| Tuesday, 14th May 2019, 1:18 pm

അധ്യാപകര്‍ പരീക്ഷ എഴുതിയ സംഭവം; കുട്ടികള്‍ സേ പരീക്ഷ എഴുതണം; പ്രതിഷേധവുമായി രക്ഷിതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കുട്ടികള്‍ക്ക് വേണ്ടി അധ്യാപകര്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് പൊതുവിദ്യഭ്യാസ വകുപ്പ്. ഫലം തടഞ്ഞു വെച്ച മൂന്ന് വിദ്യാര്‍ത്ഥികളാണ് സേ പരീക്ഷ എഴുതേണ്ടത്.

ഇവരുടെ പരീക്ഷ ഫീസ് സര്‍ക്കാര്‍ അടയ്ക്കും. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തി. വിദ്യഭ്യാസ വകുപ്പിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അധ്യാപകര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രധാനധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട് മുക്കം നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും പരീക്ഷ നടത്തിപ്പില്‍ അഡീഷനല്‍ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി. മുഹമ്മദ് ആണ് സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്ലസ് ടു ഇംഗ്ലീഷ്, പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷ എഴുതിയത്.

ഇതേ സ്‌കൂളിലെ തന്നെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ പരീക്ഷ ഓഫിസിലിരുന്ന് എഴുതുകയും രണ്ട് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷയും എഴുതിയെന്നുമാണ് ആരോപണം. തുടര്‍ന്ന് 32 കുട്ടികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായി കണ്ടെത്തുകയായിരുന്നു.

ഇദ്ദേഹത്തെയും പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ. റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ പി.കെ. ഫൈസല്‍ എന്നിവരെയുമാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തത്.

വകുപ്പുതല അന്വേഷണത്തിനു ശേഷം ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കും. നിഷാദ് കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനാണ്. ഇടുക്കി മുതലക്കോടം സ്‌കൂളിലെ ക്യാമ്പില്‍നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പറുകളുടെ മൂല്യനിര്‍ണയത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസിലെ കൈയക്ഷരം ഉള്‍പ്പെടെ സംശയം തോന്നിയതിനെ തുടര്‍ന്ന് ക്യാമ്പ് ചീഫാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികള്‍ എഴുതിയ പേപ്പര്‍ മാറ്റി അധ്യാപകന്‍ എഴുതിയ പേപ്പറുകളാണ് മൂല്യനിര്‍ണയത്തിന് അയച്ചത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഉത്തരക്കടലാസ് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കി. നാല് വിദ്യാര്‍ത്ഥികളുടെയും ഫലം തടഞ്ഞുവെച്ചിട്ടുണ്ട്.

കുട്ടികളെ അധ്യാപകര്‍ സഹായിച്ചതിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യമാണോ എന്ന് പരിശോധിക്കാനാണ് പൊലീസ് അന്വേഷണം. ഒന്നിലധികം പേര്‍ക്കായി ഇയാള്‍ ഉത്തരം എഴുതിയതില്‍ ദുരൂഹതയുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിഗമനം.

സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ ഒത്താശ വ്യക്തമാണെന്നും വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി സംശയിക്കുന്നതായും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമക്കേടിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശനനടപടിയെടുക്കുമെന്ന് ഹയര്‍സെക്കന്‍ഡറി, പരീക്ഷാബോര്‍ഡ് സെക്രട്ടറി ഡോ. എസ്.എസ്. വിവേകാനന്ദനും അറിയിച്ചു. സംഭവത്തില്‍ വിശദ അനേഷണം വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more