| Friday, 4th August 2017, 8:01 pm

'ങ്ങള് ദയവ് ചെയ്ത് മെഡിക്കല്‍ സയന്‍സില്‍ മാത്രം തള്ളിയാല്‍മതി; കണക്ക് പറയരുത്'; വായിച്ച തിരക്കഥകളുടെ എണ്ണം 'തള്ളിയ' ശ്രീനിവാസനെ കണക്കു നിരത്തി പൊളിച്ച് അധ്യാപകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കഴിഞ്ഞ കുറച്ചു നാളുകളായി മുതിര്‍ന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്താവനകളെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമാകാറുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ചോദിച്ചപ്പോള്‍ ബ്രോയിലര്‍ കോഴിയെ കുറിച്ച് പറഞ്ഞതെല്ലാം വന്‍ വിവാദമായിരുന്നു.

ഇപ്പോഴിതാ ശ്രീനിവാസന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഒരു തള്ളിന്റെ പേരിലാണ് ശ്രീനി വീണ്ടും “താരമാകുന്നത്”. 4583000 തിരക്കഥകള്‍ ശ്രീനിവാസന്‍ ഇതിനോടകം വായിച്ചിട്ടുണ്ടത്രേ.. നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണിന്റെ ആദ്യ ചിത്രം കല്യാണത്തിന്റെ പൂജയ്ക്കിടെ സംസാരിക്കവെയാണ് താന്‍ വായിച്ച് തള്ളിയ തിരക്കഥകളുടെ എണ്ണം ശ്രീനിവാസന്‍ പറയുന്നുത്.


Also Read:  ‘ചിത്രം വരയ്ക്കുന്നത് ഇസലാമിന് വിരുദ്ധം’; ഇംഗ്ലീഷ് താരം മൊയിന്‍ അലിയുടെ പെയിന്റിങ്ങിന് വിമര്‍ശനവുമായി മതമൗലികവാദികള്‍ 


എന്നാല്‍ താരത്തിന്റെ പ്ര്‌സാതവനയ്ക്ക് നല്ല ട്രോളും കിട്ടുണ്ട്. ശ്രീനിവാസന്‍ ഇത്രയും തിരക്കഥകള്‍ വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ഒരു വര്‍ഷം എത്ര തിരക്കഥകള്‍ വായിച്ചുകാണും എന്ന് തുടങ്ങി ഒരു തിരക്കഥ വായിക്കാന്‍ എടുക്കുന്ന സമയം വരെ ഹരിച്ചും ഗുണിച്ചും കണ്ടെത്തി കൊടുത്തിരിക്കുകയാണ് അധ്യാപകനായ രജിഷ് കുമാര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ. 15 മിനുട്ടില്‍ ശ്രീനിവാസന്‍ 2 തിരക്കഥകള്‍ വായിച്ചു തള്ളിയിരിക്കും എന്നാണ് രജിഷ് പറയുന്നത്.

സയന്‍സ് വിഷയങ്ങളിലും അവയവദാനത്തിലുമെല്ലാം അഭിപ്രായം പറയുമ്പോള്‍ അത് തെളിയിക്കാന്‍ ശാസ്ത്രീയ വഴികള്‍ ഉണ്ടായെന്ന് വരില്ല, പക്ഷേ കണക്ക് കൃത്യമായി പ്രൂവ് ചെയ്യാം എന്നും രജീഷ് പറയുന്നു.. തള്ളുമ്പോള്‍ അല്‍പ്പം മയത്തില്‍ തള്ളണമെന്ന് സാരമെന്നും അദ്ദേഹം ശ്രീനിയെ ഓര്‍മ്മിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
ങ്ങള് ദയവ് ചെയ്ത് മെഡിക്കല്‍ സയന്‍സില്‍ മാത്രം തള്ളിയാല്‍ മതി..
കണക്ക് പറയരുത്…
ചക്ക തിന്നാല്‍ എയ്ഡ്‌സ് മാറുമെന്നും അവയവ മാറ്റത്തെ കുറിച്ചും എന്തും പറയാം..
അത് പ്രൂവ് ചെയ്യാന്‍ വല്യ പാടാണ്…
അത് പോലല്ല കണക്ക്…!
താങ്കള്‍ ജനിച്ച അന്നു മുതല്‍ അക്ഷരാഭ്യാസമുള്ളയാളാണെന്നും മുലപ്പാലിന് മുന്നെ തന്നെ തിരക്കഥ വായിക്കാന്‍ തുടങ്ങീന്നും ഞങ്ങള്‍ കണക്ക് കാര് ആദ്യം Assume ചെയ്യട്ടെ…
ഞങ്ങ കണക്ക് കാര് അങ്ങനെയാ എന്തും കേറിയങ്ങ് സങ്കല്‍പ്പിക്കും..
ഇപ്പം അങ്ങേക്ക് 61 വയസ്..
അപ്പം താങ്കള്‍ ഒരു വര്‍ഷം വായിച്ചു തള്ളിയ തിരക്കഥകളുടെ എണ്ണം = 4583000/61 =75,131.1475
അപ്പം ഒരു വര്‍ഷം ശരാശരി 75131 തിരക്കഥകള്‍…
ഒരു വര്‍ഷത്തില്‍ 365 ദിവസം..
സോറി… കാല്‍ കുറച്ചൂന്ന് വേണ്ട… 365 l/4
അപ്പം ഒരു ദിവസം വായിച്ചു തള്ളിയത് = 75131/365.25 =205.697467.
ഒരൂസം 205 തിരക്കഥ…
മെഡിക്കല്‍ സയന്‍സ് ഒക്കെ കലക്കി കുടിച്ച ഇങ്ങേര് ഉറങ്ങാതെ തിരക്കഥ വായിക്കാനുള്ള സിദ്ധി കിട്ടിയ ആളാണെന്ന് കരുതാം..
ദിവസം 24 മണിക്കൂര്‍…
അപ്പം 1 മണിക്കൂറില്‍ ഇദ്ദേഹം വായിച്ചു തള്ളിയത് = 205/24 =8.54166667
ഒരു മണിക്കൂറില്‍ എട്ടിലധികം തിരക്കഥകള്‍…
കാല്‍ മണിക്കൂറോണ്ട് രണ്ട് തിരക്കഥകള്‍..
ജീവിതത്തില്‍ മറ്റൊന്നും ചെയ്യാതെ വായിച്ചോണ്ടിരുന്നാല്‍ ഒരു തിരക്കഥയ്ക്ക് ഏഴര മിനിറ്റ്…
ഇനീപ്പം എന്ത് ഔഷധം കഴിച്ചാണ് ഈ സിദ്ധി കിട്ടിയത് ന്ന് അറിഞ്ഞാല്‍ എനിക്കൊരു പാട് വായിക്കാനുണ്ടായിരുന്നു…

We use cookies to give you the best possible experience. Learn more