'ഡിജിറ്റലായി ഹാജര്‍ രേഖപ്പെടുത്തണം'; വിദ്യാഭ്യാസ ബോര്‍ഡിനെതിരെ ഉത്തര്‍പ്രദേശിലെ അധ്യാപകര്‍
national news
'ഡിജിറ്റലായി ഹാജര്‍ രേഖപ്പെടുത്തണം'; വിദ്യാഭ്യാസ ബോര്‍ഡിനെതിരെ ഉത്തര്‍പ്രദേശിലെ അധ്യാപകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th July 2024, 5:47 pm

ലഖ്നൗ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പരിഷ്‌കരണത്തില്‍ പ്രതിഷേധവുമായി ഉത്തര്‍പ്രദേശിലെ അധ്യാപകര്‍. ക്ലാസുകള്‍ തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പേ ഓണ്‍ലൈനായി ഹാജര്‍ രേഖപ്പെടുത്തണമെന്ന ഉത്തരവിനെതിരെയാണ് പ്രതിഷേധം.

ഉത്തരവ് നടപ്പിലാക്കുന്നതില്‍ സാങ്കേതികമായ പ്രശ്ങ്ങളുണ്ടെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാന ശിക്ഷ പരിഷത്താണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ തീരുമാനമനുസരിച്ച്, രാവിലെ 7.30യ്ക്ക് അധ്യാപകര്‍ സ്‌കൂളുകളില്‍ എത്തണം. 7.45നും എട്ടിനും ഇടയില്‍ ഡിജിറ്റലായി അധ്യാപകര്‍ ഹാജര്‍ രേഖപ്പെടുത്തണം. എന്നാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം സ്‌കൂളുകളും സ്ഥിതി ചെയുന്നത് ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്ത ഗ്രാമങ്ങളിലാണ്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ ഉത്തരവ് എങ്ങനെ നടപ്പിലാക്കുമെന്ന് അധ്യാപകര്‍ ചോദിക്കുന്നു.


മഴക്കാലത്ത് വെള്ളക്കെട്ടിലാകുന്ന സ്‌കൂളുകളില്‍ കൃത്യസമയത്ത് എത്തിപ്പെടാന്‍ പരിമിതികളുണ്ടെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി. ഡിജിറ്റലായി ഹാജര്‍ രേഖപ്പെടുത്താത്ത പക്ഷം, വിദ്യാഭ്യാസ ബോര്‍ഡ് അന്നേദിവസം ലീവായി പരിഗണിക്കുമോയെന്ന ആശങ്കയും അധ്യാപകര്‍ മാധ്യമങ്ങളോട് പങ്കുവെച്ചു.

നിലവില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ ഉത്തരവിനെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ഹാഷ്ടാഗ് ക്യാമ്പയിനുമായി രംഗത്തെത്തിയ അധ്യാപകര്‍ തങ്ങളുടെ ആശങ്കകള്‍ അധികൃതരെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നാണ് പറയുന്നത്.


#Boycottdigitalattendance എന്ന ഹാഷ്ടാഗുമായാണ് അധ്യാപകര്‍ വിദ്യാഭ്യാസ ബോര്‍ഡിനെതിരെ പ്രതിഷേധിക്കുന്നത്. ഹാഷ്ടാഗ് ക്യാമ്പയിന്‍ രണ്ട് ദിവസമായി എക്സില്‍ ട്രെന്‍ഡിങ്ങിലാണ്. 5000ത്തിലധികം റീട്വീറ്റുകളാണ് ഹാഷ്ടാഗ് ഇതിനോടകം നേടിയിരിക്കുന്നത്.

അതേസമയം പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ അധ്യാപകര്‍ക്ക് 30 മിനിറ്റ് വരെ വൈകി ഹാജര്‍ രേഖപ്പെടുത്താമെന്ന് വിദ്യാഭ്യസ വകുപ്പ് അറിയിച്ചു.

എന്നാല്‍ അധ്യാപകര്‍ ഉയര്‍ത്തിയ ആശങ്കകളില്‍ ഉത്തരം നല്‍കാന്‍ ഉന്നത വകുപ്പിന് കഴിഞ്ഞിട്ടില്ല. തീരുമാനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവെന്നല്ലാതെ മറ്റൊരു നടപടിയും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അധ്യാപകര്‍ പ്രതികരിച്ചു.

Content Highlight: Teachers in Uttar Pradesh protest against the new reforms of the state education department