ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലേക്ക് ഒരു വര്‍ഷക്കാലം പഠിക്കാന്‍ പോയ ഒമ്പതാം ക്ലാസ്സു വിദ്യാര്‍ത്ഥികള്‍ ലോക്ക്ഡൗണ്‍ കാലത്ത് അതതു വിദ്യാലയങ്ങളില്‍ കുടുങ്ങി പോയത് വലിയ സങ്കട വാര്‍ത്തയായിരുന്നു. 177 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും പ്രാദേശിക ഭാഷാധ്യാപകരുമാണ് ഇപ്രകാരം ലോക്ക്ഡൗണ്‍ കാലത്ത് വെക്കേഷന്‍ വിദ്യാലയ വളപ്പില്‍ കഴിച്ചു കൂട്ടാന്‍ നിര്‍ബന്ധിതരായത്.
പിന്നീട് നവോദയ സമിതിയുടെ ശക്തമായ ഇടപെടലുകള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ കുട്ടികളെ അവരവരുടെ നാടുകളില്‍ തിരിച്ചെത്തിക്കാന്‍ തീരുമാനമായി. ഒന്നര മാസത്തെ കാത്തിരിപ്പിന് വിരാമമായി. കൊവിഡ് കാലത്ത് അതിസാഹസികമായ ഒരു വിജന വീഥിയിലൂടെയുള്ള ഒരു ഭാരത പര്യടനം തന്നെയായിരുന്നു അത്.
എന്നെപ്പോലെ കുട്ടികളോടൊപ്പം യാത്ര ചെയ്ത അധ്യാപക സുഹൃത്തുക്കള്‍ക്ക് ഈ അനുഭവ സാക്ഷ്യം സമര്‍പ്പിക്കുന്നു. ഏറെ വ്യത്യസ്തമായിരിക്കില്ല അവരുടെ കഥയും. ഹമീ നവോദയ ഹോ!
ഉത്തര്‍പ്രദേശിലെ അമേഠി നവോദയ വിദ്യാലയത്തില്‍ കോവിഡ് കാലത്ത് നാട്ടിലെത്താനാകാതെ കുടുങ്ങിപ്പോയിരിക്കുകയായിരുന്നു 19 മലയാളി കുട്ടികളും 2 അധ്യാപകരും. ഭീതിദമായ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആപ് ജഹാം ഹോ വഹീം രഹോ ‘ ബാഹര്‍ നഹീ നികല്‍ നാ’
എന്ന് മോദീ ജീ ഓരോ തവണ ഓര്‍മ്മിപ്പിക്കുമ്പോഴും മനസ്സില്‍ തീമഴയായിരുന്നു.
സ്വന്തം നാട്ടിലെത്തുക എന്നത് ഏതൊരാളെയും പോലെ മനസ്സിനെ വല്ലാതെ കൊതിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും കുട്ടികളെ നാട്ടിലെത്തിക്കുക എന്ന വലിയ ദൗത്യത്തിനു മുന്നില്‍ സ്വന്തം ആഗ്രഹം നിസ്സാരമായിരുന്നു. തരക്കാരോടൊപ്പം ടി.വി കണ്ടും കളിച്ചും ചിരിച്ചും കണ്ണിമാങ്ങ പെറുക്കിയും നടന്ന അവര്‍ക്ക് ടീച്ചറും സാറും ഉണ്ടല്ലോ എപ്പോഴായാലും എത്താം എന്ന വിചാരമായിരുന്നു. മഹാമാരി സമയത്ത് മക്കള്‍ അകലെയായതിന്റെ നൊമ്പരം രക്ഷിതാക്കളുടെ വേവലാതിയായി.
ഒടുവില്‍ നീണ്ട 45 ദിവസങ്ങള്‍ക്കുശേഷം തീവണ്ടിയാത്രക്ക് അനുവാദം ലഭിക്കാത്തതിനാല്‍ കുട്ടികളെ ബസ്സില്‍ നാട്ടിലെത്തിക്കാന്‍ പദ്ധതി തയ്യാറായി. നാട്ടിലെത്താം എന്ന ചിന്ത എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ വെളിച്ചം വീശി എന്നാല്‍ നീണ്ട ആറു ദിവസം ബസ്സിലിരുന്ന് യാത്ര ചെയ്യണം. ഇടക്ക് പുറത്തിറങ്ങാനോ എന്തെങ്കിലും വാങ്ങിക്കഴിക്കാനോ പാടില്ല, ശൗചാലയങ്ങള്‍ പോലും സൂക്ഷിച്ച്
തെരഞ്ഞെടുക്കണം. അങ്ങനെ നവോദയ വിദ്യാലയ സമിതിയുടെ നീണ്ട നിര്‍ദ്ദേശ പട്ടിക വന്നു മാസ്‌ക്, സാനിറ്റൈസര്‍, കൈയ്യുറകള്‍ അങ്ങിനെ
മുന്‍പരിചയമില്ലാത്ത ചില അലങ്കാര വസ്തുക്കള്‍ വേറെയും. മെയ് 7ന് രാവിലെ 5 മണിക്ക് ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ നീളമുള്ള ഒരു എ.സി.ബസ്സ് വിദ്യാലയാങ്കണത്തില്‍ എത്തി .കാക്കിയണിഞ്ഞ 2 ഡ്രൈവര്‍ മാരും നീല യൂണിഫോമണിഞ്ഞ ഒരു ക്ലീനറും ഒപ്പം.
ലോക് ഡൗണില്‍ പെട്ട് വീട്ടില്‍ പോകാനാകാതെ ക്യാമ്പസില്‍ കുടുങ്ങിപ്പോയ ചില അധ്യാപക അനധ്യാപകരും കുടുംബാംഗങ്ങളും ഞങ്ങളെ യാത്രയാക്കാനെത്തി. പ്രിന്‍സിപ്പാള്‍ പച്ചക്കൊടി വീശി ബസ്സിന് യാത്രാനുമതി നല്‍കി.
തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളുടെ നീണ്ട യാത്രയും അതില്‍ നേരിടാന്‍ പോകുന്ന വൈഷമ്യങ്ങളും കാലേ കൂട്ടി കണ്ടതില്‍ കുണ്ഠിതപ്പെട്ട് നില്‍ക്കുന്ന രഞ്ജന്‍ സാറും, സ്വതസിദ്ധമായ നിറചിരിയുമായി കൈവീശി നില്‍ക്കുന്ന നവീന്‍ സാറും നേര്‍ത്ത സങ്കടത്താല്‍ കണ്ണു തുടക്കുന്ന മേട്രന്‍ ഇന്ദ്രാവതി മാഡവും ഇനി എനിക്കും ഇവിടെ നിന്ന് രക്ഷപ്പെടാമല്ലോ എന്ന ആശ്വാസത്തോടെ പുഞ്ചിരിച്ച് കൈ വീശി നില്‍ക്കുന്ന കൗണ്‍സിലര്‍ ഹര്‍ഷിതയും കണ്‍മുന്നില്‍ നിന്ന് പിന്നിലേക്ക് ഓടിമറഞ്ഞു.
അപ്പോഴാണ് കഴിഞ്ഞ ഒരു മാസക്കാലമായി മലയാളി കുട്ടികള്‍ ഭക്ഷണം കൊടുത്തു സ്‌നേഹിച്ചു വളര്‍ത്തിയ പ്രീതി എന്ന നായ്കുട്ടി ബസ്സിന്റെ പിന്നാലെ ഓടി വരുന്നത് കണ്ണില്‍പ്പെട്ടത്. ആ കാഴ്ച കുട്ടികളുടെ കണ്ണുകളെയും ഈറനണിയിച്ചു.
യു.പിക്കാരി പട്ടിയെ മലയാളം പഠിപ്പിക്കുകയും മലയാളത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി പരിപാലിക്കുകയും ചെയ്തതും ദേശീയോദ്ഗ്രഥനത്തിന്റെ ഒരു പുതിയ വശം. ഏറെ ദൂരം പിന്നാലെയോടി ദയനീയമായ നോട്ടത്തോടെ പകച്ചു നില്‍ക്കുന്ന പ്രീതിയുടെ ചിത്രം ഹര്‍ഷിത മൊബൈലില്‍ പകര്‍ത്തി വാട്ട്‌സ്ആപ്പില്‍ അയച്ചു തന്നു.
യാത്രയുടെ ഒന്നാം ദിവസം
തികച്ചും അസാധാരണവും വ്യത്യസ്തവും അതേ സമയം അതിസാഹസികവുമായ ഒരു യാത്രക്കാണ് തങ്ങള്‍ തയ്യാറായിരിക്കുന്നത് എന്ന് അറിയാമെങ്കിലും സഹപ്രവര്‍ത്തകരും കുട്ടികളും ഭര്‍ത്താവും മകളും ഒപ്പുണ്ടായിരുന്നതിനാല്‍ വലിയ ഭയമൊന്നും തോന്നിയില്ല.
