കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നടന്ന പരിപാടിയില്‍ ആര്‍ത്തവമുള്ള വിദ്യാര്‍ത്ഥിനികളെ പുറത്ത് നിര്‍ത്തിയതായി പരാതി. അധ്യാപകര്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
കോളേജിലെ വൈഖരി-മലയാള വിഭാഗം, ഹെറിറ്റേജ് ക്ലബ്ബ്, സംസ്‌കൃത ക്ലബ്ബ്, ടൂറിസം ക്ലബ്ബ്, ഫോക്‌ലോര്‍ ക്ലബ്ബ്, ലിറ്ററിക്ഷ ഡിബേറ്റ് ക്ലബ്ബ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച കളമെഴുത്തും സോദോഹരണ ക്ലാസ്സും എന്ന പരിപാടിയിലാണ് ആര്‍ത്തവമുള്ള വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തിയത്. ഈ പരിപാടിയെ കുറിച്ച് ക്ലാസ്സുകളില്‍ അറിയിക്കാന്‍ എത്തിയ അധ്യാപിക തന്നെ ആര്‍ത്തവമുള്ള വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിച്ചിരുന്നു.
ഇന്ന് പരിപാടി നടക്കവേ കുറച്ച് വിദ്യാര്‍ത്ഥിനികള്‍ പുറത്ത് നില്‍ക്കുന്നത് കണ്ടപ്പോഴാണ് എസ്.എഫ്.ഐ നേതൃത്വം ഇക്കാര്യം അന്വേഷിച്ചത്. ഇതിനെ തുടര്‍ന്ന് പ്രതിഷേധമാരംഭിക്കുകയും പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയും ചെയ്തു.. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ പരിപാടി നടക്കുന്ന ഹാളിനകത്തേക്ക് കയറ്റി.
”ഇന്ന് പരിപാടി നടക്കുന്ന ഹാളിന് പുറത്ത് വിദ്യാര്‍ത്ഥിനികള്‍ നില്‍ക്കുന്നത് കണ്ടു. അതിനെ തുടര്‍ന്ന് പ്രതിഷേധമാരംഭിക്കുകയും പ്രിന്‍സിപ്പാളിനെ നേരില്‍ കണ്ട് പരാതി പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ അകത്ത് കയറ്റുകയുമായിരുന്നു”-റാഷിദ്, എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറി
നേരത്തെ കോഴിക്കോട് ആര്‍ട്‌സ് കോളേജിലും യൂണിവേഴ്‌സിറ്റിയിലും കളമെഴുത്ത് പാട്ട് അവതരിപ്പിച്ചിരുന്നു. അവതരണം എന്നതിനപ്പുറത്തേക്ക് മറ്റ് നിബന്ധനകളൊന്നും ഇവിടെയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ ആര്‍ത്തവമുള്ള വിദ്യാര്‍ത്ഥിനികളോട് പങ്കെടുക്കരുതെന്ന് അധ്യാപകര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു.