| Sunday, 10th December 2023, 8:48 pm

യു.പിയിൽ വിദ്യാർത്ഥിയുടെ രാം രാം മന്ത്രം തിരിച്ചു ചൊല്ലാത്തതിന് അധ്യാപകനെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹത്രാസ്: ഉത്തർപ്രദേശിൽ വിദ്യാർത്ഥിയുടെ രാം രാം അഭിസംബോധന തിരിച്ചുപറയാത്തതിന് ഉത്തർപ്രദേശിൽ അധ്യാപകനെ പുറത്താക്കി.

ഡിസംബർ അഞ്ചിന് ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം. സൈമ മൻസൂർ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അധ്യാപകനായ മുഹമ്മദ്‌ അദ്‌നാനോട്‌ രാം രാം എന്ന് പറഞ്ഞു. തുടർന്ന് അദ്‌നാൻ വിദ്യാർത്ഥിയെ ശാസിച്ചതായാണ് റിപ്പോർട്ടുകൾ.

സംഭവം അറിഞ്ഞ വിശ്വ ഹിന്ദുപരിഷത്ത്, ബജ്റങ് ദൾ സംഘടനകളിലെ പ്രവർത്തകർ സ്കൂളിലെത്തി മണിക്കൂറുകളോളം പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഇവർ ഹനുമാൻ ചാലീസ ചൊല്ലുകയുമുണ്ടായി.

ഇതിനെ തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ അധ്യാപകരെ പിരിച്ചുവിടുകയായിരുന്നു.

‘കഴിഞ്ഞ 30 വർഷമായി ഇരു സമുദായങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഇതുവരെ ഇങ്ങനെ ഒരു ആരോപണം ഉണ്ടായിട്ടില്ല. മുഹമ്മദ്‌ അദ്നാനെ ഞങ്ങൾ ചുമതലയിൽ നിന്ന് പുറത്താക്കി. സംഭവം അന്വേഷിക്കാൻ സ്കൂൾ ഭരണകൂടം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്,’ പ്രിൻസിപ്പൽ പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് അർച്ചന വർമ സംഭവം അന്വേഷിക്കുവാൻ കമ്മിറ്റിയെ നിയോഗിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു.

Content Highlight: Teacher fired for not responding to ‘Ram Ram’ greeting in UP

We use cookies to give you the best possible experience. Learn more