എന്നാല്‍ സ്‌കൂളിനു പുറത്തു കടന്നപ്പോഴാണ് കാര്യത്തിന്റെ തീഷ്ണത വ്യക്തമായത് കണ്ണെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന ഗോതമ്പുപാടങ്ങള്‍ ശൂന്യമായിരുന്നു, വഴിയോരങ്ങളും ഗ്രാമ വീഥികളും തികച്ചും ശൂന്യം. അങ്ങനെ വിജനമായ റോഡിലൂടെ സ്വപ്ന സമാനമായ ഒരു യാത്ര. ഞങ്ങളുടെ ബസ്സല്ലാതെ ഒരു ഇരുചക്ര വാഹനമോ ഒരു കാല്‍ നടയാത്രക്കാരനെയോ വഴിയോരങ്ങളില്‍ കാണാനായില്ല.
”ഖര്‍ മേം രഹോ, ഖര്‍ മേം രഹോ ഖര്‍ മേഹീ രഹോ ബാഹര്‍ നഹീ നികല്‍ നാ”
മോദീ ജീയുടെ നിര്‍ദ്ദേശം ഭാരത ജനത നെഞ്ചേറ്റിയിരിക്കുന്നു. സാമ്പത്തികമായും സാങ്കേതികമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന വന്‍കിട രാജ്യങ്ങള്‍ ഒരു നിസ്സാര വൈറസിനു മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ നമ്മുടെ രാജ്യത്തിന് ആ ഒരവസ്ഥ ഉണ്ടാവാതിരിക്കാനുള്ള സര്‍ക്കാര്‍ മുന്‍കരുതലുകളെ പാലിക്കാന്‍ തയ്യാറായ ജനങ്ങളോട് ,ഉത്തരവാദപ്പെട്ട അധികാരികളോട്, സുരക്ഷാ ഉദ്യോഗസ്ഥരോട്, ആരോഗ്യ പ്രവര്‍ത്തകരോട് ശുചിത്വ തൊഴിലാളികളോട് ഒക്കെ കൃതജ്ഞത തോന്നി. ഒപ്പം ഈ ദൗത്യത്തില്‍ ഒട്ടും ആഗ്രഹിക്കാതെയാണെങ്കിലും വന്നു പെട്ടതില്‍ കൃതാര്‍ത്ഥതയും ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആകാംക്ഷയും ഭയവുമായി ഈ കോവിഡ് കാലത്ത് അതി സാഹസികമായ ഒരു ബസ് യാത്ര.
എട്ടും പൊട്ടും തിരിയാത്ത 14 വയസ്സു മാത്രം പ്രായമുള്ള 19 കുട്ടികള്‍. അവരോടൊപ്പം ഞാനും പ്രജീഷ് സാറും ജ്യോതി മാഡവും പാണ്ഡേ ജിയും (കുക്ക് ) 2 ഡ്രൈവര്‍മാരും ഒരു സഹായിയും. കൊറോണ വൈറസ് തികച്ചും വിജനമാക്കിയ റോഡുകളിലൂടെ ഇടക്കിടെ ചെക്ക് പോസ്റ്റുകളില്‍ നിറുത്തി കാര്യങ്ങള്‍ വ്യക്തമാക്കിയും അനുവാദം വാങ്ങിയും ഉള്ളില്‍ നുരഞ്ഞുപൊന്തുന്ന വിഷമങ്ങളും വേദനയും ഉത്തരവാദിത്തത്തിനു വഴിമാറിക്കൊടുക്കുമ്പോള്‍, കുട്ടികള്‍ ഭയക്കാതിരിക്കാന്‍ വേവലാതിപ്പെടാതിരിക്കാന്‍ പ്രജീഷ് മനപ്പൂര്‍വ്വം പറയുന്ന തമാശകള്‍ ഒരു ആശ്വാസമായി. ചിരി വരാതിരുന്നിട്ടും മനപ്പൂര്‍വ്വം ചിരിക്കാന്‍ ശ്രമിച്ചു. അസൗകര്യങ്ങള്‍ക്കുമുന്നില്‍ ചിലപ്പോഴൊക്കെ പൊട്ടിത്തെറിച്ചു, ഈ ദൗത്യം ഒരു നിയോഗമെന്നോണം ഏറ്റെടുക്കുമ്പോള്‍ ഒന്നേ ഓര്‍ത്തുള്ളു എങ്ങനെയും കുട്ടികളെ രക്ഷിതാക്കളുടെ സുരക്ഷിത കരങ്ങളില്‍ എത്തിക്കണം.
ഡ്യൂട്ടി ലിസ്റ്റില്‍ ഉണ്ടായിരുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി തടി തപ്പിയപ്പോള്‍ അടുത്തടുത്ത പേരുകാരെല്ലാം ഒരു നിമിഷം കൊണ്ട് ക്യാമ്പസില്‍ നിന്ന് ഓടിയകന്നപ്പോള്‍ ധൈര്യപൂര്‍വ്വം ഈ ദൗത്യം ഏറ്റെടുത്തത് നവോദയാ ജീവിതം പകര്‍ന്നു നല്‍കിയ കരുത്തും ഇതുവരെ പഠിപ്പിച്ച കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും നമ്മില്‍ ഏല്‍പ്പിച്ച വിശ്വാസവും കൊണ്ടു മാത്രമാണ്. ഈ കോവിഡ് കാലത്തു നമുക്ക് എന്തെല്ലാം ലഭിച്ചു എന്നല്ല കൊറോണ വൈറസ് നമ്മെ ബാധിച്ചില്ല എന്നതാണ് പ്രധാനം .അങ്ങനെ ഉണ്ടാവാതിരിക്കാനാണ് നമ്മുടെ ശ്രമം.
അദൃശ്യനായ ശത്രുവിനെ ആയുധമില്ലാതെ നേരിടുകയാണ്. ചെല്ലുന്നിടത്തെല്ലാം ഞങ്ങള്‍ക്ക് കോവിഡുണ്ടോ എന്ന് അവര്‍ക്ക് സംശയം. അവിടെ വൈറസ് ബാധയുണ്ടോ എന്ന് ഞങ്ങള്‍ക്കും
ഇത്ര വിചിത്രമായ സാഹചര്യത്തില്‍ ജീവിതത്തിലാദ്യമായി 12 മണിക്കൂര്‍ തുടര്‍ച്ചയായി ബസ്സില്‍ ഇരുന്നു യാത്ര ചെയ്യുകയാണ്. ഇത് ഒരു ദിവസം കൊണ്ടു തീരുന്നില്ല. തുടര്‍ച്ചയായി 7 ദിവസം. ഒരു 50 വയസ്സുകാരിയുടെ ശാരീരിക അസ്വസ്ഥതകള്‍ കോവിഡ് കാലത്ത് കുഞ്ഞുങ്ങള്‍ക്കു വേണ്ടി മാറ്റി വയ്ക്കുമ്പോള്‍ ആഗ്രഹിച്ചത് ഒന്നു മാത്രം ഏവരുടെയും പ്രാര്‍ത്ഥനകളും വിശ്വാസവും ഒപ്പമുണ്ടാവണം.
എന്നാല്‍ രക്ഷിതാക്കളുടെ പരാതി പറച്ചിലും കുറ്റപ്പെടുത്തലുകളും യാത്രയിലുടനീളം ഞങ്ങളെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ഈ കൊറോണ കാലത്ത് കുറ്റപ്പെടുത്തലുകള്‍ക്കും പരാതി പറച്ചിലുകള്‍ക്കും തീര്‍ത്തും സ്ഥാനമില്ല. എന്നു മാത്രമല്ല അത് ഞങ്ങളുടെ
ആത്മവിശ്വാസം കെടുത്തിയുമില്ല. ഏറ്റെടുത്ത ജോലി കഴിയുന്നത്ര ഭംഗിയായി നിര്‍വ്വഹിക്കുക. എല്ലാം വരുന്നിടത്ത് വച്ച് കാണാം. എല്ലാം സഹിക്കാനും ക്ഷമിക്കാനമുള്ള കഴിവ് ജഗദീശ്വരന്‍ എല്ലാവര്‍ക്കും നല്‍കട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് യാത്ര തുടര്‍ന്നു.
സ്‌കൂളില്‍ നിന്ന് വി.പി.മാഡം (നീ താ ഉപാധ്യായ) ബസ്സില്‍ കഴിക്കാനായി കരുതി ഏല്‍പ്പിച്ച ബിസ്‌ക്കറ്റുകളും ആപ്പിളും പൂരിയും സബ്ജിയും യാത്രയിലുടനീളം ഞങ്ങളെ സന്തോഷിപ്പിച്ചു. പാണ്ഡേ ജീ സമയാസമയങ്ങളില്‍ എല്ലാം വിളമ്പിത്തന്നു കൊണ്ടിരുന്നത് യാത്രയിലെ മുഷിച്ചില്‍ ഏറെക്കുറെ ശമിപ്പിച്ചു. യാത്ര ചെയ്യാനുള്ള ഭക്ഷണം ചിലപ്പോഴൊക്കെ ഭക്ഷിക്കാന്‍ വേണ്ടി യാത്ര ചെയ്യുന്നത് പോലെ തോന്നിപ്പിച്ചു.
ഒപ്പമില്ലെങ്കിലും മനസ്സുകൊണ്ട് ഒപ്പം യാത്ര ചെയ്യുന്ന പ്രിയ മിത്രങ്ങള്‍ സാന്നിദ്ധ്യവും സാമീപ്യവും സാന്ത്വനവുമായി അലഹബാദിലൂടെ യാത്ര ചെയ്യുകയാണ് ഇപ്പോള്‍. കന്റോണ്‍മെന്റിന്റെ മുന്നിലൂടെയാണ് പോകുന്നത് എന്നു പറഞ്ഞപ്പോള്‍ എന്നെ കാണിക്കാനായി 6 മാസം മാത്രം പ്രായമായ കുഞ്ഞിനെയും ഭാര്യയെയും അമ്മയെയും കൂട്ടി ജിപ്‌സിയില്‍ ഓടിയെത്തിയ മേജര്‍ അജിത് (എനിക്ക് പിറക്കാതെ പോയ മകന്‍ എന്നു ഞാന്‍ വിചാരിക്കുന്ന) പ്രിയ ശിഷ്യന്‍ വീണ്ടും നവോദയ ജീവിതത്തിന്റെ മാധുര്യമേറുന്ന ഓര്‍മ്മകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി.
കുട്ടികള്‍ക്ക് കഴിക്കാന്‍ തരാന്‍ ലോക്ക് ഡൗണ്‍ സമയത്ത് ഒന്നും ലഭിക്കില്ല എന്നറിയാവുന്നതു കൊണ്ട് ആ നവോദയന്‍ വീട്ടില്‍ ഉണ്ടായിരുന്ന ചിപ്‌സും ബിസ്‌കറ്റുമൊക്കെയായാണ് എത്തിയത്. ബസ്സിനുള്ളില്‍ കയറി ലോക്ക്ഡൗണ്‍ സമയത്ത് പാലിക്കേണ്ട മര്യാദകളെ കുറിച്ചും സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനെ കുറിച്ചുമൊക്കെ പറഞ്ഞു മനസ്സിലാക്കാന്‍ ആ ചുരുങ്ങിയ സമയം അജിത് വിനിയോഗിച്ചു. മേജറിന്റെ അപ്രതീക്ഷിതമായ എന്‍ട്രി കുട്ടികളെ ആവേശഭരിതരാക്കി. യു.പി.യില്‍ നിന്ന് ബസ്സ് മദ്ധ്യപ്രദേശിലേക്ക് മയ്യര്‍ വഴി കടന്നു കയറുന്നത് ഇരു വശവും ചെങ്കല്‍ പാറകള്‍ അരിഞ്ഞുണ്ടാക്കിയ റോഡിലൂടെ ആയിരുന്നു,
ഉത്തര്‍പ്രദേശിന്റെ സമതല ഭൂവില്‍ നിന്ന, ഗംഗാതട ഭൂവിലെ എക്കല്‍ മണ്ണില്‍ നിന്ന്, മദ്ധ്യപ്രദേശിന്റെ ചാരനിറമുള്ള, നിമ്‌നോന്നതങ്ങളിലേക്ക് ബസ്സ് പാഞ്ഞുകയറിയത് ഉച്ചമയക്കത്തിലായ ഞാന്‍ അറിഞ്ഞിരുന്നില്ല. ഹെയര്‍ പിന്‍ വളവുകളും കുത്തുകയറ്റവും ബസ്സിനെ വല്ലാതെ ഇളക്കിമറിച്ചപ്പോള്‍ കുട്ടികളുടെ ആര്‍പ്പുവിളികള്‍ എന്റെ ഉച്ചമയക്കത്തെ ശല്യപ്പെടുത്തി. പുറത്തേക്ക് നോക്കിയപ്പോള്‍ അവിടവിടെ കാണുന്ന ഉയരം കുറഞ്ഞ കുറ്റി മരങ്ങള്‍ മോള് നെഴ്‌സറി ക്ലാസ്സുകളില്‍ ക്രയോണ്‍സ് കൊണ്ടു വരച്ചിരുന്ന കൊച്ചു മരച്ചിത്രങ്ങളെ ഓര്‍മ്മിപ്പിച്ചു.
അലഹബാദ്, ബനാറസ് സത്‌ന, റീവ എന്നിവിടങ്ങളിലൂടെ കഴിച്ചും കുടിച്ചും ശൂന്യതയുടെ ആഴമളന്നും ഞങ്ങള്‍ വൈകുന്നേരം 5 മണിയോടെ കട്‌നി നവോദയ വിദ്യാലയത്തില്‍ എത്തിച്ചേര്‍ന്നു. അന്നു രാത്രിവാസം നിശ്ചയിക്കപ്പെട്ടിരുന്നത് അവിടെയായിരുന്നു. പുറത്തു നിന്നു വന്നവരെ പരിശോധനക്കു ശേഷം മാത്രമേ അകത്തുപ്രവേശിപ്പിക്കാവൂ എന്ന് കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ ഞങ്ങളെ അകത്തു കടക്കാന്‍ ചൗക്കീ ദാര്‍ സമ്മതിച്ചില്ല. അടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തിയതിനു ശേഷമാണ് പ്രവേശിച്ചത്. യാത്രാ ക്ഷീണം നന്നേയുണ്ടായിരുന്നതിനാല്‍ ഭക്ഷണം കഴിച്ചെന്നു വരുത്തി എല്ലാവരും ഉറങ്ങാന്‍ പോയി. ഭക്ഷണം കഴിക്കുമ്പോള്‍, കര്‍ക്കശക്കാരനായ പ്രിന്‍സിപ്പാള്‍ തങ്ങളെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പരിശോധനക്കയച്ചതിനെക്കുറിച്ച് ഞങ്ങളുടെ പ്രിന്‍സിപ്പാളിനോട് പരാതി പറഞ്ഞതില്‍ രോഷം കൊണ്ടതൊന്നും ഞങ്ങള്‍ കാര്യമായി ശ്രദ്ധിച്ചതേയില്ല.
130 കോടി ജനങ്ങള്‍ ഭയവിഹ്വലരായി വീടടച്ചിരുന്ന് ലോക് ഡൗണ്‍ പാലിക്കുമ്പോള്‍, വിധിവൈപരീത്യത്താല്‍ ഭാരതപര്യടനത്തിനിറങ്ങി പുറപ്പെടേണ്ടി വന്ന ഞങ്ങളുടെ ഗതികേട് അദ്ദേഹത്തിന് മനസ്സിലാകാത്തത് ഞങ്ങളുടെ കുഴപ്പമല്ലല്ലോ എന്ന് ഡോര്‍മിറ്ററിയിലേക്ക് പോകും വഴി ഞാനോര്‍ത്തു. കട്‌നി നവോദയയില്‍ നിന്ന് ആവശ്യത്തിന് ആഹാര സാധനങ്ങളും മറ്റും പാക്ക് ചെയ്ത് തരാന്‍ മെസ് ജോലിക്കാര്‍ക്ക് പേരറിയാത്ത പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നിരിക്കണം. 7 മണിയോടെ ഞങ്ങള്‍ അടുത്ത ഡെസ്റ്റിനേഷന്‍ ആയ നാഗ്പൂര്‍ നവോദയയിലേക്ക് യാത്ര പുറപ്പെട്ടു. ജബല്‍പൂര്‍ നാഗ്പൂര്‍ ഹൈവേയിലൂടയുള്ള യാത്ര തികച്ചും അവിസ്മരണീയമായിരുന്നു. ഇരുവശത്തും തേക്കിന്‍കാടുകള്‍ ഇലപൊഴിഞ്ഞ് കാണപെട്ടു. നേര്‍രേഖ പോലെ ലോകത്തിന്റെ അവസാനം വരെ നീണ്ടു കിടക്കുന്ന ഹൈവേ വിജനമായ ഹൈവേ!
ഇന്ത്യാമഹാരാജ്യത്ത് ഈ ഒരു വണ്ടിയും അതിലുള്ള ഞങ്ങള്‍ കുറെ മനുഷ്യജീവികളും മാത്രമേ ഉള്ളു എന്ന തോന്നല്‍ ഉളവാക്കി. വഴി നീളെ അടഞ്ഞ ഷോറൂമുകളും കെട്ടിടങ്ങളും. തങ്ങള്‍ക്കുള്ളതെല്ലാം ഒരു മാറാപ്പിലൊതുക്കി ലോക്ക്ഡൗണ്‍ നിയമങ്ങളൊന്നും പാലിക്കാതെ ഒറ്റക്കും കൂട്ടമായും പാലായനം ചെയ്യുന്ന തൊഴിലാളി വര്‍ഗ്ഗം. മുന്നിലുള്ള പാതയല്ലാതെ മറ്റൊന്നും അവര്‍ കാണുന്നുണ്ടായിരുന്നില്ല. കുറെ ദിവസം പണിയൊന്നും ഇല്ലാതിരുന്നതിനാല്‍ കൈയില്‍ കാശില്ലാത്തവര്‍, വണ്ടിക്കൂലിക്ക് പണമില്ലാത്തതിനാല്‍ നടക്കാന്‍ നിര്‍ബന്ധിതരായവര്‍.
ലക്ഷ്യത്തിലെത്തുമോ ഇടക്ക് കൊറോണ എന്ന ഭീകരന്‍ കീഴ്‌പ്പെടുത്തുമോ എന്ന് നിശ്ചയമില്ലാതെ നടന്നു നീങ്ങുന്ന അവരുടെ മുഖത്തെ നിസ്സംഗഭാവം മനസ്സിലെവിടെയോ ഉടക്കിവലിക്കുന്നുണ്ടായിരുന്നു. ലോകമത്രയും നടന്നു താണ്ടാനുള്ള നിശ്ചയദാര്‍ഢ്യവും ആര്‍ജ്ജവവും അവരുടെ മുഖത്ത് ദൃശ്യമായിരുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിദ്ധ്യമായ ഈ തൊഴിലാളികളുടെ ബലിഷ്ഠ കരങ്ങളുടെ മികവ് നമുക്കറിയാത്തതല്ലല്ലോ.
ബ്രഹ്മപുരി ഗാഡ്ചിറോളി വഴി 460 കിലോമീറ്റര്‍ സഞ്ചരിച്ച് ഞങ്ങള്‍ വൈകുന്നേരം 6 മണിയോടെ നാഗ്പൂര്‍ നവോദയ വിദ്യാലയത്തില്‍ എത്തിച്ചേര്‍ന്നു. കട്‌നി യില്‍ നിന്നും വ്യത്യസ്തമായി ഊഷ്മളമായ സ്വീകരണം തന്നെയാണ് ഞങ്ങള്‍ക്കവിടെ ലഭിച്ചത്. മാഡം സറീന ഖുറേശി റംസാന്‍ നോമ്പിന്റെ ക്ഷീണം പോലും മറന്ന് നിറഞ്ഞ ചിരിയുമായി ഞങ്ങളെ കാത്തു നിന്നിരുന്നു. ഒപ്പം മാഡത്തിന്റെ സ്റ്റാഫംഗങ്ങള്‍ പ്രഭാകരനും നിശാനും ഹോസ്റ്റലിനകത്ത് കുട്ടികള്‍ കുറെ കല്ലുകള്‍ പെറുക്കി കൂട്ടിയിരുന്നു. തുറന്നിട്ട വാതിലിലൂടെ രണ്ടു കുരങ്ങന്‍മാര്‍ അകത്തു കടന്നപ്പോഴാണ് കല്ലുകള്‍ എന്തിനായിരുന്നു എന്ന് മനസ്സിലായത.മാസ്‌ക് ധരിച്ച് ചായയും ബിസ്‌ക്കറ്റുമായി വന്ന നിശാന്‍ രാത്രിയില്‍ പുറത്തിറങ്ങരുത് എന്ന് താക്കീത് നല്‍കിയാണ് പോയത്. കൊടും ചൂടായിരുന്നു മഹാരാഷ്ട്രയിലെ ആ രാത്രിക്ക്. തികച്ചും ഒരു കാളരാത്രി
മെഷ് അടിച്ചിരുന്ന ജനലുകള്‍ തുറന്നിട്ടിരുന്നെങ്കിലും പുലിയും കടുവയും കുരങ്ങന്‍മാരും നവോദയയുടെ ബൗണ്ടറികള്‍ പൊട്ടിച്ച് അകത്തു കടന്ന പേടിപ്പെടുത്തുന്ന കഥകള്‍ പ്രഭാകരന്‍ പറഞ്ഞതായിരുന്നു മനസ്സുനിറയെ.
മഹാരാഷ്ട്രയിലെ ഹോട്ട് സ്‌പോട്ടായ നാഗ്പൂര്‍ നവോദയയില്‍ നിന്നും അടുത്ത ഡെസ്റ്റിനേഷനിലേക്കുള്ള യാത്ര രാവിലെ 6.30 ന് തന്നെ ആരംഭിച്ചു. ഖുറേശി മാഡത്തിന്റെ നിര്‍ദ്ദേശപ്രകാരം നെയ് പൊറാട്ടയും വെണ്ടക്ക സബ്ജിയും ഒക്കെ പാക്കു ചെയ്തു തന്നു മെസ്സ് ജോലിക്കാര്‍. എന്നാല്‍ അടുത്ത ഡെസ്റ്റിനേഷനായ വാറംഗലിലേക്ക് ഞങ്ങളുടെ ഡ്രൈവര്‍ തെരഞ്ഞെടുത്ത റോഡ് ദുര്‍ഘടം പിടിച്ചതായിരുന്നു.
ഹൈവേയിലൂടെ സുഖകരമായി സഞ്ചരിച്ചു വന്ന ബസ്സ് ഏതോ ഒരു ജംഗ്ഷനില്‍ വച്ച് വഴിമാറി കാനനപാതയിലേക്ക് പ്രവേശിച്ചു. പിന്നീടങ്ങോട്ട് കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള നരകയാത്രയായിരുന്നു. ഇരു വശവും ഉണങ്ങി ഇലപൊഴിഞ്ഞു നില്‍ക്കുന്ന ശുഷ്‌ക മരങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര ഭൂമിയുടെ അറ്റത്തേക്കെന്നോണം നീണ്ടുനീണ്ടു പോയി.
ബസ്സ് യാത്രയില്‍ വെല്ലുവിളിയായേക്കാമെന്ന് ഞാന്‍ കരുതിയിരുന്ന പോലെ തന്നെ സംഭവിച്ചു. ആ മൂത്രാനുഭവം. യുപിയിലെ വിജനമായ റോഡിലൂടെ ഞങ്ങള്‍ വരുമ്പോള്‍ കുട്ടികള്‍ക്ക് മൂത്രശങ്ക. ആണ്‍കുട്ടികള്‍ വഴിയരികില്‍ കാര്യം സാധിച്ച് തൃപ്തരായി.
പെണ്‍കുട്ടികള്‍? ടീച്ചര്‍ ടീച്ചര്‍ എന്ന് വിളിച്ചു കൊണ്ട് എന്നെ നോക്കുകയാണ് അവര്‍ ഈശ്വരാ എന്താ ചെയ്ക? വല്ലാത്ത ധര്‍മ്മസങ്കടം. ഞാന്‍ ഡ്രൈവറോട് കാതില്‍ കാര്യമറിയിച്ചു. മാഡം ഇനി ഈ വിജന പാതയില്‍ ഒരു മറവുള്ള സ്ഥലം ഉണ്ടാകാന്‍ ബുദ്ധിമുട്ടാണ് എന്തുചെയ്യും?
രണ്ടും കല്‍പ്പിച്ച് ഞങ്ങളെ അവിടെയിറക്കി വണ്ടി മുന്നോട്ട് നിറുത്തിയിടാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. വണ്ടിയില്‍ നിന്ന് ഇറങ്ങി കുട്ടികളെയും കൊണ്ട് ഒരു ഓട്ടമായിരുന്നു തേക്കിന്‍കാടായിരുന്നെങ്കിലും നമ്മുടെ നാട്ടിലെ പോലെ കാതലുള്ള തേക്കുമരങ്ങളല്ല ഇവിടെ
വണ്ണം കുറഞ്ഞ് ഉയരം കൂടിയവ ഇലപൊഴിഞ്ഞ് ഉണങ്ങി നില്‍ക്കുന്നു. ചീവീടുകളുടെ നിറുത്താതെയുള്ള കരച്ചില്‍ സൈലന്റ് വാലിയെ ഓര്‍മ്മിപ്പിച്ചു. കുന്നുകൂടിക്കിടക്കുന്ന കരിയിലകള്‍ ചവിട്ടിപ്പൊട്ടിച്ച് മണ്‍പുറ്റുകള്‍ നിറഞ്ഞ ആ മരക്കുട്ടത്തിനിടയിലൂടെ ഞാനും കുഞ്ഞുങ്ങളും നടന്നു. അല്ല ഓടുകയായിരുന്നു ഒരു മറവും കാണാതെ കുട്ടികള്‍ എന്നെ ദയനീയമായി നോക്കി. എന്റീശ്വരാ ..പെട്ടെന്ന് ദൂരെ പനയോല കൊണ്ടു മറച്ച ഒരു ഷെഡ് കണ്ണില്‍ പെട്ടു ഞങ്ങള്‍ അങ്ങോട്ടു പറക്കുകയായിരുന്നു.
ഏതോ ആവശ്യത്തിന് ആരോ കെട്ടിയ 3 വശം മറച്ച ആ മറപ്പുര ഞങ്ങള്‍ വാഷ് റൂം ആക്കി. എല്ലാ കുട്ടികളും കാര്യം സാധിച്ചു കഴിഞ്ഞ ആ മറ പുരയില്‍ അതിനേക്കാള്‍ അത്യാവശ്യക്കാരിയായ ഞാനും കാര്യം സാധിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ കുറെ മൂത്രപ്പാടുകള്‍
വേദനയുടെ…ആശ്വാസത്തിന്റെ മാധവിക്കുട്ടി പറഞ്ഞതുപോലെ പ്രസവം കഴിഞ്ഞ ആശ്വാസം. കുട്ടികളെയും കൊണ്ട് തിരിച്ചു നടക്കുമ്പോള്‍ കാട്ടിലേക്ക് പോയ ഞങ്ങളെ കാത്ത് ചേട്ടന്‍ പാതി വഴി വരെ വന്നു നില്‍ക്കുന്നുണ്ടായിരുന്നു. പെണ്ണായി പിറന്നതില്‍ ഒരിക്കലും വിഷമം തോന്നിയിട്ടില്ലാത്ത എനിക്ക് അന്നാദ്യമായി അല്പം സ്വയ നിന്ദ തോന്നാതിരുന്നില്ല. ആണ്‍ വര്‍ഗ്ഗത്തിനോട് അല്പം കുശുമ്പും നേരിയ അസൂയയും. മൂത്രാനുഭവത്തിന്റെ ആശ്വാസത്തില്‍ എല്ലാവരും ഉറങ്ങി പോയി. ഒടുവില്‍ വാറംഗലില്‍ എത്തിയപ്പോള്‍ രാത്രി 8 മണി. തലേന്നു രാത്രിയിലെ കൊടുങ്കാറ്റിലും മഴയിലും വൃക്ഷങ്ങള്‍ കടപുഴകി വീണതിനാല്‍ വൈദ്യുതി പാടെ നിലച്ചിരുന്നു.
നവോദയ വിദ്യാലയത്തിനു മുന്നില്‍ റാന്തല്‍ വിളക്ക് ഉയര്‍ത്തിപ്പിടിച്ചു നിന്ന ചൗക്കീ ദാര്‍ ഏതോ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തെ അനുസ്മരിപ്പിച്ചു. ദിവസേന ഇങ്ങനെ വന്നു പോകുന്ന നവോദയ ടീമുകളെ സ്വീകരിച്ചും സത്കരിച്ചും തളര്‍ന്ന പ്രിന്‍സിപ്പാള്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ കൂടുതല്‍ രോഷാകുലയായി കാണപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ചോറും സാമ്പാറും തൈരും കണ്ടപ്പോള്‍ ഞങ്ങള്‍ ആര്‍ത്തി പിടിച്ച് വയറു നിറക്കാന്‍ തുടങ്ങി. തലേദിവസം പെയ്ത മഴയുടെ തണുപ്പ് പ്രകൃതി ഇത്തിരി ബാക്കി വച്ചിരുന്നു. യാത്രയുടെ ക്ഷീണം ഉറക്കത്തിന് വഴിമാറി. പിറ്റേന്ന് വാറംഗല്‍ നവോദയയിലെ മെസ്സില്‍ നിന്നും പൊതിഞ്ഞു തന്ന മഞ്ഞ നിറമുള്ള പുലാവും അച്ചാറും ഒക്കെയായി വീണ്ടും യാത്ര തുടര്‍ന്നു. ഇക്കുറി ആലപ്പുഴ നവോദയയില്‍ നിന്നും വാറംഗലിലെത്തിയ ഒരു ടൂറിസ്റ്റ് ബസ്സിലാണ് യാത്ര. വത്സമ്മ ടീച്ചറും മനോജ്, കലാധരന്‍ എന്നീ രണ്ടു മലയാളി ഡ്രൈവര്‍മാരും തലേന്നു തന്നെ അമേഠി നവോദയയിലെ യു.പി. കുട്ടികളുമായി എത്തിയിരുന്നു.
ഇനി ഞങ്ങള്‍ യു.പി.യില്‍ നിന്നു വന്ന ബസ്സില്‍ അവരും അവര്‍ കേരളത്തില്‍ നിന്നു വന്ന ബസ്സില്‍ ഞങ്ങളും. പുതിയ ബസ്സും വത്സമ്മ ടീച്ചറും, മലയാളി കുട്ടികള്‍ കുടുതല്‍ ഉന്‍വേഷമാന്‍മാരായി. അമേഠിയിലെ യു.പി. കുട്ടികള്‍ എന്റെയും പ്രജീഷിന്റെയും കാലു തൊട്ടുവന്ദിച്ചു.
കേരളവും അവിടുത്തെ കാലാവസ്ഥയും നവോദയ വിദ്യാലയവും തങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും തുടര്‍ന്നും അവിടെ പഠിക്കാന്‍ താല്പര്യമുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തി. ചെന്നിത്തല നവോദയയും വിക്രമന്‍ നായര്‍സാറും വി.പി.മാഡവും മറ്റദ്ധ്യാപകരും അവര്‍ക്ക് നല്‍കിയ സ്‌നേഹ വാത്സല്യങ്ങളും അവരെ വാചാലരാക്കി. അവര്‍ ചെന്നിത്തല നവോദയയില്‍ എത്രസന്തുഷ്ടരായിരുന്നു എന്ന് അവരുടെ വിടര്‍ന്ന മുഖവും നിറപുഞ്ചിരിയും വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഈ അസാധരണ യാത്രയില്‍ ആരൊക്കെയോ കൂടെ യാത്ര ചെയ്യുന്നത് പോലെ ഒരു തോന്നലായിരുന്നു. എല്ലാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകാരും പ്രാര്‍ത്ഥനകളോടെ പിന്‍തുടര്‍ന്നു. ചിലര്‍ വിളിച്ചു ചോദിക്കുന്നു. എവിടെ എത്തി? ആഹാരം കഴിച്ചോ? എത്ര മനോഹരമായ അനുഭവം.
ഇത് അത്ര വലിയ കാര്യമൊന്നുമല്ലെന്നറിയാം എന്നാലും ഒരു അസാധാരണ സാഹചര്യമായതുകൊണ്ട് ഒരു ഭീതിയോ അനിശ്ചിതത്വമോ ഒക്കെയുണ്ട്. മാസ്‌കൊക്കെ വച്ച്, അകലം പാലിച്ച്, സാനിറ്റൈസര്‍ കൊണ്ട് ഇടക്കിടെ കൈ കഴുകി എന്തോ നമുക്കിങ്ങനെയൊന്നും ഇതുവരെ പരിചയമില്ലല്ലോ. വിജന വീഥിയിലൂടെയുള്ള ഈ ഭാരത പര്യടനം വല്ലാത്ത ഒരനുഭവവും അനുഭൂതിയും തന്നെയാണ്.
നിസ്സാരനായ ഒരു വൈറസ്, പലതില്‍ നിന്നും നമ്മെ അകറ്റുകയും പഴയതിലേക്ക് പലതിലേക്കും നമ്മെ അടുപ്പിക്കുകയും ചെയ്തു.
ഒരു പാട് നഷ്ടങ്ങളും ഒരുപാടു നേട്ടങ്ങളും തിരിച്ചറിവുകളും തിരുത്തലുകളും എല്ലാം നല്ലതിനാവട്ടെ. നഷ്ടപ്പെട്ടവരുടെ ദു:ഖങ്ങള്‍ നികത്താനും സാധിക്കുന്നില്ല. ഏതായാലും വല്ലാത്ത ഒരു സംഭ്രമ കാലം തന്നെ. ഞാന്‍ നെടുവീര്‍പ്പിട്ടു. ഗ്രീഷ്മത്തിന്റെ കൊടും ചുവപ്പ് പേറിയ വാകമരങ്ങള്‍ വഴിനീളെ ഓടി മറയുന്നുണ്ടായിരുന്നു. പാടങ്ങളിലെല്ലാം ചുവന്ന മണ്ണ് ഉഴുതുമറിച്ചിട്ടിരുന്നു. ആന്ധ്രയിലെ കൊടുംചൂടില്‍ നിന്ന് ബാംഗ്ലൂരിലെ കുളിര്‍മയിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ മനസ്സും ശരീരവും ആര്‍ദ്രമായതുപോലെ. ബസ്സ് ഗേറ്റ് കടന്ന് ബാംഗളൂര്‍ നവോദയ സ്‌കൂളിനകത്ത് എത്തിയപ്പോള്‍ മറ്റൊരു സന്തോഷം. അതിരില്ലാത്ത സന്തോഷം! നിറപുഞ്ചിരിയുമായി ഞങ്ങളെ കാത്ത് നില്‍ക്കുന്നു പ്രിന്‍സിപ്പള്‍ കണ്ണന്‍ സാര്‍. കൊട്ടാരക്കര നവോദയയില്‍ ചുരുങ്ങിയ കാലം മാത്രമേ ഒരുമിച്ചു ജോലി ചെയ്തിരുന്നുള്ളുവെങ്കിലും ലിസ്റ്റില്‍ എന്റെ പേര് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പിന്നെയങ്ങോട്ട് ഞങ്ങളെ സല്‍ക്കരിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. ചപ്പാത്തിയും ചോറും രസവും ദാലും മാത്രമല്ല ചൂടു പാലും മൈസൂര്‍ പാക്കും തന്ന് ഞങ്ങളുടെ മനസ്സും ഹൃദയവും നിറച്ചു. ഹൃദ്യമായ പെരുമാറ്റവും ഉത്തരവാദിത്തബോധവും സഹായമനസ്‌കതയും സര്‍വ്വോപരി അദ്ധ്യാപനവൈദഗ്ധ്യവും കൊണ്ട് ഏവരുടെയും കണ്ണിലുണ്ണിയായ ആ പ്രസിഡണ്ട് അവാര്‍ഡ് ജേതാവ് ( മികച്ച അധ്യാപകനുള്ള അവാര്‍ഡ് ) കുട്ടികള്‍ ഭക്ഷണം കഴിച്ചു കഴിയുന്നതുവരെ ഞങ്ങളോടൊപ്പം ഇരുന്നു.
അദ്ദേഹത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. ആ ആതിഥേയന്റെ പ്രവര്‍ത്തന മികവ് ഡോര്‍മിറ്ററിയിലും ദൃശ്യമായി. കുറെ സമയം കാലു തൂക്കിയിട്ട് ബസിലിരുന്നതിനാല്‍ നന്നെ ക്ഷീണിച്ച ഞാന്‍ വീട്ടിലായിരുന്നെങ്കില്‍ നന്നായി ഒന്നുറങ്ങാമായിരുന്നു ഡോര്‍മിറ്ററിയിലെ കല്ലുമെത്തയില്‍ എങ്ങനെ കിടക്കും? എന്നൊക്കെ ആവലാതിപ്പെട്ടാണ് ഹോസ്റ്റലില്‍ പ്രവേശിച്ചത്, എന്റെ ആശങ്കകളെ അസ്ഥാനത്താക്കി, ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ പൂപോലെ പതുപതുത്ത മെത്തയും സൗകര്യങ്ങളും ഒരുക്കി ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു കണ്ണന്‍ സാര്‍.
ഏതോ ജെല്‍ പുരട്ടി മോളു കാലുകള്‍ ഉഴിയവേ ഉറക്കത്തിലേക്ക് വഴുതി വീണ ഞാന്‍ രാവിലെ വല്‍സമ്മ ടീച്ചര്‍ വിളിച്ചപ്പോഴാണറിഞ്ഞത്. കര്‍ണ്ണാടകത്തിന്റെ കുളിര്‍മ്മയും കണ്ണന്‍ സാറിന്റെ ഹൃദ്യമായ സ്വീകരണവും എല്ലാ ആലസ്യങ്ങളും ഇല്ലാതാക്കിയ പോലെ. കുളിച്ച് തയ്യാറായി പ്രഭാത ഭക്ഷണത്തിനു ചെന്നപ്പോഴും വീണ്ടും ആശങ്ക എന്താണാവോ കഴിക്കാന്‍? വിശന്നിട്ട് വയ്യ. കഴിഞ്ഞില്ല കണ്ണന്‍ സാര്‍ അക്ഷരാത്ഥത്തില്‍ എന്നെ അത്ഭുതസ്തബ്ധയാക്കി! വലിയ കടലാസുദോശയും തേങ്ങാ ചട്‌നിയും. കടലപ്പരിപ്പും അരച്ചിട്ടുണ്ടെന്നു തോന്നുന്നു. വലിയ ചുമന്ന മുളക് ഒന്നോടെ കടുകുവറുത്തിട്ട ചമ്മന്തി കൂട്ടി 4 ദോശ കഴിച്ചു. മഞ്ഞ സാരിയുടുത്ത് ചന്ദനക്കുറിയിട്ട മെലിഞ്ഞ സുന്ദരിയായ കാറ്ററിംഗ് അസിസ്റ്റന്റ്.
ആദ്യമായാണ് നവോദയയില്‍ ഒരു സ്ത്രീയെ കാറ്ററിംഗ് അസിസ്റ്റന്റായി കാണുന്നത്. കന്നടയും ഹിന്ദിയും ഇംഗ്ലീഷും കലര്‍ത്തി ഹൃദ്യമായ ചിരിയോടെ നമ്മുടെ അടക്കാമരപാള ചെത്തിയുണ്ടാക്കിയ തളികയില്‍ തളികയോളം വട്ടത്തില്‍ വിളമ്പിയ ദോശക്കും ചമ്മന്തിക്കും അമ്മ രുചിയായിരുന്നു. അങ്ങനെ വഴി നീളെ ജഗദീശ്വരന്‍ ഞങ്ങളുടെ യാത്രയെ ധന്യമാക്കിക്കൊണ്ടേയിരുന്നു.
4 മണിക്ക് കൗസല്യാ സുപ്രജാ രാമ എന്ന അലാറം വച്ച് എഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ച് മെസ്സില്‍ ആഹാരം കഴിക്കാനെത്തി. ഏലക്കായിട്ട ചുടു ചായക്ക് നാടിന്റെ വ്യത്യസ്ത രൂചി, ഇത്ര നാള്‍ ഇഞ്ചി ചതച്ചിട്ട കുറുക്കു ചായയാണല്ലോ കുടിച്ചിരുന്നത്. അനസൂയ മാഡം (സി. എ മാഡത്തിന്റെ പേര് ഇതിനോടകം ഞാന്‍ കണ്ടു പിടിച്ചിരുന്നു.) അല്പം ഉറക്കച്ചടവോടെയാണെങ്കിലും നിറഞ്ഞ ചിരിയോടെ കൈകൂപ്പി നില്‍ക്കുന്നുണ്ടായിരുന്നു. മെസ്സ് ജോലിക്കാര്‍ക്ക് ആഹാരം പാക്കിങ്ങിനിടെ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് മാഡം എന്റെയടുത്തെത്തിചോദിച്ചു. മാഡം ഇതിനു മുമ്പ് എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഉവ്വ് ഒരു കുട്ടിയെ പരിശീലനത്തിന് എത്തിക്കാന്‍ 17 വര്‍ഷം മുമ്പ് ഞാന്‍ ഇവിടെ വന്നിരുന്നു.
എന്റെ ചിന്തകള്‍ 17 വര്‍ഷം പുറകിലേക്ക് ഊളിയിട്ടു. ഓര്‍മ്മകളുടെ ഡസ്റ്റ് ബിന്നില്‍ നിന്ന് ഞാന്‍ ….
ശരിയാണ് മാഡത്തിനെ ഞാന്‍ അന്നു കണ്ടിട്ടുണ്ട.് അന്ന് മുഖത്ത് ഇത്ര ചുളിവുകള്‍ ഉണ്ടായിരുന്നില്ല. 17 വര്‍ഷം മാഡത്തിനെ കുറെയൊക്കെ മാറ്റിയിട്ടുണ്ട്. ഒന്നര വയസ്സു മാത്രം പ്രായമുള്ള മോളുമായിട്ടാണ് അന്ന് ഞാന്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടി ചെയ്തത്.
അന്ന് ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന എനിക്കും കുഞ്ഞിനും 15 ദിവസക്കാലം സമയാസമയങ്ങളില്‍ എല്ലാം എത്തിച്ചു തന്നിരുന്നത് മാഡമാണ്.
ഞാന്‍ 15 ദിവസം അവിടെ താമസിച്ചിരുന്നെങ്കിലും മാഡത്തിനെ ഒരു തവണ മാത്രമെ കണ്ടുള്ളു. അത് ഞാന്‍ തിരിച്ചു പോരുന്ന ദിവസം ‘പാപ്പക്ക് മില്‍ക്ക് ‘ എന്ന് പറഞ്ഞ് ഒരു കുപ്പിയില്‍ പാലും എനിക്ക് വഴിയില്‍ കഴിക്കാന്‍ പൊറോട്ടയും ആലു ഫ്രൈയുമായി വന്ന തൊക്കെ പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഓടിക്കയറി വന്നു. അന്ന് മാഡം സി.എ ആണെന്നൊന്നും എനിക്കറിയില്ലായിരുന്നു. മാത്രമല്ല ചെറിയ കുട്ടിയുമായി ഡ്യൂട്ടി ചെയ്യേണ്ടി വന്നതിന്റെ സങ്കടത്തിലുമായിരുന്നു ഞാന്‍.
ഓര്‍മ്മകള്‍ പിടിച്ചുകുലുക്കിയപ്പോള്‍ പിന്നെ ഒന്നും ഓര്‍ത്തില്ല സാമൂഹ്യ അകലവും കോവിഡും ഒന്നും. ഞാന്‍ മാഡത്തിന്റെ രണ്ടു കൈയ്യും കൂട്ടി പിടിച്ചു. ഞാന്‍ ഇതെല്ലാം ഓര്‍ക്കുന്നതോടൊപ്പം പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ ആകസ്മിക രംഗങ്ങള്‍ കണ്ട് അത്ഭുത സ്തബ്ധരായി നിന്ന കുട്ടികളുടെ നടുവില്‍ നിന്ന് മകളെ വിളിച്ച് അഭിനന്ദിച്ച് ആശീര്‍വദിച്ച് അനസൂയ മാഡം പുഞ്ചിരി തൂകി നിന്നു. മാഡത്തിന്റെ സ്‌നേഹോഷ്മളമായ പെരുമാറ്റവും ഞങ്ങളുടെ വണ്ടി നീങ്ങുമ്പോള്‍ കൈവീശിയുള്ള നില്പും മനസ്സില്‍ നിന്നും മായുന്നില്ല.
ആ സമയത്ത് കൈയ്യില്‍ മൊബൈല്‍ ഇല്ലാതിരുന്നല്ലോ ഒരു പിക് എടുക്കാന്‍ എന്നു ഞാന്‍ പല തവണ സങ്കടപ്പെട്ടു.
ഒരു ദിവസം മുഴുവന്‍ ഉണ്ടായിരുന്നിട്ടും ഓര്‍മ്മകള്‍ വൈകിയാണല്ലോ വന്നത് എന്ന് എന്റെ ഓര്‍മ്മശക്തിയെ പഴിച്ചു. സാരമില്ല ഇനി എന്നെങ്കിലും വരുമ്പോള്‍ മാഡത്തിനെ കാണാം എന്ന് മനസ്സിനെ സമാധാനിപ്പിച്ചു. രാത്രി ഇതുപോലെ വന്ന പല ടീമുകളെ സ്വീകരിച്ചതിന്റെ ആലസ്യത്തില്‍ ഉറങ്ങിപ്പോയ കണ്ണന്‍ സാറിനെ ഞാന്‍ മനപ്പൂര്‍വ്വം വിളിച്ചില്ല. നേരില്‍ യാത്ര പറയാന്‍ സാധിക്കാത്തതിന്റെ വിഷമം മനസ്സിനെ മുറിപ്പെടുത്തി
അങ്ങനെ ഞങ്ങള്‍ ബാംഗളൂര്‍ നവോദയയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ മനസ്സ് കോവിഡ് കാലയാത്രയിലെ ഈ നല്ല അനുഭവങ്ങളെ വീണ്ടും താലോലിക്കാന്‍ തുടങ്ങി. സുഖകരമായ കാറ്റ് എന്റെ ഓര്‍മ്മകളെയും ഒപ്പം എന്നെയും നനുത്ത ഒരു മയക്കത്തിലേക്ക് തള്ളിയിട്ടു.
കുട്ടികള്‍ ഏതോ ത്രില്ലര്‍ മൂവി ആവേശത്തോടെ കാണുകയാണ്. വണ്ടി നല്ല സ്പീഡില്‍ തന്നെ ഓടിക്കൊണ്ടിരിക്കുന്നു.
പ്രസിദ്ധീകരിക്കാന്‍ പോകുന്ന വിജനതയിലെ ഭാരത പര്യടനത്തെ കുറിച്ചായിരുന്നില്ല എന്റെ ചിന്തകള്‍ കോവിഡിനു മുന്‍പ്
കോവിഡിനു പിന്‍പ് എന്ന് വിഭജിക്കാന്‍ പോകുന്ന നമ്മുടെ വര്‍ത്തമാനകാലത്തെ നമ്മെ കാത്തിരിക്കുന്ന അതിഭയങ്കരമായ ദാരിദ്ര്യത്തെയും രൂക്ഷമായ ഞെരുക്കത്തെയും പറ്റി താല്ക്കാലികമായി തടസ്സപ്പെട്ട നിരവധി പേരുടെ ജീവനോപാധികളെപ്പറ്റി ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന വിദേശ മലയാളികളെപ്പറ്റി അവര്‍ എഴുതാന്‍ മടിക്കുന്ന ജീവിത സങ്കടങ്ങളെപ്പറ്റി അങ്ങനെ ചിന്തകള്‍ കാടുകയറുന്നു.
എന്നാണിതിനൊരവസാനം?എന്നാണിനിയൊരു സമധാനം? ഞാന്‍ ഏറ്റെടുത്ത ഈ ചെറിയ ദൗത്യത്തെ നിങ്ങള്‍ പര്‍വ്വതീകരിക്കുമ്പോള്‍ എനിക്ക് ചിലപ്പോഴൊക്കെ ലജ്ജയും തോന്നുന്നുണ്ട്. ഈ കാലം എല്ലാവര്‍ക്കും പുതിയ വേറിട്ട അനുഭവം തന്നെയല്ലേ. അപ്രതീക്ഷിതമായി കടന്നു വന്ന ഒരു കുഞ്ഞ് വൈറസ്, അസാമാന്യനായ മനുഷ്യബുദ്ധിയുടെ അതിരുകള്‍ നിര്‍ണ്ണയിക്കുമ്പോള്‍ അമ്മ പറഞ്ഞു കേട്ടിട്ടുള്ള യുദ്ധകാല പഞ്ഞക്കഥകള്‍ ഓര്‍മ്മ വരുന്നു ഞങ്ങള്‍ കേരളത്തിലെത്തും കുട്ടികള്‍ അമ്മത്തണലില്‍ കൂടണയും പക്ഷേ ഞാന്‍ എഴുതുന്ന ഈ ചെറു കുറിപ്പുകള്‍ വായിക്കാനുള്ള ഒരവസ്ഥയിലാവുമോ നമ്മള്‍ ഉണ്ടാവുക? എങ്ങനെയായിരിക്കും നമ്മളീ കോവിഡ് കാലത്തെ അടയാളപ്പെടുത്തുക?
വരും തലമുറക്ക് പറഞ്ഞ് കൊടുക്കുക?
ഓരോരുത്തരുടെയും അനുഭവ പാഠങ്ങള്‍ വ്യത്യസ്തമാണല്ലോ. എന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്ന പോലെ . വണ്ടിയിലിരുന്നു ഞാന്‍കുറിച്ചു. ഇത്രയും ദിവസം യാത്ര ചെയ്ത പോലെയല്ല ഇനിയുള്ള മണിക്കൂറുകള്‍ എന്നു മനസ്സിലായി. അമ്മ മടിത്തട്ടിലണയാന്‍ കുതിക്കുന്ന വാഹനങ്ങളുടെ തിരക്ക്, കേരളാം ബക്ക് ഭക്ഷണവുമായി വരുന്ന കൂറ്റന്‍ ട്രക്കുകളുടെ നീണ്ട നിര. ഇഴഞ്ഞും നിരങ്ങിയും ഞങ്ങളുടെ ബസ്സും. ഇടയില്‍ വണ്ടി തമിഴ്‌നാട്ടിലൂടെ സേലം ഈറോഡ് വഴി സഞ്ചരിക്കയാണ്. ഡ്രൈവര്‍മാര്‍ ആലപ്പുഴക്കാരായതിനാല്‍ ബസ്സില്‍ കുത്തിയോട്ടപ്പാട്ടിന്റെ ചടുല താളങ്ങള്‍. കൂട്ടത്തില്‍ ഏറ്റവും കുസൃതിയായ ആദികേശ് എന്ന മിടുക്കന്‍(ന്യൂ ജനറേഷന്‍ പിള്ളേര്‍ )ടീച്ചറേ ഇതൊന്നു മാറ്റുമോ ബ്ലൂടൂത്തില്‍ ഞങ്ങളൊരു പാട്ടിട്ടോട്ടെ. ആദിയെ കണ്ണടയുടെ ഇടയിലൂടെ തറപ്പിച്ചു നോക്കിയെങ്കിലും അവന്റെ കുറുമ്പു നിറഞ്ഞ മുഖവും ഭാവവും എന്നിലെ കര്‍ക്കശക്കാരിയെ സ്‌നേഹമസൃണയാക്കി.
കുടുക്കു പൊട്ടിയ കുപ്പായം എന്ന അവരുടെ ഫേവറയിറ്റ് പാട്ട് സോഷ്യല്‍ ഡിസ്റ്റന്‍സിങ് നിലനിര്‍ത്തിക്കൊണ്ടുള്ള ചെറിയ തുള്ളിക്കളിയായി മാറി. കഷ്ടം കൊറോണ എന്ന ഭീകരന്‍ അവരെ ഒട്ടും അസ്വസ്ഥരാക്കുന്നില്ലല്ലോ. വണ്ടി കൈകാണിച്ചു നിര്‍ത്തി ചില പോലീസുകാര്‍
ബന്ദികളാക്കിയ ഭീകരരെ പോലെ മുഖാവരണമണിഞ്ഞ ഞങ്ങളെ വരിവരിയായി മഹാപരാധം ചെയ്ത കുറ്റവാളികളെപ്പോലെ അകലം പാലിച്ച് നിറുത്തി. നമുക്കറിയാത്ത ഭാഷയില്‍ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ തെര്‍മല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധിക്കുന്നതു കണ്ടപ്പോള്‍ പഴയ ഹിന്ദി സിനിമയില്‍ മുഖം മൂടിയണിഞ്ഞ കൊള്ളക്കാരനു നേരെ തോക്കു ചൂണ്ടി നില്‍ക്കുന്ന അമിതാഭ് ബച്ചനെ ഓര്‍മ്മ വന്നു. അങ്ങിനെ ഞങ്ങള്‍ വാളയാര്‍ ചെക്ക് പോസ്റ്റിലെത്തി. ഇ പാസ് ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ക്ക് വാളയാറില്‍ അധിക സമയം തങ്ങേണ്ടി വന്നില്ല. കേരളത്തിലെത്തിയപ്പോള്‍ മനസ്സ് ബസ്സിനേക്കാള്‍ വേഗതയില്‍ ഓടാന്‍ തുടങ്ങി. നെടുമ്പാശേരിയില്‍ അനുജനും മക്കളും നേന്ത്രപ്പഴവും മറ്റു പലഹാരങ്ങളുമായി എത്തി. നാട്ടിലെത്തി ഉറ്റവരെ കണ്ടപ്പോഴാണ് ശരിക്കും നമ്മള്‍ നാട്ടിലെത്തി എന്ന് വിശ്വാസം വന്നത്.
ആലപ്പുഴ നവോദയയില്‍ എത്തിയതറിഞ്ഞില്ല. മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു. യാത്രയിലുടനീളം സുഖവിവരങ്ങള്‍ അന്വേഷിച്ച് പ്രാര്‍ത്ഥനകളോടെ ഞങ്ങളോടൊപ്പം യാത്ര ചെയ്ത പ്രിയപ്പെട്ട പ്രിന്‍സിപ്പാള്‍ വിക്രമന്‍ നായര്‍ സാറും വി.പി. മാഡവും നിറഞ്ഞ ചിരിയുമായി നില്‍ക്കുന്നു. ഒരു പാടു നാളുകള്‍ക്കു ശേഷം വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ മക്കളെ കാണുമ്പോള്‍ അച്ഛനമ്മമാര്‍ക്കുണ്ടാകുന്ന സന്തോഷമാണ് ആ മുഖങ്ങളില്‍ വായിക്കാനായത്. തികച്ചും വ്യത്യസ്തമായ ഒരു നവോദയാനുഭവം.
പിറ്റേന്ന് കുട്ടികളെ രക്ഷിതാക്കളുടെ സുരക്ഷിത കരങ്ങളില്‍ ഏല്‍പിച്ച് ഞാന്‍ ഭര്‍ത്താവും മകളുമൊരുമിച്ച് വീട്ടിലേക്ക്. നമുക്ക് പരിചയമില്ലാത്ത കോറന്റയിന്‍ എന്ന മറ്റൊരു പ്രതിഭാസത്തിലേക്ക്. 14 വര്‍ഷം വനവാസം എന്നു കേട്ടിട്ടുണ്ട്. 14 ദിവസം ഗ്യഹവാസം ഇതാ ഇത് മറ്റൊരു നിയോഗം.
7 ദിവസത്തെ നീണ്ട ഭാരത യാത്രക്കൊടുവില്‍ 14 ദിവസത്തെ ഏകാന്തവാസം തികച്ചും അനിവാര്യം തന്നെ. എല്ലാവര്‍ക്കും ഒപ്പമില്ലെങ്കിലും മനസ്സുകൊണ്ട് ഒപ്പം യാത്ര ചെയ്ത പ്രിയ മിത്രങ്ങള്‍ക്ക് അലഹബാദിലൂടെ യാത്ര ചെയ്തപ്പോള്‍ ഒരു ഫോണ്‍ കോളില്‍ ഒദ്യോഗിക തിരക്കുകള്‍ മാറ്റി വച്ച് എന്നെക്കാണാന്‍ ഓടിയെത്തിയ മേജര്‍ അജിത് ,എന്റെ പ്രിയശിഷ്യന്‍ ഇടക്കിടെ എവിടെയെത്തി യെന്നറിയാന്‍ വേവലാതിപ്പെട്ട് വിളിക്കുന്ന എന്റെ ശോഭ (സോപ്പ്) നീയെവിടെത്തി? എവിടെത്തി? എന്ന് മെസേജുകള്‍ അയക്കുന്ന കല, സ്മിത ടീച്ചര്‍ അങ്ങനെ നിരവധി അനവധി സുഹൃത്തുക്കളും ബന്ധുക്കളും തിരിച്ചെത്തിയാല്‍ സ്വീകരണം നല്‍കാന്‍ കാത്തു നില്‍ക്കുന്ന നവാസും വേലുവും
ഒരമ്മയുടെ വാത്സല്യത്തോടെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അനില എനിക്ക് ഇ.പാസ് ഉണ്ടോ എന്ന് വേവലാതിപ്പെടുന്ന നവാസും ജയചന്ദ്രനും വേലുവും മഹാദേവനും എനിക്ക് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്ന പേരെടുത്തു പറയാത്ത മറ്റെല്ലാവരും
യാത്രയിലുടനീളമുണ്ടായ പ്രതിബന്ധങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്നു നന്ദി എല്ലാവര്‍ക്കും. ഞങ്ങളുടെ കഴിവില്‍ വിശ്വസിച്ച് 19 കുട്ടികളുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏല്‍പിച്ച് ലോക്ഡൗണ്‍ കാലത്ത് ഇത്തരമൊരു സാഹസിക യാത്ര യാഥാര്‍ത്ഥ്യമാക്കിയ നവോദയ സമിതി അധികാരികള്‍ക്കും നന്ദി.
അവര്‍ ഞങ്ങളില്‍ അര്‍പിച്ച വിശ്വാസം ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ജീവിതകാലമത്രയും നിസ്സീമമായ സമസ്യകളിലൂടെ യാത്ര ചെയ്യുന്ന നവോദയ അദ്ധ്യാപകന്‍ ഒരു കൊറോണ വൈറസ്സിന്റെ മുന്നിലും പകച്ചു നില്‍ക്കില്ല എന്ന് അവര്‍ക്ക് അറിവുള്ളതാണല്ലോ നന്ദി വേണ്ടതെല്ലാം ഒരുക്കിത്തന്നതിന്, ഞങ്ങളെ നാട്ടിലെത്തിച്ചതിന്, കോവിഡ് കാല ദൗത്യത്തില്‍ ഭാഗമാക്കിയതിന്, യാത്രയിലുടനീളം നിര്‍ദ്ദേശങ്ങളും ഉത്ക്കണ്ഠകളും ആശ്വാസവാക്കുകളുമായി ഒപ്പമുണ്ടായതിന്, സാന്ത്വനവും കരുത്തും പകര്‍ന്നു തന്നതിന്.
ഈ യാത്രക്കുറിപ്പ് എഴുതിക്കഴിയുമ്പോള്‍ എന്റെ കോറന്റയിന്‍ കാലവും അവസാനിച്ചു. കുട്ടികളും ഞങ്ങളും കൊറോണ എന്ന ഭീകരന്റെ വലയില്‍ അകപ്പെട്ടില്ല എന്നതും ഏറെ സന്തോഷം നല്‍കുന്നു. നന്ദി ഏവരുടെയും പ്രാര്‍ത്ഥനകള്‍ക്കും കരുതലുകള്‍ക്കും. ഈ കാലവും നമ്മള്‍ അതിജീവിക്കും. ഇതൊരു ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മ്മയായി ഇടക്കിടെ നമ്മെ തലോടും. അങ്ങനെയാവട്ടെ….
ലോകാ സമസ്താ സുഖിനോ ഭവന്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക