ള പൊതു മനോഭാവത്തെ മാനിപ്പുലേറ്റ് ചെയ്യുക എന്നത് ഈസിയായ കാര്യമാണ്. അതിനപ്പുറം നാം ഒരു സമൂഹം എന്ന നിലയിൽ വലിയൊരു വെല്ലുവിളിയായി ഇതിനെ കാണേണ്ടതുണ്ട്. ഖേദകരമായ കാര്യം നിലവിൽ എനിക്ക് ഒരു ക്ലാസ്സിലെ 60തിൽപ്പരം കുട്ടികളും അവരുടെ നൂറ് കൂട്ടം പ്രശ്നങ്ങളും അവർക്കും എനിക്കും ഇടയിലുള്ള നിസ്സഹായതയുടെ വൻകടലും മാത്രമേ കാണാൻ പറ്റുന്നുള്ളൂ എന്നതാണ്.

Content Highlight: Teachers who take beatings

ജയറാം ജനാര്‍ദ്ദനന്‍

അധ്യാപകനും എഴുത്തുകാരനുമാണ് രചേതാവ്