കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച റിട്ട. പ്രൊഫസറുടെ മരണം ഷവര്‍മ കഴിച്ചതുമൂലമാണെന്ന സംശയത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി.[]
സാല്‍വ കഫെയില്‍ നിന്നുള്ള ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് രോഗബാധിതനായി ഒരു റിട്ട. പ്രൊഫസര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജൂലായ് 28 ന് മരിച്ചെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചിരുന്നു. പ്രൊഫസറുടെ മകനും അസുഖത്തെ തുടര്‍ന്ന് ചികിത്സതേടിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് എറണാകുളത്തെ ഫുഡ് സേഫ്റ്റി ഡസിഗ്‌നേറ്റഡ് ഓഫീസര്‍ കെ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. എന്നാല്‍ മരണം ഷവര്‍മ കഴിച്ചത് കാരണമാണെന്നതിന് തെളിവുകളൊന്നും ലഭിച്ചില്ല. ഡങ്കിപ്പനിമൂലമാണ് പ്രൊഫസര്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഇവര്‍ ഷവര്‍മ കഴിച്ചിരുന്നതായി ഒരു ഡോക്ടറില്‍ നിന്നും അധികൃതര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. ഭക്ഷണം കഴിച്ച് ആറുമണിക്കൂറിനു ശേഷമാണ് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതായും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രൊഫസറും മകനും തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ചിരുന്നെന്നും എന്നാലത് സാല്‍വ കഫെയിലെ ഷവര്‍മയാണോയെന്ന് അറിയില്ലെന്നും പ്രൊഫസറുടെ ബന്ധു പറഞ്ഞു. ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായെന്ന സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു കൊച്ചിയിലെ അന്വേഷണമെന്നും ഇത് സംബന്ധിച്ച് ആര്‍ക്കും ഇപ്പോള്‍ പരാതികളില്ലെന്നും ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് ഷവര്‍മ കഴിച്ച് യുവാവ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയിലും തെളിവെടുപ്പ് നടത്തിയത്. ജൂലായ് 10 ന് വഴുതക്കാട്ടെ സാല്‍വ കഫെയില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേററ് ആലപ്പുഴ വീയപുരം സ്വദേശി സച്ചിന്‍ റോയ് മാത്യു പിന്നീട് ബാംഗ്ലൂരില്‍
മരിച്ചിരുന്നു. ഇവിടെ നിന്ന് ഷവര്‍മ കഴിച്ച ഇരുപതോളം പേര്‍ ഭക്ഷ്യവിഷബാധവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു.