തേഞ്ഞിപ്പാലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ച് സ്വാതന്ത്ര്യദിനത്തിലാണ് പുകയൂര്‍ സ്വദേശിയായ അധ്യാപകന് നേരെ സംഘപരിവാറിന്റെ ആക്രമണം ഉണ്ടാകുന്നത്.
പെരുവള്ളൂര്‍ പുകയൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ഡോ. മനാട്ട് അരവിന്ദാക്ഷനെയാണ് ശനിയാഴ്ച വൈകീട്ട് പുകയൂര്‍ അങ്ങാടിയില്‍ വെച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആക്രമിക്കുന്നത്.
ഇരുമ്പു ദണ്ഡും വടിയുമായി എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അരവിന്ദാക്ഷനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അമിത് ഷായക്കെതിരെ പോസ്റ്റിട്ടു എന്ന് പറഞ്ഞായിരുന്നു തനിക്കെതിരായ ആക്രമണമെന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സംഘപരിവാറുകാരനായ പാര്‍ത്ഥന്‍ എന്നയാളാണ് തന്നെ ആക്രമിച്ചതെന്നും ഡോ. അരവിന്ദാക്ഷന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം. വിഷയത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അവരുടെ നേതാവ് അമിത് ഷായ്‌ക്കെതിരെ ഞാന്‍ പറഞ്ഞെന്നും അമിത് ഷായെ വിമര്‍ശിക്കാന്‍ പാടില്ലെന്നും പറഞ്ഞായിരുന്നു അക്രമം.
അമിത് ഷായ്ക്ക് കൊവിഡ് വന്നതുമായി ബന്ധപ്പെട്ടുള്ള ഒരു പോസ്റ്റായിരുന്നു അത്. ‘കര്‍മഫലം’ എന്ന രീതിയിലാണ് അത് വന്നത്. അത് ശരിക്കും പറഞ്ഞാല്‍ ഒരു ട്രോള്‍ ആയിരുന്നു. രണ്ട് വിഭാഗത്തിലുമുള്ള മത വര്‍ഗീയ വാദികളെ ട്രോള്‍ ചെയ്തതാണ്. മറ്റൊരു കൂട്ടം വര്‍ഗീയവാദികള്‍ അസുഖം സര്‍വശക്തന്‍ കൊടുത്തതാണെന്ന് പറയുന്ന രീതിയിലാണ് ആ ട്രോള്‍. ട്രോള്‍ പോലും മനസിലാക്കാനുള്ള ബുദ്ധി സംഘികള്‍ക്ക് ഉണ്ടാവില്ല. അതിന്റെ അര്‍ത്ഥം പോലും മനസിലാകാതെ എന്നെ ആക്രമിക്കുകയായിരുന്നു. ചിന്തിക്കാന്‍ ശേഷിയുള്ള ആളുകള്‍ പൊതുവെ സംഘപരിവാറിലൊക്കെ കുറവായിരിക്കും. അതാണ് കാര്യം. വിമര്‍ശനങ്ങളെ പോലും സഹിഷ്ണുതയോടെ കാണാന്‍ അവര്‍ക്ക് സാധിക്കില്ല. ജനാധിപത്യ വിരുദ്ധരാണ് യഥാര്‍ത്ഥത്തില്‍ അവര്‍. ജനാധിപത്യത്തെ അംഗീകരിക്കാത്തവര്‍ക്കേ ഇങ്ങനെ ആവാന്‍ കഴിയുകയുള്ളൂ. ഫാസിസം കൊണ്ട് എല്ലാം ശബ്ദങ്ങളേയും അടിച്ചമര്‍ത്താമെന്നാണ് അവര്‍ കരുതുന്നത്.
നിയമപരമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. ഇത്തരത്തിലൊരു പ്രവണത വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ല. വിഷയത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ അടക്കം ഇടപെട്ടിട്ടുണ്ട്. ഞാന്‍ ഈ പോസ്റ്റിട്ടതിന് ശേഷം വ്യക്തിപരമായി എന്നെ ആക്ഷേപിച്ചുകൊണ്ട് എന്നെ ആക്രമിച്ച ആള്‍ തന്നെ നേരത്തെ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരുന്നു.
