ബീഹാറിൽ അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചു
national news
ബീഹാറിൽ അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th December 2024, 4:50 pm

പാട്ന: ബീഹാറിൽ അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ചതായി പരാതി. ബീഹാറിലെ കതിഹാർ ജില്ലയിൽ പുതുതായി നിയമിതനായ 30 വയസുള്ള സർക്കാർ സ്‌കൂൾ അധ്യാപകൻ അവ്‌നിഷ് കുമാറാണ് നിർബന്ധിത വിവാഹമായ പകഡുവ വിവാഹത്തിനിരയായത്.

ബീഹാറിൽ പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിക്കുന്നതാണ് പകഡുവ വിവാഹം .

ഡിസംബർ 13 വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന അവ്‌നിഷിൻറെ മുന്നിലേക്ക് ഒരു എസ്‌.യു.വിയുടെ വാഹനം നിർത്തുകയും വാഹനത്തിൽ നിന്നും ആയുധധാരികളായ രണ്ട് പേർ ഇറങ്ങി അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയെന്നും റിപ്പോർട്ടുകൾ പറയുന്നു.

അടുത്തുള്ള ക്ഷേത്രത്തിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയ അദ്ദേഹത്തെ ലഖിസരായ് ജില്ലയിൽ നിന്നുള്ള 25 കാരിയായ ഗുഞ്ചൻ എന്ന യുവതിയുമായി വിവാഹ ചടങ്ങുകൾ നടത്താൻ നിർബന്ധിച്ചു. തോക്കിൻ മുനയിൽ നിർത്തിയായിരുന്നു ഭീഷണി.

താനും അവ്‌നിഷും ഏകദേശം നാല് വർഷമായി പ്രണയത്തിലായിരുന്നെന്ന് ഗുഞ്ചൻ അവകാശപ്പെട്ടു. തങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ടായിരുന്നെന്നും അവർ പറഞ്ഞു. അവ്നിഷ് തന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചിരുന്നെന്നും എന്നാൽ സർക്കാർ ജോലി ലഭിച്ചതിന് ശേഷം പിന്മാറിയെന്നും ഇതിനാലാണ് തന്റെ കുടുംബം ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങിയതെന്നും അവർ പറഞ്ഞു.

തട്ടിക്കൊണ്ടുപോകലിനും നിർബന്ധിത വിവാഹത്തിനും ശേഷം, ഗുഞ്ചനെ അവളുടെ വീട്ടുകാർ ബെഗുസരായ് ജില്ലയിലെ അവ്‌നിഷിൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ, അവ്നിഷിൻ്റെ വീട്ടുകാർ അവളെ മരുമകളായി അംഗീകരിക്കാൻ തയ്യാറായില്ല.

തന്നെ തട്ടിക്കൊണ്ടുപോയതും നിർബന്ധിത വിവാഹം ചെയ്തതും വിശദീകരിച്ച് അവ്നിഷ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തൻ്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗുഞ്ചനെ വിവാഹം ചെയ്യാനായി അവളുടെ ബന്ധുക്കൾ തന്നെ ചാട്ടവാർ കൊണ്ട് അടിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും അവ്നിഷ് പരാതിയിൽ പറഞ്ഞു.

Content Highlight : Teacher abducted, forced to marry woman at gunpoint in Bihar