ഹിജാബ് വിവാദം; ഇനി കോളേജിലേക്കില്ല; രാജിയിൽ ഉറച്ച് അദ്ധ്യാപിക
national news
ഹിജാബ് വിവാദം; ഇനി കോളേജിലേക്കില്ല; രാജിയിൽ ഉറച്ച് അദ്ധ്യാപിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th June 2024, 1:12 pm

കൊൽക്കത്ത: രാജിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഹിജാബ് വിവാദത്തിൽ രാജി വെച്ച കൊൽക്കത്തയിലെ സ്വകാര്യ ലോ കോളേജിലെ അദ്ധ്യാപിക. താൻ വീണ്ടും ജോലിയിൽ ചേരുന്നില്ലെന്ന് അറിയിച്ചുകൊണ്ട് അധ്യാപിക സഞ്ജിദ ഖാദർ കോളേജ് മാനേജ്‌മെൻ്റിന് ഇമെയിൽ അയക്കുകയായിരുന്നു.

‘നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും ചേരേണ്ടതില്ലെന്നും പുതിയ അവസരങ്ങൾ കണ്ടെത്താനും ഞാൻ തീരുമാനിക്കുകയാണ്, ഈ സമയത്ത് എൻ്റെ കരിയറിന് വേണ്ടിയുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു,’ എന്നായിരുന്നു തിരികെ കോളേജിലേക്ക് വരാൻ ആവശ്യപ്പെട്ടു കൊണ്ട് കോളേജ് അധികൃതർ അയച്ച സന്ദേശത്തിനുള്ള അവരുടെ മറുപടി.

അധ്യാപികയുടെ തീരുമാനത്തിൽ അവരെ ബഹുമാനിക്കുന്നെന്നും അവർക്കൊരു മികച്ച കരിയർ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നെന്നുമായിരുന്നു കോളേജ് അധികൃതർ ഇതിനോട് പ്രതികരിച്ചത്.

കഴിഞ്ഞ മൂന്ന് വർഷമായി എൽ.ജെ.ഡി ലോ കോളേജിൽ ജോലി ചെയ്യുന്ന സഞ്ജിദ ഖാദർ ഈ വർഷം മാർച്ച് മുതലാണ് ഹിജാബ് ധരിച്ച് ജോലിക്ക് വരാൻ തുടങ്ങിയത്. ഹിജാബിനെ ചുറ്റി പറ്റി വിവാദങ്ങൾ ആരംഭിച്ചതോടെ കോളേജ് അധികൃതർ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിനെ തുടർന്ന് സഞ്ജിദ ജൂൺ അഞ്ചിന് രാജി വെച്ചു.

വിഷയം വിവാദമായതോടെ കോളേജ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. ആശയവിനിമയത്തിൽ ഉണ്ടായ പ്രശ്നമാണ് ഇതിനു കാരണമെന്നാണ് അധികൃതർ പറഞ്ഞത്. തങ്ങൾക്ക് യാതൊരു തരത്തിലുള്ള ഡ്രസ് കോഡും ഇല്ലെന്നും അധ്യാപികയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും വൈകാതെ അവർ തിരിച്ചു വരുമെന്നുമാണ് കോളേജ് അധികൃതർ പറഞ്ഞിരുന്നത്.

Content Highlight: Teacher decides not to re-join after college allows head scarf