Kerala News
സി.ആര്‍. ഓമനക്കുട്ടന് നാടിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 17, 12:48 pm
Sunday, 17th September 2023, 6:18 pm

കൊച്ചി: അധ്യാപകനും സാഹിത്യകാരനുമായ സി.ആര്‍. ഓമനക്കുട്ടന്റെ മൃതദേഹം സംസ്‌കരിച്ചു. ഞായറാഴ്ച രവിപുരത്തെ പൊതുശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.

ഞായറാഴ്ച കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
നടന്മാരായ മമ്മൂട്ടി, മനോജ് കെ. ജയന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, സൗബിന്‍ ഷാഹിര്‍ സംവിധായകന്‍ ആഷിക് അബു എഴുത്തുകാരന്‍ എം.കെ. സാനു തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.

ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു സി.ആര്‍. ഓമനക്കുട്ടന്റെ(80) അന്ത്യം. കേട്ടയം തിരുനക്കര സ്വദേശിയാണ്.

25ലേറെ പുസ്തകങ്ങളും 150ലേറെ കഥകളും എഴുതിയ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി ജേതാവാണ്. അടിന്തരാവസ്ഥക്കാലത്ത് പൊലീസ് മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട രാജനെക്കുറിച്ചെഴുതിയ ‘ശവം തീനികള്‍’ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്.

മഹാരാജാസ് കോളേജില്‍ 23 വര്‍ഷം അധ്യാപകനായി ജോലി ചെയ്തു.
സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. സംവിധായകന്‍ അമല്‍ നീരദ് മകനാണ്.