ജയ്പൂര്‍: രാജസ്ഥാനില്‍ വിദ്യാര്‍ത്ഥികളെകൊണ്ട് കാല് മസാജ് ചെയ്യിപ്പിച്ച അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍.
കാല് മസാജ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വിമര്‍ശനമുയരുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. അധ്യാപികയായ രേഖ സോണിക്കെതിരെയാണ് അധികൃതര്‍ നടപടിയെടുത്തത്.
നിലത്ത് കിടക്കുന്ന അധ്യാപികയുടെ കാലില്‍ കയറി നിന്ന ശേഷമാണ് വിദ്യാര്‍ത്ഥി മസാജ് ചെയ്യുന്നത്. മറ്റൊരു കുട്ടിയുടെ സഹായത്താലാണ് വിദ്യാര്‍ത്ഥി അധ്യാപികയ്ക്ക് മസാജ് ചെയ്ത് നല്‍കുന്നത്.
അതേസമയം മറ്റൊരു അധ്യാപിക ക്ലാസ് റൂമില്‍ ഇരുന്ന് ചിരിക്കുന്നതായും പ്രചരിച്ച വീഡിയോയില്‍ കാണാം.
വീഡിയോ ദൃശ്യങ്ങള്‍ കണ്ടതായി സമ്മതിച്ച എച്ച്.എം അഞ്ജു ചൗധരി സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് പ്രതികരിച്ചത്. അധ്യാപികയ്ക്ക് സുഖമില്ലായിരുന്നുവെന്നും തന്റെ കാലുകള്‍ ഒന്ന് മസാജ് ചെയ്യാന്‍ കുട്ടികളോട് അഭ്യര്‍ത്ഥിച്ചിരിക്കാമെന്നുമാണ് അഞ്ജു ചൗധരി പറഞ്ഞത്.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അവര്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ എച്ച്.എമ്മിന്റെ പ്രതികരണത്തിനെതിരെയും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
സംഭവം വിവാദമായതോടെ അധ്യാപികക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ടതായും പ്രത്യേക ഉദ്യോഗസ്ഥനെ സ്‌കൂളിലേക്ക് അയച്ചതായും വിദ്യാഭ്യാസ ഡയറക്ടര്‍ സീതാറാം ജാട്ട് പറഞ്ഞു.
കര്‍താര്‍പൂരിലെ ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. ഇത്തരത്തിലുള്ള നടപടികള്‍ ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്ന് വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറും പ്രതികരിച്ചു.
Content Highlight: Teacher suspended for foot massage by students in Rajasthan