ആസാം: നാഷണല്‍ റജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്(എന്‍.സി.ആര്‍) പട്ടികയില്‍ നിന്നും പേര് തഴയപ്പെട്ടതിനെത്തുടര്‍ന്ന് ആസാമിലെ മംഗള്‍ദോയ് ജില്ലയില്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ നിരോദ് കുമാര്‍ ദാസ് ആത്മഹത്യ ചെയ്തു. പുതുക്കിയ പട്ടികയിലും തന്റെ പേരുള്‍പ്പെടാഞ്ഞതാണ് നിരോദിന്റെ ആത്മഹത്യയില്‍ കലാശിച്ചതെന്ന് ജില്ലാ എസ്.പി ശ്രീജിത്ത്.ടി അറിയിച്ചു.
പ്രഭാതസവാരിക്കു ശേഷം തിരിച്ചെത്തിയ നിരോധിനെ അല്‍പസമയത്തിനു ശേഷം വീട്ടുകാര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് എസ്.പി പറഞ്ഞു. അദ്ദേഹത്തിന്റേതൊഴികെ വീട്ടുകാരുടെ എല്ലാവരുടെയും പേര് എന്‍.സി.ആര്‍ പട്ടികയില്‍ വന്നിട്ടുണ്ട്.
“ഒരു വിദേശി എന്ന മുദ്രകുത്തലില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് ഞാന്‍ ഈ കടുത്ത തീരുമാനം എടുക്കുന്നത്”- നിരോധ് എഴുതി എന്ന് വീട്ടുകാര്‍ അവകാശപ്പെടുന്ന കുറിപ്പില്‍ പറയുന്നു. ആരേയും കുറ്റപ്പെടുത്തുന്നില്ലെന്നു പറയുന്ന കുറിപ്പില്‍ താന്‍ 1,200 രൂപ കടം നല്‍കാനുള്ള അഞ്ചു പേരുടെ വിവരങ്ങളും അവര്‍ക്ക് ഉടന്‍ തന്നെ കാശു തിരിച്ചു നല്‍കണമെന്നും വീട്ടുകാരോട് ആവശ്യപ്പെടുന്നുണ്ട്.
ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രദേശവാസികളും ബന്ധുക്കളും നിരോധിന്റെ മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടു നല്‍കാന്‍ വിസമ്മതിച്ചിരുന്നു. പ്രതിഷേധാര്‍ഹം ബംഗാളി വിദ്യാര്‍ത്ഥി സംഘടന ഇന്ന് നടത്തിയ ബന്ദില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും അടച്ചിട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അധ്യാപനവൃത്തിയില്‍ നിന്നും വിരമിച്ച ശേഷം സ്വകാര്യ വക്കീലായി ജോലിചെയ്തു വരികയായിരുന്നു നിരോധ്.
WATCH THIS VIDEO: