അധ്യാപകര്‍ക്ക് ഹിജാബ് ധരിക്കാം; ഇടക്കാല ഉത്തരവ് ബാധകമാവുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം; വ്യക്തത വരുത്തി കര്‍ണാടക ഹൈക്കോടതി
national news
അധ്യാപകര്‍ക്ക് ഹിജാബ് ധരിക്കാം; ഇടക്കാല ഉത്തരവ് ബാധകമാവുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം; വ്യക്തത വരുത്തി കര്‍ണാടക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th February 2022, 10:13 am

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട ആശയ കുഴപ്പത്തില്‍ വ്യക്തത വരുത്തി കര്‍ണാടക ഹൈക്കോടതി. നിലവില്‍ യൂണിഫോം നിര്‍ബന്ധമുള്ള പ്രീ യൂണിവേഴ്‌സിറ്റി കേളേജുകളിലേയും ബിരുദ കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇടക്കാല് ഉത്തരവ് ബാധകമാകുന്നതെന്നും അധ്യാപകര്‍ക്ക് ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം കോളേജുകളില്‍ യൂണിഫോം നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നിടത്തോളം അത് പിന്തുടരണമെന്നും ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് ജൈബുന്നിസ എം. കാസി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.

ഉഡുപ്പി കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി ഹാജരായ അഡ്വ. മുഹമ്മദ് താഹീര്‍ ഹിജാബിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികളെ തടയുന്നത് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്.

ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി വിശാല ബെഞ്ചില്‍ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കേസ് പരിഗണിക്കുക. കോളജുകള്‍, സി.ഡി.സികള്‍ എന്നിവരുടെ വാദമാണ് ഇന്നുണ്ടാവുക.

കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാറിന് ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്ന് എ.ജി പ്രഭുലിംഗ് നവദഗി കോടതിയെ അറിയിച്ചിരുന്നു. ഹിജാബ് വിവാദത്തിന് പിന്നില്‍ സി.എഫ്.ഐ ആണെന്ന ഉഡുപ്പി പി.യു കോളജിന്റെ വാദത്തിന് പിന്നാലെയാണ് കോടതിയുടെ നിര്‍ദ്ദേശം.

ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതപരമായ ആചാരമല്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരമെന്ന് വിദ്യാര്‍ത്ഥികള്‍ തെളിയിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.


Content Highlight: Teachers can wear hijab, The interim order applies only to students, Karnataka High Court clarified