കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിക്കവെ ലൈംഗികാതിക്രമത്തിന് ഇരയായതായി അധ്യാപിക.
ബസിലെ മറ്റൊരു യാത്രക്കാരന്‍ തന്നെ കടന്നുപിടിച്ചെന്നും എന്നാല്‍ അതിക്രമത്തിനെതിരെ പ്രതികരിച്ചിട്ടും കണ്ടക്ടറുള്‍പ്പെടെ ആരും പിന്തുണച്ചില്ലെന്നും കോഴിക്കോട് സ്വദേശിയായ അധ്യാപിക പ്രതികരിച്ചു. പരാതിപ്പെട്ടിട്ടും കണ്ടക്ടര്‍ അത് ഗൗരവമായി എടുത്തില്ലെന്നാണ് യുവതി പറയുന്നത്.
തിരുവനന്തപുരം- കോഴിക്കോട് കെ.എസ്.ആര്‍.ടി.സിയിലായിരുന്നു സംഭവം. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വെച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്.
ഫേസ്ബുക്കിലൂടെയായിരുന്നു അധ്യാപിക ഇക്കാര്യം ആദ്യമായി തുറന്നുപറഞ്ഞത്.
മോശമായി പെരുമാറിയ യാത്രക്കാരനോട് താന്‍ പ്രതികരിക്കുന്നത് കണ്ടിട്ടും കണ്ടക്ടറോ ബസിലെ മറ്റ് യാത്രക്കാരോ തന്നോട് സംസാരിക്കുകയോ ഇടപെടുകയോ ചെയ്തില്ലെന്നും കണ്ടക്ടറോട് കാര്യം പറഞ്ഞപ്പോള്‍ അയാള്‍ തന്നെ കുറ്റപ്പെടുത്തുകയാണ് ഉണ്ടായതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അധ്യാപിക പറഞ്ഞു.
നേരിട്ട അതിക്രമത്തേക്കാള്‍ വേദനിപ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും കണ്ടക്ടര്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സിക്കും പൊലീസിനും പരാതി നല്‍കാനാണ് തീരുമാനമെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
”കണ്ടക്ടറും ബസിലെ യാത്രക്കാരുമൊക്കെ ഞാന്‍ സംസാരിക്കുന്നത് നോക്കുന്നുണ്ട്, കേട്ടിട്ടുണ്ട്. ആരും ഒന്നും മിണ്ടിയിട്ടില്ല. നേരിട്ട ചൂഷണത്തേക്കാളും ഷോക്കിങ് ആണിത്.
ഇത്രയും നടന്നിട്ടും ചേട്ടന്‍ എന്താണ് മിണ്ടാത്തതെന്ന് ഞാന്‍ കണ്ടക്ടറോട് ചോദിച്ചപ്പോള്‍ ‘അങ്ങേര് മാപ്പ് പറഞ്ഞതല്ലേ, ഇനി ഞാന്‍ എന്ത് ചെയ്യാനാ’, എന്നായിരുന്നു പ്രതികരണം.
‘ഇത്രയും പേര്‍ ബസിലുണ്ട്. ഇവരുടെയൊക്കെ സമയം മിനക്കെടുത്തിക്കുന്നത് എന്തിനാണ്. ഞങ്ങളൊക്കെ എത്ര ക്ഷീണിച്ചാണ് ഇരിക്കുന്നത് എന്ന് അറിയാമോ,’ എന്നൊക്കെ പറഞ്ഞ്, ഞാന്‍ പ്രതികരിച്ചതാണ് കുറ്റം എന്ന തരത്തിലാണ് കണ്ടക്ടര്‍ പെരുമാറിയത്,” യുവതി പ്രതികരിച്ചു.
ഹൈവേ പട്രോളിലുണ്ടായിരുന്ന രണ്ട് പൊലീസുകാരോട് കാര്യം പറഞ്ഞെന്നും ബസിലെ ഡ്രൈവര്‍ നല്ല രീതിയിലാണ് പെരുമാറിയതെന്നും അധ്യാപിക പറഞ്ഞു.
”പൊലീസുകാര്‍ പോയ ശേഷം ‘സമയം എത്രയാ പോകുന്നത്’ എന്ന് ബസിലെ യാത്രക്കാര്‍ പഞ്ഞതായി കേട്ടു. അങ്ങനെ, തൃശൂര്‍ പൊലീസ് സ്റ്റേഷനില്‍ പോകേണ്ട എന്നും നാട്ടില്‍, കോഴിക്കോട് എത്തിയിട്ട് റെസ്‌പോണ്ട് ചെയ്യാം എന്ന് വിചാരിച്ചാണ് ഇങ്ങോട്ട് വന്നത്.
ഇത്രയും പേര്‍ അവിടെ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിച്ചില്ല എന്നതാണ് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കിയത്.
നാളെ ഇനി ഒരു പെണ്‍കുട്ടിയെ ആ കണ്ടക്ടറുടെ മുന്നില്‍ വെച്ച് റേപ്പ് ചെയ്താലോ കൊന്നാലോ അയാള്‍ ഒന്നും മിണ്ടില്ല എന്നാണ് തോന്നുന്നത്. അങ്ങനെയുള്ള ഒരാള്‍ കെ.എസ്.ആര്‍.ടി.ലിയില്‍ എന്തിനാണ്. ട്രെയിനിനേക്കാളും നമ്മള്‍ സേഫ് ആയി യാത്ര ചെയ്യുന്ന ഒരു സ്‌പേസ് ആയിരുന്നു കെ.എസ്.ആര്‍.ടി.സി.
ഇത്തരത്തില്‍ അതിക്രമം നേരിട്ട ശേഷവും ഞാന്‍ നാണം കെട്ട അവസ്ഥയാണ്. ഇങ്ങനെയുള്ള ആളുകളെ ജോലിക്ക് വെക്കരുത് എന്ന് കെ.എസ്.ആര്‍.ടി.സിയോടാണ് പറയാനുള്ളത്,” അധ്യാപിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തന്നോട് മോശമായി പെരുമാറിയയാള്‍ ബസില്‍ നിന്നും ഇറങ്ങിപ്പോയെന്നും അപ്പോഴത്തെ അവസ്ഥയില്‍ അയാളെക്കുറിച്ച് ഒന്നും അന്വേഷിക്കാന്‍ സാധിച്ചില്ലെന്നും യുവതി പറഞ്ഞു.
Content Highlight: Teacher in Kozhikode says was sexually abused in KSRTC bus, ignored by conductor- going to file complaint