സ്കൂളിലെ ലഹരിവിരുദ്ധ പരിപാടിയിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്‌പെൻഷൻ
Kerala News
സ്കൂളിലെ ലഹരിവിരുദ്ധ പരിപാടിയിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്‌പെൻഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th December 2022, 4:31 pm

ഇടുക്കി: സ്കൂളിലെ ലഹരിവിരുദ്ധ പരിപാടിയിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്‌പെൻഷൻ. വാഗമൺ കോട്ടമല ഗവൺമെന്റ് എൽ.പി സ്‌കൂൾ അധ്യാപകൻ വിനോദിനെതിരെയാണ് നടപടി.

നവംബർ പതിനാലിന് സ്‌കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയിൽ മദ്യപിച്ചെത്തിയതിനാണ് നടപടി.

വിദ്യാർത്ഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറാണ് അധ്യാപകനെതിരെ നടപടി എടുത്തത്.

മദ്യപിച്ചെത്തിയ അധ്യാപകൻ പരിപാടിക്കിടെ സ്കൂൾ പി.ടി.എ പ്രസിഡന്റുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ഇതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും അധ്യാപകനെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയുമായിരുന്നു. എന്നാൽ പരിശോധനയിൽ അധ്യാപകൻ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

അധ്യാപകന്റേത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും വിദ്യാഭ്യാസ മേഖലയ്ക്ക് ഇത് അവമതിപ്പ് ഉണ്ടാക്കി എന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. പൊലീസിന്റെ എഫ്‌.ഐ.ആറും പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണ റിപ്പോർട്ടും പരിഗണിച്ചാണ് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി.

Content Highlight: Teacher suspended for drunk during anti-drug programme at school