| Tuesday, 15th August 2023, 10:37 pm

'സ്വാതി എനിക്ക് വഴിയൊരുക്കിയതാണ്, സഹായിക്കാറുള്ള കുട്ടി, കസേര മാറ്റിയത് തെറ്റായി വ്യാഖ്യാനിച്ചു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഹാരാജാസിലെ വീഡിയോ വിവാദത്തില്‍ കൂടുതല്‍ വിശദീകരണവുമായി അധ്യാപകന്‍ ഡോ. സി.യു. പ്രതീഷ്. പുറത്തുവന്ന വീഡിയോയില്‍ കസേരമാറ്റുന്ന ദൃശ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും, ആ പെണ്‍കുട്ടി തനിക്ക് വഴിയൊരുക്കകയാണുണ്ടായതെന്നും അധ്യാപകന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ഡോ. സി.യു. പ്രതീഷിന്റെ പ്രതികരണം.

‘ക്ലാസില്‍ നിന്നിറങ്ങിയപ്പോള്‍ കസേര മാറ്റിത്തന്നത് സ്വാതിയാണ്. സ്വാതി വളരെ ജനുവിനായ, ഒരുപാട് നന്മയുള്ള കുട്ടിയാണ്. വീഡിയോ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവള്‍ എന്നെ പല ഘട്ടങ്ങളിലും സഹായിക്കാറുണ്ട്. ഞാന്‍ ക്ലാസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വഴിയൊരുക്കുകയായിരുന്നു സ്വാതി. അതുകൊണ്ട് സ്വാതിയെ ഇത്തരം ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണം എന്നാണ് പറയാനുള്ളത്. കാരണം ഒരുപാട് പോസിറ്റീവായ ഗുണങ്ങളുള്ള കുട്ടിയാണത്. ഇക്കാലത്ത് അങ്ങനെയുള്ള കുട്ടികള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ.

ഫാസിലിനെയും അറിയാം, ഫാസില്‍ ക്ലാസില്‍ വരുമ്പോള്‍ പെര്‍മിഷന്‍ ചോദിച്ചൊക്കെയാണ് വരാറുള്ളത്. വ്യക്തിപരമായി എനിക്ക് ഫാസില്‍ എന്നല്ല, ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയോടും യാതൊരു പ്രശ്‌നവുമില്ല,’ ഡോ. സി.യു. പ്രതീഷ് പറഞ്ഞു.

അതേസമയം, വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ തെറ്റ് മനസിലാക്കണമെന്നും, വീഡിയോ സ്വന്തം കുട്ടികള്‍തന്നെ പ്രചരിപ്പിച്ചത് വേദനിപ്പിച്ചുവെന്നും ഡോ. സി.യു. പ്രതീഷ് പറഞ്ഞു.

‘കുട്ടികളുടെ ഭാഗത്ത് നിന്ന് അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ ഷൂട്ട് ചെയ്യുന്നതും സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിച്ചതും ഞാന്‍ അറിയുന്നില്ല. ആ സാഹചര്യത്തിലാണ് സംഭവം മുഖ്യധാരയിലേക്ക് വരുന്നതും പരാതിയാകുന്നതും.

കുട്ടികളുടെ ഭാവിയെ കൂടി പരിഗണിച്ചുകൊണ്ട് ഇനി ഇത് ആവര്‍ത്തിക്കരുതെന്ന രീതിയില്‍ തെറ്റുകള്‍ തിരുത്തി കുട്ടികളെ പഠനത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയാണ് ആഗ്രഹിക്കുന്നത്,’ ഡോ. സി.യു. പ്രതീഷ് കൂട്ടിച്ചേര്‍ത്തു.

കെ.എസ്.യു യൂണിറ്റ് ഭാരവാഹി അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നത്. കോളേജിലെ മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.

Content Highlight: Teacher Dr. C.U. Pratish with explanation in Maharajas video controversy

We use cookies to give you the best possible experience. Learn more