തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം നിര്‍ദ്ദേശിച്ചാണ് മുന്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടറായിരുന്ന ഡോ.എം.എ.ഖാദര്‍ കമ്മറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
കാലങ്ങളായി പിന്തുടരുന്ന വിദ്യഭ്യാസ രീതികളെ മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെ വ്യാപക പ്രതിഷേധങ്ങളുമായി ഹയര്‍ സെക്കണ്ടറി അധ്യാപക സംഘടനകളും രംഗത്തെത്തി.
എന്നാല്‍ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ റിപ്പോര്‍ട്ട് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ അധ്യാപക സംഘടനകള്‍.
വരുന്ന എപ്രില്‍ 2, 3 ദിവസങ്ങളിലാണ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ മൂല്യ നിര്‍ണയ ക്യാമ്പുകള്‍ നടക്കുന്നത്. സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴിലാക്കണമെന്നുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ സുപ്രധാന നിര്‍ദ്ദേശമാണ് അധ്യാപക സംഘടനകളെ പ്രധാനമായും പ്രകോപിച്ചിരിക്കുന്നത്.
സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ തിയ്യതി അറിയിച്ചിരുന്നില്ല. ഇതിനിടെ ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയും ചെയ്തു.
ഹയര്‍ സെക്കണ്ടറി മേഖല ഇല്ലാതാക്കാനുള്ള ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഹയര്‍ സെക്കണ്ടറി മേഖലയിലെ അധ്യാപക സംഘടനകളുടെ കൂട്ടായ്മ ആയ ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹയര്‍ സെക്കണ്ടറി വിരുദ്ധ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നില്‍ സ്വാശ്രയ വിദ്യാഭ്യാസ ലോബികളുടെ സമ്മര്‍ദ്ദമമാണെന്നും. സി.ബിഎസ്.ഇ യില്‍ നിന്ന് ഹയര്‍ സെക്കണ്ടറിയിലേക്ക് കുട്ടികള്‍ വരുന്നത് തടയാനും പ്ലസ് ടു സ്‌കൂളുകള്‍ അടച്ചു പൂട്ടുവാനുമുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളതെന്നുമാണ് സംഘടന ആരോപിക്കുന്നത്.
പ്രൊഫ ലബ്ബ കമ്മറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്ന് നടപ്പാക്കപ്പെട്ട നിര്‍ദേശങ്ങള്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഗുണപരമായ മാറ്റം വരുത്തിയിരുന്നതായും ഖാദര്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പിലാക്കിയാല്‍ അതെല്ലാം തകര്‍ക്കപ്പെടുമെന്നാണ് അധ്യാപക സംഘടനകളുടെ വാദം.
നിലവില്‍ ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ പലതട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളെ ഒറ്റ ഡയറക്ടറുടെ കീഴില്‍ കൊണ്ടുവരും
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് പ്രൈമറി ക്‌ളാസുകള്‍ വേര്‍പിരിക്കുകയും ഹയര്‍ സെക്കണ്ടറികള്‍ ഹൈസ്‌ക്കൂളുകളാവുകയും എസ്. എസ്. എല്‍. സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേ സമയം ഒരേ ദിവസം നടത്താനും കഴിയും.
എന്നാല്‍ ബന്ധപ്പെട്ട മേഖലകളിലുള്ളവരുമായി ചര്‍ച്ച നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് കമ്മിറ്റി അംഗവും വിദ്യാഭ്യാസവിദഗ്ധനുമായ സി.രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. നിയമവിദഗ്ധനായ ജ്യോതിചൂഡനാണ് സമിതിയിലെ മറ്റൊരംഗം.
അതേ സമയം അധ്യാപകരുടെ തീരുമാനം ആശങ്കയോടെയാണ് വിദ്യാര്‍ത്ഥികള്‍ കാണുന്നത്. നിലവില്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ മൂല്യനിര്‍ണയവും റിസല്‍റ്റ് പ്രഖ്യാപനവും വൈകാനുള്ള സാധ്യതയുണ്ട്. ഇതിനിടെ മൂല്യ നിര്‍ണയ ക്യാമ്പുകള്‍ അധ്യാപകര്‍ ബഹിഷ്‌ക്കരിക്കുക കൂടി ചെയ്താല്‍ റിസല്‍റ്റ് പിന്നെയും വൈകുമെന്നും. ഇത് കേന്ദ്ര സര്‍വ്വകലാശാലകളിലും മറ്റും ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവുമെന്ന് ആശങ്കയുണ്ടെന്നുമാണ് ഈ വര്‍ഷം പ്ലസ് ടു പരീക്ഷ എഴുതിയ ഫെബിന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.