ന്യൂദൽഹി: നോർത്ത് ഇന്ത്യൻ ബിസിനസ് കേന്ദ്രങ്ങളുമായി മികച്ച രീതിയിൽ ഇടപഴകാൻ തമിഴ് എഞ്ചിനീയർമാർ ഹിന്ദി പഠിക്കണമെന്ന സോഹോ കോർപ്പ് സ്ഥാപകൻ ശ്രീധർ വെമ്പുവിന്റെ നിർദേശത്തിന് വിമർശനവുമായി ഡി.എം.കെ.
വെമ്പുവിന്റെ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ, തമിഴ് വിദ്യാർത്ഥികളെയല്ല വെമ്പുവിന്റെ സ്റ്റാഫുകളെ ഹിന്ദി പഠിപ്പിക്കാൻ നിർദേശിച്ചു.
‘നിങ്ങളുടെ ബിസിനസ്സിന് ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ ജീവനക്കാരെ ഹിന്ദി പഠിപ്പിക്കുക. നിങ്ങളുടെ ബിസിനസ്സിന് ഹിന്ദി ആവശ്യമുണ്ടെന്ന് കരുതി തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ എന്തിനാണ് ഹിന്ദി പഠിക്കേണ്ടത്?’ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്റെ പേരിൽ തമിഴ്‌നാട് സർക്കാരും കേന്ദ്രവും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെയാണ് ഹിന്ദി പഠിക്കണമെന്ന നിർദേശം ശ്രീധർ വെമ്പു സമൂഹ മാധ്യമത്തിലൂടെ മുന്നോട്ട് വെച്ചത്.
സഹോയുടെ സ്ഥാപനത്തിലെ തമിഴ്‌നാട്ടിലെ ഗ്രാമീണമേഖലകളിൽ നിന്നുള്ള എൻജിനീയർമാർക്ക് ഹിന്ദി അറിയില്ലെന്നത് പരിമിതിയാണെന്ന് അദ്ദേഹം പറഞ്ഞു. ദൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള കക്ഷികളുമായി ഇടപാടുനടത്തുന്നതിന് ഇത് തടസമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ബിസിനസിന് ആവശ്യമാണെങ്കിൽ നിങ്ങളുടെ സ്റ്റാഫിനെ ഹിന്ദി പഠിപ്പിക്കു. എന്തിനാണ് തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ ഹിന്ദി പഠിക്കേണ്ടത്, കാരണം നിങ്ങളുടെ ബിസിനെസ്സിന് അത് ആവശ്യമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഹിന്ദി വായിക്കാൻ പഠിച്ചു, ഇപ്പോൾ സംസാരിക്കുന്നതിന്റെ 20% എനിക്ക് മനസ്സിലാകുന്നു. രാഷ്ട്രീയം അവഗണിക്കുക, നമുക്ക് ഭാഷ പഠിക്കാം,’ അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിലെ (എൻ.ഇ.പി) ത്രിഭാഷാ ഫോർമുലയിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഡി.എം.കെ ആരോപിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് ഭാഷാ തർക്കം രൂക്ഷമായത്. എന്നാൽ കേന്ദ്ര സർക്കാർ ഈ ആരോപണം നിഷേധിച്ചു. അടുത്തിടെ, തമിഴ് അനുകൂല പ്രവർത്തകർ പൊള്ളാച്ചി ജങ്ഷനിലും പാളയൻകോട്ടയിലും റെയിൽവേ സൈൻബോർഡുകളുടെ ഹിന്ദി ഭാഗങ്ങൾ കറുപ്പിച്ച് പ്രതിഷേധിച്ചിരുന്നു. ഇത് റെയിൽവേ നിയമപ്രകാരം ആറ് ഡി.എം.കെ പ്രവർത്തകർക്കെതിരെ നിയമനടപടി എടുക്കുന്നതിന് കാരണമായിരുന്നു.
Content Highlight: Teach Hindi to your staff, not our students’: DMK fires back at Zoho’s Sridhar Vembu over language remark