ഇസ്‌ലാമാബാദ്: ഇന്ത്യയെ പാഠം പഠിപ്പിക്കാന്‍ കാശ്മീരിലേക്ക് സൈന്യത്തെ അയയ്ക്കണമെന്ന് ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് സഈദ് പാക്ക് സൈനിക മേധാവിയോട് ആവശ്യപ്പെട്ടു.
കാശ്മീരില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കൂടിയായ ഹാഫിസ് സഈദിന്റെ നിര്‍ദേശം. ലാഹോറില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹഫിസ് സഈദ്.
സൈന്യത്തെ കാശ്മീരിലേക്ക് അയക്കാന്‍ പാക്കിസ്ഥാന്‍ സൈനിക മേധാവി റഹീല്‍ ഷരീഫിനോട് ഹാഫിസ് സഈദ് ആവശ്യപ്പെട്ടുവെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
“ഇത്തവണ കാശ്മീരിലെ ജനങ്ങള്‍ തെരുവിലാണ്. ഈ പ്രതിഷേധം വലിയൊരു സമരമായി മാറുകയാണ്. കാശ്മീരിലെ എല്ലാ സംഘടനകളും ഒറ്റക്കെട്ടാണ്. ഹുറിയത്തിന്റെ എല്ലാ ഘടകങ്ങളും ഒരുമിച്ചു നില്‍ക്കുകയാണ്. കാശ്മീരില്‍ മരിച്ചുവീണവരുടെ ജീവത്യാഗം വെറുതെയാകില്ല” ചൊവ്വാഴ്ച ലാഹോറില്‍ നടന്ന യോഗത്തില്‍ സയീദ് പറഞ്ഞു.
ജൂലൈ ഒന്‍പതിന് സൈനിക നടപടിക്കിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കാശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അറുപതിലധികം പേര്‍ക്കാണ് ഇതുവരെ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടമായത്.