രാധിക വെമുല 2019 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം; 'മനുസ്മൃതി ഇറാനി'യെ പാഠം പഠിപ്പിക്കണമെന്നും ജിഗ്നേഷ് മെവാനി
Rohit Vemula
രാധിക വെമുല 2019 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം; 'മനുസ്മൃതി ഇറാനി'യെ പാഠം പഠിപ്പിക്കണമെന്നും ജിഗ്നേഷ് മെവാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th January 2018, 11:38 am

ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രോഹിത് വെമുലയുടെ മാതാവും എഴുത്തുകാരിയുമായ രാധിക വെമുല മത്സരിക്കണമെന്ന് ഗുജറാത്തിലെ ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മെവാനി. മനുസ്മൃതി ഇറാനിയെ ഒരു പാഠം പഠിപ്പിക്കാന്‍ അത് അത്യാവശ്യമാണെന്നന്നായിരുന്നു ജിഗ്നേഷിന്റെ ട്വീറ്റ്.

രോഹിത് വെമുലയുടെ രണ്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പരിപാടിയില്‍ രാധിക വെമുലയുമായി ജിഗ്നേഷ് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജിഗ്നേഷിന്റെ ട്വീറ്റ്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ രാധിക വെമുലയ്‌ക്കൊപ്പം തെരഞ്ഞെടുപ്പു പ്രചരണം നയിക്കുമെന്നും ബി.ജെ.പി സംഘപരിവാര്‍ രാഷ്ട്രീയത്തെ ഈ മണ്ണില്‍ നിന്നും ഏത് വിധേനയും തൂത്തെറിയുമെന്നും ജിഗ്നേഷ് പറഞ്ഞിരുന്നു.

രാജ്യത്തെ ദളിതുകള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ മോദി വലിയ വില നല്‍കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ജിഗ്നേഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയും രൂക്ഷപരാമര്‍ശവുമായി ജിഗ്നേഷ് രംഗത്തെത്തിയത്. രാജ്യത്തിന്റെ ഓരോ കോണിലും ദളിത് മൂവ്‌മെന്റിന് തുടക്കം കുറിക്കണമെന്നും ജിഗ്നേഷ് ആവശ്യപ്പെട്ടിരുന്നു.

സ്മൃതി ഇറാനി വിദ്യഭ്യാസ മന്ത്രിയായിരിക്കേയാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്യുന്നത്.

യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അപ്പ റാവുവിന്റെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും പീഡനം സഹിക്കാനാവാതെയാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത് എന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

തന്റെ മകനെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജാതിയുടെ പേരില്‍ പീഡിപ്പിച്ചതായി രാധിക വെമുലയും പറഞ്ഞിരുന്നു. എന്നാല്‍ മകന്റെ മരണം രാഷ്ട്രീയവത്ക്കരിക്കുകയാണ് അവര്‍ എന്നായിരുന്നു സ്മൃതി ഇറാനി അന്ന് മറുപടി നല്‍കിയത്. ഇതിന് എതിരെയും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.