ജെറുസലേം: ഗസയിലെ യുദ്ധത്തിനു മുന്‍പ് തന്റെ ക്ലാസിലെ അവസാനദിവസം ഇരുന്ന് കരയുന്ന ഹബീബ എന്ന എട്ട് വയസുകാരി പെണ്‍കുട്ടിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കരയുന്ന പെണ്‍കുട്ടിയെ സമാധാനിപ്പിക്കുന്ന അധ്യാപകനെയും വീഡിയോയില്‍ കാണാം.
‘എന്താണ് മകളെ നിനക്ക് പറ്റിയത് ? നീ എന്തിനാണ് കരയുന്നത്? ഇത് ഈ വര്‍ഷത്തെ സ്‌കൂളിലെ അവസാന ദിവസമാണ് അല്ലാതെ നിന്റെ സ്‌കൂള്‍ ജീവിതത്തിലെ അവസാന ദിനം അല്ല’,എന്നായിരുന്നു അധ്യാപകന്റെ സാന്ത്വനം.
എന്നാല്‍ ഇസ്രഈല്‍ ആക്രമണത്തില്‍ ഒക്ടോബര്‍ 14 ന് ഹബീബ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ‘മകളെ എന്നോട് ക്ഷമിക്കൂ, ഇത് നിന്റെ അവസാനത്തെ സ്‌കൂള്‍ ദിനം ആയിരുന്നുവെന്ന് മനസ്സിലാക്കുന്നു , ഹബീബക്കും ഗസക്കും മേല്‍ സമാധാനം പുലരട്ടെ ‘, എന്ന വേദന നിറഞ്ഞ അധ്യാപകന്റെ വാക്കുകള്‍ അല്‍ ജസീറ പുറത്തുവിട്ടിരിക്കുകയാണ്.
View this post on Instagram
ഗസ യുദ്ധത്തിനു മുന്‍പും യുദ്ധത്തിനു ശേഷവും എന്ന തലക്കെട്ടോടുകൂടിയായിരുന്നു അല്‍ ജസീറയുടെ ഇന്‍സ്റ്റാഗ്രാം വീഡിയോ പോസ്റ്റ്.
ചിത്രം വരയ്ക്കുന്നതിനിടെ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ എട്ടുവയസ്സുള്ള മകള്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് ഹബീബയുടെ മാതാവ് പറഞ്ഞത് ഇങ്ങനെയാണ്.
‘എന്റെ ഹൃദയത്തിന്റെ കഷ്ണം ഹബീബ പോയി. ഞാന്‍ കടന്നു പോയ വഴികളിലൂടെ ഒരമ്മമാരും ഇനി കടന്നുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ശരീരത്തിന്റെ വേദനയേക്കാള്‍ വലുതാണ് എന്റെ മനസ്സിന്റെ വേദന.
എന്റെ മകള്‍ ചായങ്ങളുടെ ലോകത്ത് ഒരു നിറക്കൂട്ട് ആയിരുന്നു. ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള പെണ്‍കുട്ടിയായിരുന്നു അവള്‍. അവര്‍ അവളുടെ സ്വപ്നങ്ങളെ കൊന്നൊടുക്കി. എന്റെ സുന്ദരിയായ മകളെ എന്നില്‍ നിന്നും അടര്‍ത്തിയെടുത്തു.
എന്റെ മകള്‍ ഹബീബ സെന്‍സിറ്റീവും നിഷ്‌കളങ്കവുമായ പെണ്‍കുട്ടിയായിരുന്നു. അവള്‍ ക്ലാസ്സില്‍ ഒന്നാമത് ആയിരുന്നു. ഡോക്ടര്‍ ആവാനായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം. ഗസയിലെ കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള യുവാക്കളുടെ സംഘടനയായ ഫലസ്തീനിയന്‍ ചില്‍ഡ്രന്‍ കൗണ്‍സിലില്‍ ചേരാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു.
കോവിഡ് 19 അടിയന്തരാവസ്ഥയില്‍ എന്നോടൊപ്പം നിരവധി അന്താരാഷ്ട്ര സൂം മീറ്റിങ്ങുകളില്‍ അവള്‍ പങ്കെടുത്തിരുന്നു. മനുഷ്യാവകാശങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍, അന്താരാഷ്ട്ര നിയമങ്ങള്‍ എന്നിവയെകുറിച്ച് അവള്‍ ഒരുപാട് കേട്ടിരുന്നു. അവള്‍ അത് ഇഷ്ടപ്പെടുകയും ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്പര്യം കാണിക്കുകയും ചെയ്തിരുന്നു.
അവള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു . ഗസയിലെ കുട്ടികളെക്കുറിച്ചും അവസ്ഥയെക്കുറിച്ചും ആളുകളെ അറിയിക്കുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ സ്വപ്നം. ഇപ്പോള്‍ ഇതാ എന്റെ മകള്‍ തന്നെയാണ് വാര്‍ത്ത.
അവളുടെ മരണദിവസം ഹബീബ വളരെ ശാന്തയായിരുന്നു. ഒരു ശബ്ദം കേട്ടപ്പോള്‍ ഭയപ്പെടേണ്ട എന്ന് പറഞ്ഞു, എന്നിട്ട് അവള്‍ നിറങ്ങളും ബ്രഷുകളും ഉപയോഗിച്ച് മുടിയില്‍ തേച്ചുകൊണ്ട് ഞാനൊരു കലാകാരിയാണെന്ന് പറഞ്ഞു. ശേഷം യുദ്ധ വാര്‍ത്തകള്‍ പറയുന്ന ടെലിവിഷന്റെ ചിത്രവും അവള്‍ വരച്ചു. ഒരു മണിക്കൂറിനു ശേഷം ഒരു തെറ്റും ചെയ്യാത്ത നിരപരാധിയായ എന്റെ മകളെ അവര്‍ കൊലപ്പെടുത്തി.
ഞാന്‍ ഏഴുവര്‍ഷമായി ജോലി ചെയ്യുന്നു, അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു .ഇന്ന് ഞാന്‍ അവരെയെല്ലാം വിളിക്കുന്നത് മേഖലയിലെ വെടിനിര്‍ത്തലിനാണ് ‘, ഹബീബയുടെ മാതാവ് ഫേദാ മുര്‍ജന്‍ പറഞ്ഞതായി ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 14ന് സ്വന്തം വസതിയില്‍ ചിത്രം വരയ്ക്കുന്നതിനിടെയായിരുന്നു ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹബീബ കൊല്ലപ്പെട്ടത് .
Content Highlight: Teacher’s tearful words for his student ‘Habeeba’ who died in a Israel airstrike