മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ ചൂരല്‍ ഉപയോഗിച്ച് തല്ലിയ അധ്യാപിക അറസ്റ്റില്‍
Kerala News
മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ ചൂരല്‍ ഉപയോഗിച്ച് തല്ലിയ അധ്യാപിക അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th October 2024, 4:50 pm

കൊച്ചി: മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മൂന്നരവയസ്സുകാരനെ ചൂരല്‍ ഉപയോഗിച്ച് തല്ലിയ അധ്യാപിക അറസ്റ്റില്‍. മട്ടാഞ്ചേരി പാലസ് റോഡ് സ്വദേശി സീതാലക്ഷ്മിയാണ് അറസ്റ്റിലായത്. മട്ടാഞ്ചേരിയിലെ സ്മാര്‍ട്ട് പ്ലേസ് എന്ന പ്ലേ സ്‌കൂളിലെ അധ്യാപികയാണ് ഇവര്‍.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. കുട്ടി എഴുതാത്തതിന്റെ പേരില്‍ ടീച്ചര്‍ കുട്ടിയുടെ മുതുകില്‍ ചൂരല്‍ ഉപയോഗിച്ച് തല്ലുകയായിരുന്നു. കുട്ടി തിരികെ വീട്ടില്‍ എത്തിയപ്പോള്‍ മുതുകിലെ ചുവന്ന പാടുകള്‍ കണ്ട രക്ഷിതാക്കള്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ ചികി
ത്സ തേടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരമാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപികയ്‌ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ക്ലാസ്സ് മുറിയില്‍ വെച്ചാണ് മര്‍ദനം ഉണ്ടായിരിക്കുന്നതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.

സ്‌കൂളുകളില്‍ അച്ചടക്കം നിലനിര്‍ത്താന്‍ വേണ്ടി സ്‌കൂളുകളില്‍ ലളിതമായ തിരുത്തല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാന്‍ സാധിക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായ പരിക്കുകള്‍ ഏല്‍പ്പിച്ചാലോ ശാരീരിക ആക്രമണമോ ഉണ്ടാക്കിയാല്‍, ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം അധ്യാപകനെ ശിക്ഷിക്കാമെന്നും വിധിന്യായത്തില്‍ പറയുന്നു. എന്നാല്‍ ഈ കേസില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനമുണ്ടായതിനാല്‍ ജുവനൈല്‍ നിയമപ്രകാരം കേസ് എടുക്കാന്‍ സാധിക്കും എന്നാണ് വിലയിരുത്തല്‍.

ജെ.ജെ ആക്ടിലെ സെക്ഷന്‍ ഏഴ് പ്രകാരമാണ് കേസ് എടുക്കാന്‍ സാധിക്കുക. പെട്ടെന്നുള്ള ദേഷ്യത്തില്‍ കുട്ടിയുടെ ആരോഗ്യം അപകടപ്പെടുത്തുന്ന തരത്തില്‍ അടിക്കാന്‍ അധ്യാപകര്‍ക്ക് അവകാശമില്ലെന്നും വിധി ന്യായത്തില്‍ കോടതി ഊന്നിപ്പറഞ്ഞു.

Content Highlight: Teacher arrested for beating three-and-a-half-year-old boy with cane in Mattancherry