| Sunday, 25th September 2022, 4:12 pm

മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തിയതിന് വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി യൂണിഫോം കഴുകി അധ്യാപകന്‍; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തിയെന്നാരോപിച്ച് മറ്റ് കുട്ടികളുടെ മുമ്പില്‍ വെച്ച് വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ഷഹ്‌ദോള്‍ ജില്ലയിലെ ആദിവാസി ക്ഷേമ വകുപ്പ് നടത്തുന്ന സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.

യൂണിഫോമിന് വൃത്തിയില്ലെന്നും മുഷിഞ്ഞതാണെന്നും ചൂണ്ടിക്കാണിച്ചാണ് പ്രതി വിദ്യാര്‍ത്ഥിനിയുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ചത്. ശ്രാവണ്‍കുമാര്‍ ത്രിപാഠിയെന്ന അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥിനി വസ്ത്രം മാറുന്ന ചിത്രങ്ങള്‍ പ്രതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധവുമായി ഗ്രാമവാസികള്‍ രംഗത്തെത്തുകയായിരുന്നു.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അടിവസ്ത്രത്തില്‍ നിര്‍ത്തുകയും അധ്യാപകന്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ കഴുകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മറ്റ് കുട്ടികള്‍ സമീപത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. യൂണിഫോം ഉണങ്ങുന്നത് വരെ രണ്ട് മണിക്കൂറോളമാണ് വിദ്യാര്‍ത്ഥിനി വസ്ത്രമില്ലാതെ മറ്റ് കുട്ടികള്‍ക്ക് മുമ്പില്‍ നിന്നത്.

കുട്ടിയുടെ ചിത്രങ്ങള്‍ ആദിവാസി ക്ഷേമ വകുപ്പിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അധ്യാപകന്‍ ത്രിപാഠി തന്നെയാണ് പങ്കുവെച്ചത്. ‘ശുചിത്വ സന്നദ്ധപ്രവര്‍ത്തകന്‍’ (സ്വച്ഛതാ മിത്ര) എന്ന അടിക്കുറിപ്പോടെയാണ് പ്രതി ചിത്രങ്ങള്‍ ഗ്രൂപ്പിലിട്ടത്.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ആദിവാസി ക്ഷേമ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ആനന്ദ് റായ് സിന്‍ഹ പറഞ്ഞു.

Content Highlight: Teacher arrested for making student naked infront of other students , probe goes on

We use cookies to give you the best possible experience. Learn more