|

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ റിട്ട. അധ്യാപകന്‍ കെ.വി. ശശികുമാര്‍ വീണ്ടും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ റിട്ട. അധ്യാപകനും സി.പി.എമ്മിന്റെ മുന്‍ കൗണ്‍സിലറുമായ കെ.വി. ശശികുമാര്‍ പോക്‌സോ കേസില്‍ വീണ്ടും അറസ്റ്റില്‍.

രണ്ട് പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ശശികുമാര്‍ മറ്റൊരുകേസില്‍ വീണ്ടും അറസ്റ്റിലായത്. പുതിയ പരാതിയില്‍ വെള്ളിയാഴ്ചയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

പൂര്‍വ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ മലപ്പുറം വനിത പൊലീസാണ് പോക്‌സോ ചുമത്തിയത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശശികുമാറിനെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലടച്ചിരിക്കുകയാണ്.

അന്‍പതിലധികം പീഡന പരാതികളാണ് ശശികുമാറിനെതിരെ ഉയര്‍ന്നത്. രണ്ട് പൂര്‍വ വിദ്യാര്‍ഥിനികളുടെ പരാതിയിന്മേല്‍ കഴിഞ്ഞ മേയില്‍ ശശികുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍പോയ ഇയാളെ വയനാട് ബത്തേരിക്ക് സമീപത്തെ ഹോം സ്റ്റേയില്‍നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കുകയും ജയില്‍ മോചിതനാവുകയും ചെയ്തു.

ശശികുമാര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014ലും 2019ലും രക്ഷിതാക്കളില്‍ ഒരാള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു എന്ന് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ പറയുന്നു. പക്ഷെ ഈ വിവരം സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചില്ല.

തെളിവുകള്‍ കൈമാറിയിട്ടും പൊലീസ് ഇതുവരെ ഇക്കാര്യം അന്വേഷണ പരിധിയില്‍ കൊണ്ടുവന്നില്ലെന്നും പോക്സോ കുറ്റം മറച്ചു വച്ചതിനു സ്‌കൂളിന് എതിരെ കേസ് എടുത്തില്ലെന്നും പരാതിക്കാര്‍ പറയുന്നു.

CONTENT HIGHLIGHTS: . Teacher KV Sasikumar arrested again  complaint of molestation of student.