എന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചായിരുന്നു ആക്ഷേപിച്ചത്. അതില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ വേണ്ടി നില്‍ക്കുന്ന സമയത്താണ് ഇത്. അതിന്റെ സ്‌ക്രീന്‍ഷോട്ട് എല്ലാം എന്റെ കൈവശമുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ പ്രതികരിച്ചിട്ടില്ല. എന്നിട്ടും മതിയാകാതെയാണ് ഈ ആക്രമണം നടത്തിയത്. അക്രമിച്ചയാള്‍ നേരത്തേയും വെട്ടുകേസുകളില്‍ പ്രതിയാണ്. ഇയാളെ ഭയന്നിട്ട് പരാതിക്കൊടുക്കാത്തവര്‍ വരെ ഉണ്ട്’ അരവിന്ദാക്ഷന്‍ പറഞ്ഞു.
അതേസമയം അധ്യാപകന് നേരെയുണ്ടായ അക്രമം പ്രതിഷേധാര്‍ഹമെന്ന് അബ്ദുള്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറണം. നിസാര പ്രശ്‌നത്തിന്റെ പേരില്‍ നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടി ഭൂഷണമല്ലെന്നും എം.എല്‍.എ പറഞ്ഞു.
അരവിന്ദാക്ഷന് നേരെ സംഘപരിവാര്‍ നടത്തിയ അക്രമത്തില്‍ പേരുവള്ളൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. നാട്ടിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് യു.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
അക്രമത്തില്‍ കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി മലപ്പുറം ജില്ല കമ്മറ്റിയും ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. പ്രവാസി ഗാന്ധിദര്‍ശന്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ് ഡോ. അരവിന്ദാക്ഷന്‍.
ആസൂത്രിതമായ ആക്രമണം തന്നെയാണ് നടന്നതെന്നും ഒരാഴ്ച മുന്‍പ് അരവിന്ദാക്ഷന്റെ വീട്ടില്‍ ആര്‍.എസ്.എസുകാര്‍ പോയിട്ടുണ്ടെന്നും അരവിന്ദാക്ഷന്റെ സുഹൃത്ത് അബ്ദുറഹ്‌മാന്‍ കാവുങ്കല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഒരു സാധാരണ ട്രോള്‍ പോസ്റ്റുമാത്രമായിരുന്നു അത്. എന്നാല്‍ ആ പോസ്റ്റിട്ടതിന് പിന്നാലെ അരവിന്ദാക്ഷനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുമായി ഇപ്പോള്‍ ആക്രമിച്ച പ്രതി തന്നെ രംഗത്തെത്തിയിരുന്നു.
അതിന് ശേഷമാണ് ശനിയാഴ്ച ഇദ്ദേഹത്തിന് നേരെ അക്രമം ഉണ്ടായത്. അടിച്ച് താഴെയിട്ടശേഷം വണ്ടിയില്‍ നിന്നും ഇരുമ്പ് വടിയെടുത്തും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഞാനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നത്.
അക്രമിച്ചയാള്‍ താനൂനിലും എ.ആര്‍ നഗറിലും വെട്ടുകേസില്‍ പ്രതിയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനേയും എസ്.ഡി.പി.ഐക്കാരേയും മര്‍ദ്ദിച്ച കേസിലെ പ്രതിയാണ്. ആസൂത്രിതമായ ആക്രമണം തന്നെയാണ് ഇത്. ഒരാഴ്ച മുന്‍പ് അരവിന്ദാക്ഷന്റെ വീട്ടില്‍ ആര്‍.എസ്.എസുകാര്‍ പോയിട്ടുണ്ട്. ഇത് കഴിഞ്ഞ ശേഷം കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് പറഞ്ഞ് ഇവിടുത്തെ സംഘപരിവാറുകാര്‍ ചിലര്‍ വിളിച്ചിരുന്നു. പക്ഷേ ഞങ്ങള്‍ അതിന് തയ്യാറല്ല. ഇനിയും ഇത്തരമൊരു വിഷയം ആവര്‍ത്തിക്കാന്‍ പാടില്ല. കേസുമായി മുന്നോട്ടുപോകാനാണ് ഞങ്ങളുടെ തീരുമാനം.
സംഘപരിവാറിനെതിരെ സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയാണ് അരവിന്ദാക്ഷന്‍. അതാണ് വിരോധനത്തിന് പിന്നില്‍. ഇത് വ്യക്തിപരമായ കാര്യമാണെന്നും രാഷ്ട്രീയവിഷയമാക്കിയതാണെന്നുമാണ് അവര്‍ പറയുന്നത്. അമിത് ഷായെ കുറിച്ച് പറയുന്നത് വ്യക്തിപരമാവില്ലല്ലോ, അത് രാഷ്ട്രീയം തന്നെയല്ലേ, അബ്ദുറഹ്‌മാന്‍ കാവുങ്കല്‍ ചോദിച്ചു.