| Thursday, 1st December 2022, 4:04 pm

ലെഗിന്‍സ് ധരിച്ചെത്തിയതിന് മോശമായി പെരുമാറി; പ്രധാനാധ്യാപികക്കെതിരെ ഡി.ഇ.ഒയ്ക്ക് പരാതിയുമായി അധ്യാപിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ലെഗിന്‍സ് ധരിച്ച് സ്‌കൂളില്‍ വന്നതിന് പ്രധാനധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായി അധ്യാപിക. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്.എം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥാണ് പ്രധാനാധ്യാപിക റംലത്തിനെതിരെ ഡി.ഇ.ഒയ്ക്ക് പരാതി നല്‍കിയത്.

ഹൈസ്‌കൂള്‍ ഹിന്ദി ടീച്ചറാണ് സരിത രവീന്ദ്രനാഥ്. കഴിഞ്ഞ ദിവസം ഓഫീസ് റൂമില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ തന്റെ വസ്ത്രധാരണത്തക്കുറിച്ച് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് ടീച്ചറുടെ പരാതി.

ലെഗിന്‍സ് മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമെന്ന് പ്രധാനാധ്യാപിക തന്നോട് പറഞ്ഞു. ലെഗിന്‍സ് ധരിച്ചെത്തിയ തന്നെ കണ്ടപ്പോള്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കാത്തത് സരിത ടീച്ചറെ കണ്ടിട്ടാണെന്ന് ആക്ഷേപം ഉന്നയിച്ചുവെന്നും അധ്യാപിക ആരോപിക്കുന്നു.

എന്നാല്‍, സ്‌കൂള്‍ മാന്വലില്‍ ലെഗിന്‍സ് ഇടരുതന്ന് പറഞ്ഞിട്ടില്ലെന്നും, എന്താണ് തന്റെ വസ്ത്രധാരണത്തിന്റെ പ്രശ്നമെന്നും സരിത ടീച്ചര്‍ പ്രധാനധ്യാപികയോട് ചോദിച്ചു.

ഇതോടെ ആക്ഷേപകരമായ തരത്തില്‍ പ്രധാന അധ്യാപിക സംസാരിച്ചുവെന്നാണ് പരാതി. പ്രധാനധ്യാപികയുടെ ചില പരാമര്‍ശങ്ങള്‍ കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെന്നും ടീച്ചറുടെ പരാതിയില്‍ പറയുന്നു.

വണ്ടൂര്‍ ഡി.ഇ.ഒയ്ക്ക് ഇ-മെയില്‍ വഴിയാണ് പരാതി അയച്ചിരിക്കുന്നത്. അടുത്ത സ്‌കൂള്‍ പി.ടി.എ യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാന അധ്യാപിക തയ്യാറായിട്ടില്ല.

’13 വര്‍ഷമായി അധ്യാപന രംഗത്തുളള ആളാണ് ഞാന്‍. അധ്യാപന ജോലിയ്ക്ക് ചേരാത്തവിധത്തില്‍ മാന്യതയില്ലാതെ ഒരു വസ്ത്രവും ഇതുവരെ ധരിച്ച് സ്‌കൂളില്‍ പോയിട്ടില്ല. അധ്യാപകര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ച് പോകാമെന്ന നിയമം നിലനില്‍ക്കെ പ്രധാന അധ്യാപികയുടെ ഇത്തരത്തിലുളള പെരുമാറ്റം ഏറെ മാനസിക വിഷമമുണ്ടാക്കി,’ രവീന്ദ്രനാഥ് പറഞ്ഞു.

Content Highlight: Teacher’s complaint to DEO, Headmistress misbehaved for coming to school wearing leggings

We use cookies to give you the best possible experience. Learn more