| Thursday, 6th November 2014, 4:58 pm

അനധികൃത സ്ഥലം മാറ്റത്തെത്തുടര്‍ന്ന് അധ്യാപകന്‍ നിരാഹാര സമരത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അനധികൃതമായി സ്ഥലം മാറ്റുന്നതിനെതിരെ  മഹാരാജാസ് കോളജിലെ ഫിലോസഫി വിഭാഗം ജൂനിയര്‍ പ്രഫസറായ ദിലീപ് രാജ് നിരാഹാര സമരത്തില്‍. ഇന്ന് മൂന്ന് മണി മുതല്‍ 24 മണിക്കൂര്‍ സമരം നടത്താനാണ് അധ്യാപകന്‍ തീരുമാനിച്ചിരിക്കുന്നത്.

മഹാരാജാസ് കോളജിലെ ഒരു അസിസ്റ്റന്റ് പ്രഫസര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് മുന്നില്‍ സ്വന്തം ട്രാന്‍സ്ഫര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ഈ സംഭവം തര്‍ക്കത്തില്‍ എത്തിയപ്പോഴാണ് ട്രാന്‍സ്ഫര്‍ ചെയ്ത അധ്യാപകനേയും അതിന് പകരം വന്ന അധ്യാപകനേയും കേളേജില്‍ തന്നെ നിലനില്‍ത്തി തന്നെ സ്ഥലം മാറ്റാന്‍ ട്രിബ്യൂണല്‍ തീരുമാനിച്ചതെന്നാണ് ദിലീപ് പറയുന്നത്.

രാമനും രാമുവും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ റഹീമിനെതിരെ വിധി എന്ന രീതിയാണ് ട്രിബ്യൂണല്‍ കൈകൊണ്ടിരിക്കുന്നത് എന്നാണ് അധ്യാപകന്‍ പറയുന്നത്. അര്‍ഹത അനുസരിച്ച് എവിടെയും ജോലി ചെയ്യുന്നതിനുള്ള ബാധ്യത അധ്യാപകനുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നടപടിയായതിനാലാണ് എതിര്‍ക്കുന്നത് എന്നും ദിലീപ് പത്രക്കുറുപ്പില്‍ പറയുന്നു.

ഈ ഉത്തരവിനെ ചോദ്യം ചെയ്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ടെന്നും മഹാരാജാസിലെ അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ഒപ്പു ശേഖരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more