| Wednesday, 5th September 2018, 4:56 pm

ഞങ്ങള്‍ക്ക് അധ്യാപക ദിനമെന്നാല്‍ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച പ്രസിഡന്റിന്റെ ജന്മദിനമല്ല; ഞങ്ങളെ കൈപിടിച്ചുയര്‍ത്തിയ ഈ അധ്യാപികമാരുടെ ജന്മദിനമാണ്.

ഷഫീഖ് താമരശ്ശേരി

അധ്യാപക ദിന പോസ്റ്റുകളാണ് നിറയെ ടൈം ലൈനില്‍. ഇന്ത്യയിലെ ദളിത് ന്യൂനപക്ഷ മുന്നേറ്റങ്ങളെ സംബന്ധിച്ച് അധ്യാപകദിനം പക്ഷേ ഈ ദിവസമല്ല. ജനുവരി 3 ആണ്. സ്വതന്ത്ര പൂര്‍വ ഇന്ത്യയിലെ മഹാരാഷ്ട്രയില്‍ ദളിത് വിദ്യാഭ്യാസ രംഗത്ത് ശക്തമായ ചുവടുവെയ്പുകള്‍ നടത്തിയ സാവിത്രി ബായ് ഫൂലേയുടെ ജന്മദിനം. 2016 ല്‍ ഗുജറാത്തില്‍ നടന്ന ഉന സംഭവത്തോടുകൂടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യക്ഷത്തില്‍ രൂപപ്പെട്ട ദളിത്-മുസ്ലിം യോജിപ്പുകളുടെയെല്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ മഹാരാഷ്ട്രയിലെ ഒരു ദളിത്-മുസ്ലിം ഐക്യപോരാട്ടത്തിന്റെ ചരിത്രം ഇതിന് പിറകിലുണ്ട്.

സാമൂഹികമായി അങ്ങേയറ്റം പിന്നോക്കാവസ്ഥയിലായിരുന്ന മഹാരാഷ്ട്രയിലെ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 1850 ല്‍ സാവിത്രിബായിയുടെ മുന്‍കൈയില്‍ പൂനെയില്‍ ഒരു സ്‌കൂള്‍ ആരംഭിക്കുന്നത്. എന്നാല്‍ മേല്‍ജാതിക്കാരായ ഗ്രാമീണരില്‍ നിന്നും കൊടിയ പീഡനങ്ങളാണ് ഇവര്‍ നേരിട്ടത്. തങ്ങളുടെ അടിമവേലകള്‍ ചെയ്യേണ്ട ദളിതര്‍ സ്‌കൂളില്‍ പോകുന്നതും പഠിക്കുന്നതുമൊന്നും മേല്‍ജാതിക്കാര്‍ക്ക് സഹിക്കാനായില്ല. ഒന്നുകില്‍ ഈ പ്രവര്‍ത്തനം നിര്‍ത്തുക അല്ലെങ്കില്‍ ഇവിടം വിട്ടുപോവുക എന്ന താക്കീതാണ് അവര്‍ സാവിത്രിബായിക്ക് നല്‍കിയത്. മേല്‍ജാതിക്കാരുടെ ഭീഷണികളില്‍ ഭയന്നതുകൊണ്ടാവാം സ്വന്തം ജാതിയില്‍പെട്ട ആളുകളില്‍ നിന്നും തന്റെ കുടുംബത്തില്‍ നിന്നും ആരുടെയും പിന്തുണ സാവിത്രി ബായിക്ക് ലഭിച്ചില്ല. വൈകാതെ അവര്‍ക്ക് വീടും നാടും വിടേണ്ടി വന്നു.

തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള ശ്രമവുമായി അവര്‍ ഏറെ അലഞ്ഞു. ഒടുവില്‍ പൂനെയിലെ “ഗഞ്ച് പേത്ത്” എന്ന സ്ഥലത്തുവെച്ച് അവര്‍ ഫാത്തിമ ഷെയ്ഖ് എന്ന മുസ്ലിം സ്ത്രീയെ കണ്ടുമുട്ടി. ഫാത്തിമ ഷെയ്ഖും സഹോദരന്‍ ഉസ്മാന്‍ ഷെയ്ഖും അവരുടെ സ്ഥലത്ത് സ്‌കൂള്‍ നടത്തുന്നതിനുള്ള സൗകര്യമൊരുക്കി എന്നു മാത്രമല്ല, ഫാത്തിമ ഷെയ്ഖ് സാവിത്രിബായിയോടൊപ്പം കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തു. അങ്ങനെ, ഇന്ത്യയിലെ ആദ്യ മുസ്ലിം അദ്ധ്യാപികയായി ഫാത്തിമ ഷെയ്ഖ് മാറി. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പക്ഷേ ഇവിടെയും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. നിരന്തരമായ ആക്രമണങ്ങള്‍ അവരേറ്റുവാങ്ങി. കല്ലുകള്‍ കൊണ്ടും ചാണകം കൊണ്ടും അവരെ ആളുകള്‍ എറിഞ്ഞു. സാവിത്രിബായിക്ക് നേരെ വധശ്രമങ്ങള്‍ പോലുമുണ്ടായി. പക്ഷേ ഇതൊന്നും കൂട്ടാക്കാതെ അവര്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. എല്ലാ പ്രതിസന്ധികളിലും ശക്തമായ പിന്തുണയുമായി സാവിത്രിബായുടെ ഭര്‍ത്താവ് ജോതിറാവു ഫൂലേയും ഫാത്തിമ ഷെയ്ഖിന്റെ സഹോദരന്‍ ഉസ്മാന്‍ ഷെയ്ഖും അവരോടൊപ്പം ഉണ്ടായിരുന്നു.

സവര്‍ണഹിന്ദുക്കളാണ് സാവിത്രിബായിയെ ആക്രമിച്ചിരുന്നതെങ്കില്‍, ഒരേ സമയം ഹിന്ദുക്കളിലെയും മുസ്ലിങ്ങളിലെയും ഉന്നതവിഭാഗങ്ങളില്‍ നിന്നുള്ള ആക്രമണം ഫാത്തിമ ഷെയ്ഖ് നേരിടേണ്ടി വന്നു. ആക്രമണങ്ങളെ ഭയന്ന് പലരും കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍ തയ്യാറാകാതിരുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ അവര്‍ രണ്ടുപേരും നിരന്തരം വീടുകള്‍ കയറിയിറങ്ങി രക്ഷിതാക്കളെ കണ്ടു സംസാരിച്ചു. പ്രത്യേകിച്ചും മുസ്ലിം പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നതിനായി അവര്‍ ഓരോ വീടുകളിലും മണിക്കൂറുകള്‍ ചെലവഴിച്ചു.

ബ്രാഹ്മണ്യ ഹിന്ദുത്വത്തിന് ശക്തമായ അടിത്തറയും ആധിപത്യവുമുണ്ടായിരുന്ന മഹാരാഷ്ട്രയിലെ, ന്യൂനപക്ഷങ്ങളായ ദളിത് മുസ്ലിം വിഭാഗങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശക്തമായ പങ്കു വഹിച്ച രണ്ടു ധീരവനിതകളാണ് സാവിത്രിയും ഫാത്തിമയും. അംബേദ്കറിന്റെയടക്കം മുന്‍കൈയില്‍ മഹാരാഷ്ട്രയില്‍ പിന്നീടുയര്‍ന്നുവന്ന ദളിത് മുന്നേറ്റങ്ങള്‍ സാവിത്രിബായിയെയും അവരുടെ ജീവിതത്തെയും ഉയര്‍ത്തിപ്പിടിച്ചെങ്കിലും ഫാത്തിമ ഷെയ്ഖ് പതിയെ ചരിത്രത്തില്‍ നിന്നും മാഞ്ഞുപോവുകയാണുണ്ടായത്. സാവിത്രിയും ഫാത്തിമയും തമ്മിലുണ്ടായിരുന്ന ഗാഢമായ സൗഹൃദത്തിന്റെ ആഴം, സാവിത്രിബായ് ഭര്‍ത്താവ് ജ്യോതിറാവുവിന് എഴുതിയ കത്തുകളില്‍ കാണാവുന്നതാണ്. നിരന്തരമായ ആക്രമണങ്ങള്‍ക്ക് മുന്നിലും തളരാതെ പിടിച്ചു നിന്ന ആ സൗഹൃദത്തിന്റെ പ്രതിഫലനമായിരുന്നു കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള അടിത്തറ പാകാന്‍ ഇരുവര്‍ക്കും കഴിഞ്ഞു എന്നത്.

സംഘപരിവാര്‍ ഭരണ കാലത്തെ “Unity of opressed” എന്ന രാഷ്ട്രീയ മുദ്രാവാക്യമുയരുന്നതിനും എത്രയോ കാലങ്ങള്‍ക്ക് മുന്നേ തന്നെ ഫ്യൂഡല്‍-കൊളോണിയല്‍ ഇന്ത്യയുടെ ബ്രാഹ്മണ്യാധികാരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ദളിതരുടെയും ആദിവാസികളുടെയും മുസ്ലിങ്ങളുടെയുമെല്ലാം ഒരുമിച്ചു നിന്ന ചെറുത്തുനില്‍പ്പുകളുടെ നിരവധി ഉദാഹരണങ്ങള്‍ വേറെയും കാണാവുന്നതാണ്…

പറഞ്ഞുവന്നത് ഇതാണ്… ചെന്നൈയിലെ തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച്, സാമൂഹികമായ പ്രവിലേജുകളിലൂടെ വളരുകയും പഠിക്കുകയും ചെയ്ത് പിന്നീട് രാഷ്ട്രപതി വരെ ആയി മാറിയ എസ്. രാധാകൃഷ്ണനിലെ അധ്യാപകനേക്കാള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടേണ്ടത്
സാവിത്രി ബായിയിലെയും ഫാത്തിമ ഷെയ്ഖിലെയും അധ്യാപികമാരാണ്…

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more