| Friday, 5th July 2019, 8:25 am

സ്‌കൂളില്‍ കൃപാസനം പത്രം വിതരണം ചെയ്ത അധ്യാപികയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു; നടപടി വേണമെന്ന് രക്ഷിതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപിക കൃപാസനം പത്രം വിതരണം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണു പത്രം വിതരണം ചെയ്തത്. പഠിക്കുന്ന പുസ്തകത്തില്‍ പത്രം സൂക്ഷിക്കണമെന്നും കിടക്കുമ്പോള്‍ തലയണയുടെ അടിയില്‍ വെയ്ക്കണമെന്നുമാണ് അധ്യാപിക വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. ഇങ്ങനെ ചെയ്താല്‍ മികച്ച വിജയം നേടുമെന്നും അധ്യാപിക വിദ്യാര്‍ഥികളോടു പറഞ്ഞു.

അധ്യാപിക അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് അധ്യാപികയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കു പരാതി നല്‍കി. അതേസമയം കൃപാസന വിശ്വാസിയായ അധ്യാപിക, പഠനത്തില്‍ പിന്നാക്കത്തിലായ കുട്ടിക്കു കൃപാസനം പത്രം നല്‍കിയതാണെന്നും അവിടെച്ചെന്ന് പ്രാര്‍ഥിച്ചാല്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്ന് ഉപദേശിച്ചതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.

ഇത് സ്‌കൂള്‍ തുറന്ന ആഴ്ചയില്‍ നടന്ന സംഭവമാണെന്നും വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതു കഴിഞ്ഞയാഴ്ച കൃപാസനം പത്രം ദോശമാവിനൊപ്പം കഴിച്ച് യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തെത്തുടര്‍ന്നാണെന്നും നാട്ടുകാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more